ബിജെപി ഭരിക്കുന്നിടങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ വ്യാപകം; ആറ് മാസത്തിനിടയില്‍ 361 സംഭവങ്ങളെന്ന് യുസിഎഫ്

ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം(യുസി എഫ്). ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ 30 വരെ 361 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി യുസിഎഫ് കോര്‍ഡിനേറ്റര്‍ എസി മൈക്കിള്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ആറു മാസത്തിനിടയില്‍ 267പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ നിയമം ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഛത്തീസ്ഗഡിലും ഉത്തര്‍പ്രദേശിലുമാണ്.

കഴിഞ്ഞ ഞായാഴ്ച യുപിയിലെ മഹാരാജ്ഗഞ്ച്, മൊറാദബാദ് എന്നീ ജില്ലകളില്‍ രണ്ട് പാസ്റ്ററന്മാരടക്കം ഏഴു ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കെതിരെ മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം കേസെടുത്ത് റിമാന്റ് ചെയ്തു. തീവ്രഹിന്ദുത്വ സംഘടനകളുടെ പരാതിയിലാണ് പോലീസ് നടപടി. യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വ്യാപകമായി ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങളുണ്ടാകുന്നത് പതിവാണെന്നാണ് യുസിഎഫ് പറയുന്നത്.

2021 മുതല്‍ ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തിലുണ്ട്. ബിജെപി ഭരിക്കുന്ന ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഈ നിയമം നിലവിലുണ്ട്. ഈ നിയമത്തിന്റെ ദുരുപയോഗം വ്യാപകമാണെന്നാണ് ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ വിവിധ സഭാ വിശ്വാസികളായ 25 ക്രിസ്ത്യാനികള്‍ യുപി യിലെ വിവിധ ജയിലുകളില്‍ റിമാന്റ് പ്രതികളായിട്ടുണ്ട്. മതപരിവര്‍ത്തന നിരോധന നിയമം ലംഘിച്ചു എന്ന പേരിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് .

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ഞായറാഴ്ച ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ സംഘത്തിന് നേരെ 12 അംഗ സംഘം മതപരിവര്‍ത്തനം ആരോപിച്ച് നടത്തിയ ആക്രമണത്തില്‍ പാസ്റ്ററടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തിരുന്ന 15 പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top