ജഡ്ജിയുടെ മൊഴി എപിപിയുടെ മരണത്തില്‍ നിര്‍ണായകം; ആത്മഹത്യാ പ്രേരണക്കുറ്റം വന്നാല്‍ കേസ് കടുക്കും; നിയമവൃത്തങ്ങളില്‍ ആകാംക്ഷ
കൊല്ലം: അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് മൊഴിയെടുപ്പ് തുടരുന്നു. അനീഷ്യയുടെ മകളുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഭര്‍ത്താവ് മാവേലിക്കര സെഷൻസ് കോടതി ജഡ്ജി കെ.എൻ.അജിത് കുമാറിന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായിട്ടില്ല. ഈ മൊഴി കേസില്‍ ഏറെ നിര്‍ണായകമാണ്.
സഹപ്രവര്‍ത്തകരുടെ മാനസിക പീഡനങ്ങളെക്കുറിച്ച് ഭര്‍ത്താവിന് അറിയാമായിരുന്നു. ജില്ലാ ജഡ്ജിയായതിനാല്‍ ഇടപെടാന്‍ കഴിഞ്ഞില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ അനീഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ മൊഴിയെടുപ്പ് കൂടി പൂര്‍ത്തിയായായാല്‍ ക്രൈംബ്രാഞ്ച് തുടര്‍ നടപടികളിലേക്ക് നീങ്ങും. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
ഇന്നലെ അനീഷ്യയുടെ അമ്മ, സഹോദരന്‍, ബന്ധുക്കള്‍ എന്നിവരുടെ മൊഴികള്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. അനീഷ്യക്ക് തൊഴിലിടത്തില്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്ന് കുടുംബം മൊഴി നല്‍കിയിട്ടുണ്ട്.
“അനീഷ്യയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാല്‍ ആരോപണവിധേയരായ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിഡിപി), അസിസ്റ്റന്റ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ (എപിപി) എന്നിവരുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കും. ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പുമെല്ലാം പോലീസിന്റെ കൈവശമുണ്ട്”- കൊല്ലം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബോറിസ് പോള്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
ഒരു കേസിലുമില്ലാത്ത പ്രശ്നങ്ങള്‍ അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ടെന്ന് നിയമവൃത്തങ്ങള്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ജീവനൊടുക്കിയത് എപിപിയാണ്. അവരുടെ ഭര്‍ത്താവ് ജില്ലാ ജഡ്ജിയും. കേസില്‍ പ്രതി സ്ഥാനത്ത് ഡിഡിപിയും എപിപിയുമാണ്. അവര്‍ക്ക് പോലീസില്‍ ചെറുതല്ലാത്ത സ്വാധീനവുമുണ്ട്. ഈ കേസിലെ ക്രൈംബ്രാഞ്ച് നീക്കങ്ങള്‍ ശ്രദ്ധിക്കപ്പെടുമെന്നും അവര്‍ വ്യക്തമാക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here