കവിടി നിരത്തിയപ്പോള്‍ തനിക്കും കണ്ടകശനിയാണെന്ന് തിരിച്ചറിയാന്‍ വൈകിപ്പോയി; ജോത്സ്യനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഹണി ട്രാപ്പില്‍ കുരുക്കി

ശത്രുദോഷം മാറ്റാനായി വീട്ടില്‍ പൂജാദികര്‍മ്മങ്ങള്‍ ചെയ്യാന്‍ വിളിച്ചു വരുത്തിയ ജോത്സ്യനെ തേന്‍ കെണിയില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമം. കേസില്‍ സ്ത്രീയുള്‍പ്പടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. മഞ്ചേരി സ്വദേശി മൈമുന, നല്ലേപ്പിള്ളി സ്വദേശി എസ്.ശ്രീജേഷ് എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച വൈകിട്ട് മൈമുനയും ഒരു യുവാവും ചേര്‍ന്ന് കൊല്ലങ്കോട്ടെ ജ്യോല്‍സ്യന്റെ വീട്ടിലെത്തി പൂജ നടത്താന്‍ ക്ഷണിക്കുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണെന്നും വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പൂജ ചെയ്ത് പരിഹാരം കാണണമെന്നും ആയിരുന്നു ആവശ്യം. അതനുസരിച്ച് ബുധനാഴ്ച രാവിലെ 11 മണിയോടെ കൊഴിഞ്ഞാമ്പാറയിലെത്തിയ ജ്യോല്‍സ്യനെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കല്ലാണ്ടിച്ചുള്ളയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ എന്‍ പ്രതീഷിന്റെ വീട്ടിലേക്കാണ് ജ്യോത്സ്യനെ എത്തിച്ചത്.
പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച ജ്യോല്‍സ്യനെ പ്രകോപനമില്ലാതെ അസഭ്യം പറഞ്ഞ് പ്രതീഷ് മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും മര്‍ദ്ദിച്ച് വിവസ്ത്രനാക്കുകയും ചെയ്തു. ഇതിനിടയില്‍ നഗ്‌നയായി മുറിയിലെത്തിയ മൈമൂനയെ ജ്യോത്സ്യനൊപ്പം നിര്‍ത്തി ഫോട്ടോയും വിഡിയോയും ചിത്രീകരിച്ചു. ജ്യോല്‍സ്യന്റെ കഴുത്തിലുണ്ടായിരുന്ന നാലര പവന്‍ വരുന്ന സ്വര്‍ണമാലയും മൊബൈല്‍ ഫോണും 2000 രൂപയും കൈക്കലാക്കി. 20 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ സമൂഹമാധ്യമങ്ങളിലും ബന്ധുക്കള്‍ക്കും നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുക്കും എന്നായിരുന്നു ഭീഷണി.
രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ വീട്ടിലുണ്ടായിരുന്നു എന്നും ഇവര്‍ പുറത്തുപോയ തക്കത്തിന് പിന്നിലെ വാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ജ്യോല്‍സ്യന്‍ പൊലീസിന് മൊഴി നല്‍കി. ഞായറാഴ്ച ചിറ്റൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നടന്ന അടിപിടിയുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ തിരഞ്ഞെത്തിയതായിരുന്നു പൊലീസ്. പെട്ടെന്ന് പൊലീസിനെ കണ്ടതോടെ വീട്ടില്‍ ഉണ്ടായിരുന്നവര്‍ ചിതറിയോടി. പൊലീസും പുറകെ ഓടി രണ്ടു പേരെ പിടികൂടിയെങ്കിലും അവര്‍ തിരഞ്ഞെത്തിയ പ്രതിയെ കിട്ടിയില്ല. എന്നാല്‍ വീടിനകത്ത് നടന്ന സംഭവം അറിയാതെ ചിറ്റൂര്‍ പൊലീസ് തിരികെ പോവുകയും ചെയ്തു. വീട്ടിലുണ്ടായിരുന്നവര്‍ അതിവേഗത്തില്‍ പുറത്തേക്ക് പോകുന്നത് കണ്ട ജ്യോല്‍സ്യനും ഓടിരക്ഷപെട്ടു.
ചിതറി ഓടിയ സ്ത്രീകളില്‍ ഒരാള്‍ മദ്യലഹരിയില്‍ റോഡില്‍ വീണു കിടക്കുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ യുവതി തെറി വിളി തുടങ്ങി.
ഇതോടെ നാട്ടുകാര്‍ കൊഴിഞ്ഞാമ്പാറ പൊലീസിനെ വിളിച്ചുവരുത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലുമാണ് കള്ളി വെളിച്ചത്തായത്. ഈ നേരം കൊണ്ട് വീട്ടിലെത്തിയ ജ്യോല്‍സ്യന്‍ കൊല്ലങ്കോട് സ്റ്റേഷനിലെത്തി പരാതി നല്‍കി. പോലീസിനെ കണ്ട് ഓടിയ പ്രതികളില്‍ ഒരാളുടെ കാലിന് ഗുരുതരമായി പരുക്കേറ്റ് വിളിയോടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
രണ്ട് മാസം മുമ്പ് കത്തോലിക്ക സഭയിലെ ഒരു വൈദികനെ ഹണി ട്രാപ്പില്‍പ്പെടുത്തി 42 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാംഗ്ലൂര്‍ സ്വദേശികളായ നേഹ ഫാത്തിമ (25), ഇവരുടെ സുഹൃത്ത് സാരഥി (29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here