എപിപി അനീഷ്യ കേസന്വേഷണം അട്ടിമറിക്കുന്നു; പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയവര്‍ക്ക് കടുത്ത സമ്മര്‍ദ്ദം; ക്രൈംബ്രാഞ്ച് റെയ്ഡില്‍ ഡിജിപി ഇടപെട്ടെങ്കില്‍ തെറ്റ്; വിമര്‍ശനവുമായി മുന്‍ ഡിഡിപി പി.പ്രേംനാഥ്

തിരുവനന്തപുരം : കൊല്ലം പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.അനീഷ്യയുടെ ആത്മഹത്യയില്‍ നടക്കുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണെന്ന് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പി. പ്രേംനാഥ്. കടുത്ത മാനസിക പീഡനത്തിന് ഇരയായ സഹപ്രവര്‍ത്തകക്കൊപ്പമല്ല വേട്ടയാടല്‍ നടത്തിയവര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ അഭിഭാഷക സംഘടന നില്‍ക്കുന്നത്. എപിപിമാരുടെ സംഘടനയായ കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് അസോസിയേഷന്‍(KAPPA) ഈ കേസ് അട്ടിമറിക്കാന്‍ സംഘടിതമായ ശ്രമം നടത്തുകയാണെന്നും പ്രേംനാഥ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. കേസില്‍ ക്രൈംബ്രാഞ്ച് പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തിയതിന്റെ പേരില്‍ എപിപിമാരുടെ സംഘടന നാളെ കോടതി ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുകയാണ് ഇതിനെതിരെയാണ് പ്രേംനാഥിന്റെ വിമര്‍ശനം.
അനുഭവിച്ചിരുന്ന സമ്മര്‍ദ്ദവും സഹപ്രവര്‍ത്തകരുടെ മോശം പെരുമാറ്റവും അനീഷ്യ പലതവണ അറിയിച്ചിട്ടുണ്ട്. പല സന്ദേശങ്ങളും ഇക്കാര്യം വ്യക്തമാക്കി അയച്ചിരുന്നു. ഇതെല്ലാം അന്വേഷണ സംഘത്തെ അറിയിക്കുകയും തെളിവുകള്‍ കൈമാറുകയും ചെയ്തു. ഇതോടെ കടുത്ത ആക്രമണമാണ് നേരിടേണ്ടി വന്നത്. എപിപിമാരുടെ വാട്‌സപ്പ് ഗ്രൂപ്പുകളില്‍ വളരെ മോശമായി പലരും പ്രതികരിച്ചു. മൊഴിമാറ്റാന്‍ വലിയ സമ്മര്‍ദ്ദവും നേരിട്ടു. ഇത് തന്റെ മാത്രം അനുഭവമല്ല. അനീഷ്യയ്ക്കായി നിലകൊണ്ട എല്ലാ അഭിഭാഷകരും ഇത് തന്നെയാണ് നേരിട്ടുന്നത്. പ്രതികള്‍ക്കനുകൂലമായി മൊഴിമാറ്റാന്‍ ചില സംഘടനാ ഭാരവാഹികള്‍ തന്നെ ഭീഷണിപ്പെടുത്തുകയാണ്. ഇത് മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പ്രേംനാഥ് പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പ്രതിസ്ഥാനത്തുള്ള എപിപി ശ്യാം കൃഷ്ണ, ഡിപിപി അബ്ദുല്‍ ജലീല്‍ എന്നിവരുടെ വീട്ടില്‍ നടന്ന ക്രൈംബ്രാഞ്ച് പരിശോധന തടഞ്ഞെന്ന് എപിപിമാരുടെ സംഘടന ഭാരവാഹിയുടെ അവകാശവാദം ഗുരുതരമാണ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഇടപെട്ട് പരിശോധന തടഞ്ഞുവെന്നാണ് പറയുന്നത്. കോടതിയുടെ സെര്‍ച്ച് വാറണ്ട് വാങ്ങിയെത്തിയ അന്വേഷണസംഘത്തെ ഡിജിപി തടയാന്‍ ഇടപെട്ടെങ്കില്‍ അത് ഗുരുതരമായ തെറ്റാണ്. അനീഷ്യ പലപ്പോഴായി ആരോപിച്ച പല കേസുകളിലെ അട്ടിമറി സംബന്ധിച്ചുള്ള രേഖകള്‍ കാണാനില്ല. ഇത് കണ്ടെത്താനാണ് പരിശോധന നടത്തിയത്. ഇത് തടസ്സപ്പെടുത്തിയെങ്കില്‍ ഒളിക്കാന്‍ എന്തൊക്കെയോ ഉള്ളതുകൊണ്ടാണെന്നും പ്രേംനാഥ് ആരോപിച്ചു.

ഡിപിപിയായും അസോസിയേഷന്‍ മുന്‍സംസ്ഥാന സെക്രട്ടറിയുമായ താന്‍ ഇത്രയും സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെങ്കില്‍ മറ്റുള്ളവര്‍ അനുഭവിക്കുന്നത് എത്രയെന്ന് മനസിലാകും. കോടതികളില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നവരാണ് സര്‍ക്കാരിനെതിരെ ഇലക്ഷന്‍ സമയത്ത് സമരം ചെയ്യുന്നത്. ഇത് തെറ്റായ നടപടിയാണെന്നും പ്രേംകുമാര്‍ പറഞ്ഞു. അനീഷ്യയ്ക്ക് നീതി ലഭിക്കണമെന്നാണ് താന്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നത്. അനീഷ്യ പലപ്പോഴായി അയച്ച സന്ദേശങ്ങളടക്കം എല്ലാം വിവരങ്ങളും ക്രൈംബ്രാഞ്ചിന് നല്‍കിയിട്ടുണ്ടെന്നും പ്രേംകുമാര്‍ പറഞ്ഞു.
ക്രൈബ്രാഞ്ച് പരിശോധനയില്‍ പ്രതിഷേധിച്ച് നാളെ ജോലിയില്‍ നിന്ന് വിട്ട് നിന്ന് പ്രതിഷേധിക്കുമെന്നാണ് കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെതിരെ അനീഷ്യ ഐക്യദാര്‍ഢ്യ സമിതിയും രംഗത്ത് എത്തിയിട്ടുണ്ട്. നാളത്തെ സമരം ആത്മാഭിമാനത്തോടെ തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശത്തിനു നേരെയാണെന്നും ഐക്യദാര്‍ഢ്യ സമിതി കുറ്റപ്പെടുത്തുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here