ആതിരയെ റീല്‍സ് കാമുകന്‍ കുത്തിയത് ലൈംഗിക ബന്ധത്തിനിടെ; കൊലക്ക് ശേഷം രക്ഷപ്പെട്ടത് ഭര്‍ത്താവിന്റെ ഷര്‍ട്ടിട്ട്

കഠിനകുളത്ത് ആതിരയെ കാമുകനായ ജോണ്‍സണ്‍ കൊന്നത് ആസൂത്രിതമായി. ഭര്‍ത്താവിനേയും മകനേയും ഉപേക്ഷിച്ച് ഒപ്പം ചെല്ലണമെന്ന ജോണ്‍സന്റെ ആവശ്യം ആതിര നിരസിച്ചതോടെയാണ് കൊന്നുകളയാന്‍ തീരുമാനിച്ചതെന്നാണ് മൊഴി. വീട്ടിലെത്തി ലൈംഗിക ബന്ധത്തിനിടയിലാണ് കഴുത്തില്‍ കത്തി കുത്തിയിറക്കിയത്. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചാണ് എത്തിയതെങ്കിലും ഭയന്നു പോയതിനാല്‍ സാധിച്ചില്ല.

രണ്ടു മണിക്കൂര്‍ നേരം വീടിന് സമീപത്ത് ഒളിച്ചിരുന്നാണ് കൊല നടത്തിയത്. കഠിനംകുളം പാടിക്കവിളാകം ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ആതിര. ക്ഷേത്രത്തിന് സമീപം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. രാവിലെ ആറരയോടെയാണ് ജോണ്‍സണ്‍ ഈ വീടിന് സമീപത്ത് എത്തിയത്. 8.30 ഓടെ കുട്ടിയെ ആതിര സ്‌കൂള്‍ ബസില്‍ കയറ്റിവിട്ടിരുന്നു. പിന്നാലെയാണ് ഇയാള്‍ വീട്ടിനുള്ളില്‍ എത്തിയത്. ഈ സമയത്തിനിടയില്‍ ആതിരയും ജോണ്‍സണും പലവട്ടം ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

ജോണ്‍സണ് നല്‍കാനായി ആതിര ചായ ഉണ്ടാക്കാന്‍ അടുക്കളയിലേക്ക് പോയപ്പോഴാണ് കൊല നടത്താനുളള കത്തി കിടപ്പുമുറിയിലെ കട്ടിലില്‍ ഒളിപ്പിച്ചത്. പിന്നീട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ കത്തിയെടുത്ത് കഴുത്തില്‍ കുത്തുകയും ചെയ്തു. മരണം ഉറപ്പിച്ച ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ ഭയന്നു പോയ ജോണ്‍സണ്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തില്‍ രക്തം പുരണ്ടതിനാല്‍ ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ടിട്ടാണ് രക്ഷപ്പെട്ടത്. ഇതിനായി ആതിരയുടെ സ്‌കൂട്ടറും എടുത്തു എന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ജോണ്‍സണ്‍. ഇവിടെ എത്തിയാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.

കൊല്ലം സ്വദേശിയായ ജോണ്‍സണ്‍ ആതിരയെ ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ഇത് അടുപ്പമായി മാറുകയായിരുന്നു. വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണ് ജോണ്‍സണ്‍. ഇപ്പോള്‍ കുടുംബത്തെ ഉപേക്ഷിച്ച് ഒറ്റയ്ക്കായിരുന്നു താമസം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top