എപിപിയുടെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ചിനെതിരെ നീങ്ങുന്ന എപിപി അസോസിയേഷന് മനംമാറ്റം; ചൊവാഴ്ചത്തെ കോടതി ബഹിഷ്ക്കരണം പിന്‍വലിച്ചു; നടപടി ചര്‍ച്ചയെ തുടര്‍ന്ന്

തിരുവനന്തപുരം: കൊല്ലം പരവൂര്‍ കോടതിയില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യയുടെ മരണത്തില്‍ ക്രൈംബ്രാഞ്ചിനെതിരെ നീങ്ങുന്ന കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ ഇന്ന് നടത്താനിരുന്ന കോടതി ബഹിഷ്ക്കരണ നടപടി പിന്‍വലിച്ചു.

അഡീഷണൽ ചീഫ് സെക്രട്ടറി, എഡിജിപി (ക്രൈം) എന്നിവരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പ്രതിഷേധത്തില്‍ നിന്നും പിന്‍വാങ്ങിയത്. സത്യസന്ധമായും നീതിയുക്തമായും അന്വേഷിക്കാമെന്നുള്ള ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അസോസിയേഷന്‍ നടപടി.

അനീഷ്യയുടെ മരണം അട്ടിമറിക്കുന്നതായി ആരോപിച്ച് അനീഷ്യ ഐക്യദാര്‍ഢ്യ സമിതി ഇന്നലെ രംഗത്ത് വന്നിരുന്നു. ഇന്നലെയും ഇന്നുമായി തുടര്‍ വാര്‍ത്തകള്‍ മാധ്യമ സിന്‍ഡിക്കറ്റ് നല്‍കിയിരുന്നു. ആത്മഹത്യയില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട എപിപിയേയും ഡിഡിപിയെയും രക്ഷിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നതായാണ് സമിതിയെ നയിക്കുന്ന പി.ഇ.ഉഷയും മോഹൻ ഗോപാലും വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചത്.

“കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എപിപി ശ്യാം കൃഷ്ണയുടെ വീട്ടില്‍ ക്രൈം ബ്രാഞ്ച് സംഘം ഇന്നലെ പരിശോധനക്ക് എത്തിയപ്പോള്‍ ക്രൈംബ്രാഞ്ച് സംഘത്തെ തിരിച്ചയക്കാന്‍ ഡിജിപി (പ്രോസിക്യൂഷന്‍) ഇടപെട്ടു. ക്രൈംബ്രാഞ്ച് സംഘത്തെ തിരിച്ചയച്ചു. കോടതിയില്‍ നിന്ന് സെര്‍ച്ച് വാറണ്ട് വാങ്ങിയെത്തിയ ക്രൈം ബ്രാഞ്ച് സംഘമാണ് റെയ്ഡ് നടത്താന്‍ കഴിയാതെ തിരികെ പോയത്. എപിപിമാരുടെ ഔദ്യോഗിക വാട്‌സാപ് ഗ്രൂപ്പില്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി തന്നെയാണ് ഡിജിപിയുടെ ഇടപെടൽ നടന്നു എന്ന് തുറന്നു പറഞ്ഞത്.” വിശദമായ വാര്‍ത്താക്കുറിപ്പാണ് അനീഷ്യ ഐക്യാര്‍ഢ്യ സമിതി പുറത്തിറക്കിയത്.

അനീഷ്യയുടെ ആത്മഹത്യയില്‍ നടക്കുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണെന്ന് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പി. പ്രേംനാഥ് മാധ്യമ സിന്‍ഡിക്കറ്റിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഇതെല്ലാം വലിയ ചലനങ്ങളാണ് കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷനില്‍ സൃഷ്ടിച്ചത്.

കഴിഞ്ഞ ജനുവരി 21 നാണ് പരവൂര്‍ കോടതിയിലെ എപിപിആയിരുന്ന എസ്.അനീഷ്യയെ വീട്ടിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. തൊഴിലിടത്തില്‍ അനുഭവിച്ച പീഡനങ്ങള്‍ സംബന്ധിച്ച് അഞ്ച് ശബ്ദ സന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്കും, മറ്റുള്ളവര്‍ക്കും ഇവര്‍ അയച്ചു കൊടുത്തിരുന്നു. കൂടാതെ 19 പേജുള്ള ആത്മഹത്യാ കുറിപ്പും തയ്യാറാക്കിയിരുന്നു. സഹപ്രവര്‍ത്തകനായ എപിപി. ശ്യാം കൃഷ്ണ, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് അബ്ദുള്‍ ജലീല്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് അനീഷ്യ തന്റെ ശബ്ദ സന്ദേശത്തില്‍ ഇവരുടെ പങ്ക് വ്യക്തമാക്കിയിരുന്നത്. കേസില്‍ പ്രതികളായതിന് പുറമേ ഇവര്‍ സസ്പെന്‍ഷനില്‍ തുടരുകയാണ്.

കേസ് ക്രൈംബ്രാഞ്ച് അന്വേഷണവും തുടരുന്നു. സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അനീഷ്യയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top