ബ്രസീലിലെ പ്രളയക്കെടുതില്‍ 75 മരണം; നൂറിലധികം പേരെ കാണാനില്ല; 80,000ത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു; പ്രളയക്കെടുതി അതിരൂക്ഷം

റിയോ: ബ്രസീലില്‍ പെയ്ത അപ്രതീക്ഷിത മഴയില്‍ 75 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ബ്രസീലിലെ തെക്കൻ മേഖലയായ റിയോ ഗ്രാൻഡേ ദോ സൂളിലാണ് പ്രളയക്കെടുതി അതിരൂക്ഷമായത്. നൂറിലധികം ആളുകളെ കാണാതായതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്ന് എണ്‍പതിനായിരത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു.

497 നഗര പ്രദേശങ്ങളിലാണ് പ്രളയം ബാധിച്ചത്. പലയിടത്തും റോഡുകളും പാലങ്ങളും തകര്‍ന്നു. ചില സ്ഥലങ്ങളില്‍ വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും നിലച്ചു. പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട ആളുകളെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അരയോളം വെള്ളമുള്ള സ്ഥലങ്ങളില്‍ ജെറ്റ് സ്കീ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുഅണക്കെട്ട് തകർന്നതും പ്രളയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

പ്രളയത്തെ തുടര്‍ന്ന് ഒരു മില്യൺ ആളുകള്‍ ശുദ്ധജല ക്ഷാമം നേരിടുന്നതായി
ബ്രസീലിലെ പ്രതിരോധ സേനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. സാധാരണയിൽ അധികം ചൂടും ഈർപ്പം നിറഞ്ഞ അന്തരീക്ഷവും ശക്തമായ കാറ്റുമാണ് രൂക്ഷമായ മഴയിലേക്ക് എത്തിച്ചതെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍. ബ്രസീൽ പ്രസിഡന്റ് ലുല ഡി സിൽവ ക്യാബിനറ്റ് മെമ്പർമാർക്കൊപ്പം ഞായറാഴ്ച പ്രളയ ബാധിത മേഖലയിൽ സന്ദർശനം നടത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top