രജനികാന്തും സല്‍മാന്‍ ഖാനും മുഖ്യ വേഷങ്ങളില്‍; അറ്റ്‌ലിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ഒരുങ്ങുന്നു

ഷാരൂഖ് ഖാനെ നായകനാക്കി ജവാന്‍ എന്ന ബ്ലോക്ക് ബസ്റ്റര്‍ ഒരുക്കിയതിന് പിന്നാലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ട് സൂപ്പര്‍ സ്റ്റാറുകളെ ഒന്നിച്ചു കൊണ്ടുവരുന്ന തിരക്കിലാണ് സംവിധായകന്‍ അറ്റ്‌ലി. ബോളിവുഡിന്റെ ഭായ് ജാന്‍ സല്‍മാന്‍ ഖാനും തമിഴിന്റെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തുമാണ് അറ്റ്‌ലിക്കുവേണ്ടി കൈകോര്‍ക്കുന്നത്. ബോളിവുഡ് ഹങ്കാമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സല്‍മാനും രജനികാന്തും അറ്റ്‌ലിയും തമ്മിലുള്ള കൂടിക്കാഴ്ച ജൂലൈയില്‍ ആണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രജനികാന്തുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. എല്ലാ കാര്യങ്ങളും പ്രതീക്ഷിച്ചതു പോലെ നടന്നാല്‍ അറ്റ്‌ലിയുടെ അടുത്ത പാന്‍ ഇന്ത്യന്‍ സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ തുടങ്ങും.

സല്‍മാന്‍ ഖാന്‍ സിക്കന്ദര്‍ എന്ന സിനിമയുടെയും രജനികാന്ത് കൂലിയുടെയും ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലാണ്. ഈ രണ്ടു സിനിമകളുടെയും ചിത്രീകരണം പൂര്‍ത്തിയായ ശേഷമായിരിക്കും അറ്റ്‌ലി ചിത്രത്തിലേക്ക് താരങ്ങള്‍ എത്തുക. തലമുറകള്‍ക്ക് ഓര്‍ത്തിരിക്കാനുള്ള ഒരു ചിത്രമായിരിക്കുമിതെന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജവാന് ശേഷം അറ്റ്‌ലിയുടെ അടുത്ത ചിത്രം അല്ലു അര്‍ജുനൊപ്പമായിരിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അല്ലുവിന്റെ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് രജനികാന്ത്-സല്‍മാന്‍ ഖാന്‍ ചിത്രത്തിലേക്ക് വഴിയൊരുക്കിയത്. അതേസമയം അല്ലു ചെയ്യേണ്ടിയിരുന്ന കഥാപാത്രത്തിനു വേണ്ടിയാണ് സല്‍മാന്‍ ഖാനെ സമീപിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top