ബിജെപിയുടെ ക്രൈസ്തവസ്‌നേഹം വോട്ടുതട്ടാന്‍ മാത്രം; ക്രൂരമായ വേട്ടയാടൽ വ്യാപകം; ഒരക്ഷരം മിണ്ടാതെ നേതൃത്വം

ജബല്‍പൂരില്‍ കത്തോലിക്ക വൈദികരടക്കം വിശ്വാസികളെ സംഘപരിവാര്‍ സംഘടനകള്‍ അതിക്രൂരമായി ആക്രമിച്ചിട്ടും കേന്ദ്ര സര്‍ക്കാരോ, മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരോ ഒരു കേസു പോലും എടുക്കാന്‍ തയ്യാറായിട്ടില്ല. മലയാളി വൈദികരടക്കമാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. എന്നാല്‍ വലിയ ക്രൈസ്തവ സ്‌നേഹം പറയുന്ന കേരളത്തിലെ ബിജെപി നേതാക്കള്‍ ഈ അക്രമസംഭവങ്ങളെ അപലപിക്കാന്‍ പോയിട്ട് ശ്രദ്ധയില്‍പ്പെട്ടതായി പോലും നടിച്ചിട്ടില്ല.

ഈ മാസം ഒന്നാം തീയതിയാണ് ജബല്‍പൂരിനടുത്ത മണ്ഡലയില്‍ പോലീസ് സാന്നിധ്യത്തില്‍ വൈദികരേയും വിശ്വാസികളേയും വിഎച്ച്പി, ബജ്‌രഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രൂരമായി ആക്രമിച്ചത്. വഖഫ് ബില്ലിനെക്കുറിച്ച് ഇന്നലെ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാക്കള്‍ ഇതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടും ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവർ ഒരക്ഷരം പോലും മിണ്ടിയില്ല. കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യനും, സുരേഷ് ഗോപിയും ഈ അക്രമത്തെ അപലപിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ALSO READ : ഇവിടെ കേക്ക് വിതരണവും കെട്ടിപ്പിടിക്കലും; വടക്കേ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്ക് അടിയും തൊഴിയും

വഖഫ് ബില്ലിന്റ പേര് പറഞ്ഞ് ക്രൈസ്തവ സഭകളോട് അടുക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ ഇരട്ടത്താപ്പാണ് പുറത്താവുന്നത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഹിന്ദുത്വ ശക്തികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഖിലേന്ത്യാ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കത്തോലിക്ക വൈദികരെ മര്‍ദ്ദിച്ചതിൽ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ ഇടപെടണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. അതിലും ഒരു നീക്കവും നടക്കുന്നില്ല.

ഇപ്പോൾ ക്രൈസ്തവ സമൂഹങ്ങളുടെ രക്ഷകരായി നടിക്കുകയാണ് ബിജെപിയെന്ന് ഇന്നലെ വഖഫ് ചര്‍ച്ചക്കിടയില്‍ കെ സി വേണുഗോപാൽ പറഞ്ഞു. ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമത്തെക്കുറിച്ച് പറയുമ്പോഴൊക്കെ മിണ്ടാതിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സിബിസിഐയെ മാനിച്ചുതുടങ്ങിയത് എന്ന് മുതലാണ് എന്ന കെ സി വേണുഗോപാലിന്റെ ചോദ്യത്തിന് പോലും അമിത്ഷാ ഒരക്ഷരം മറുപടി പറഞ്ഞില്ല.

എല്ലാ സഭകളുടെയും സംയുക്ത വേദിയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ (United christian Forum – UCF) കണക്കുകള്‍ പ്രകാരം കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 120 അതിക്രമങ്ങള്‍ 16 സംസ്ഥാനങ്ങളില്‍ നടന്നിട്ടുണ്ട്. ജനുവരിയില്‍ 55 ഉം ഫെബ്രുവരിയില്‍ 65 അതിക്രമങ്ങളും നടന്നതായി യുസിഎഫിന്റെ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന അക്രമങ്ങളുടെ കണക്ക് താഴെ ചേര്‍ക്കുന്നു.

2014- 127

2015 – 142

2016- 226

2017- 248

2018- 292

2019- 328

2020- 279

2021 – 505

2022- 601

2023- 734

2024- 835

ഈ അക്രമ സംഭവങ്ങളെ തള്ളിപ്പറയാനോ അപലപിക്കാനോ, ബിജെപിയോ സംഘപരിവാര്‍ സംഘടനകളോ തയ്യാറായിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top