മലയാളി വൈദികനെ റോഡിൽ വലിച്ചിഴച്ച് ഒഡീഷ പോലീസ്!! അതിക്രമങ്ങൾ വർദ്ധിച്ചിട്ടും ക്രിസംഘികളും മെത്രാന്മാരും മൗനത്തിൽ

വഖഫ് ബില്ല് പാസാക്കിയതിനെ പിന്തുണച്ച കേരള കത്തോലിക്കാ മെത്രാൻ സമിതിക്കും അഖിലേന്ത്യാ മെത്രാൻ സമിതിക്കും അത്രയൊന്നും ആഹ്ലാദിക്കാൻ വകയില്ലാത്ത ചിലതും സംഘപരിവാർ സംഘടനകൾ പതിവായി ഒരുക്കി നൽകുന്നുണ്ട്. ബിജെപി ഭരിക്കുന്ന ഒഡീഷയിൽ ഇക്കഴിഞ്ഞയാഴ്ച മലയാളി വൈദികനെ പോലീസ് ക്രൂരമായി മർദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ചു. ഒഡീഷയിലെ ബഹ്റാംപൂർ ജില്ലയിലെ ലത്തീൻ കത്തോലിക്കാ ദേവാലയത്തിലെ വൈദികൻ ഫാദർ ജോഷി ജോർജിന് നേരെ നടന്ന അതിക്രമം ഇപ്പോഴാണ് പുറത്തറിയുന്നത്.
കുറവിലങ്ങാട് തോട്ടുവ സ്വദേശിയായ ഫാദർ ജോഷി, വർഷങ്ങളായി ഒഡീഷയിലെ വിവിധ ഗ്രാമങ്ങളിൽ സേവനം ചെയ്തു വരികയാണ്. കഴിഞ്ഞ മാസം 21ന് അർദ്ധരാത്രിയിൽ ജൂബാ ഗ്രാമത്തിലെ കഞ്ചാവ് കൃഷിക്കാരെ പിടികൂടാനെത്തിയ പോലീസ് ഗ്രാമവാസികൾക്കിടയിൽ വ്യാപക അതിക്രമങ്ങൾ നടത്തി. ഗ്രാമത്തിലെ കുറെ പുരുഷമ്മാരെ പോലീസ് പിടിച്ചു കൊണ്ടുപോയെങ്കിലും നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് വിട്ടയച്ചു.
പിറ്റേന്ന് ശനിയാഴ്ച ഉച്ചയോടെ ഗ്രാമത്തിലെ ഔവർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിലെത്തിയ പോലീസ് സംഘം പള്ളിയിൽ ജോലി ചെയ്തിരുന്ന സ്ത്രീകളെ മർദിച്ചു. സ്ത്രീകൾ അടി കൊണ്ടോടിയത് കണ്ടെത്തിയ ഫാദർ ജോഷി ജോർജിനേയും സഹ വികാരി ദയാനന്ദ് നായിക്കിനേയും പോലീസ് മർദിച്ചു. എന്തിനാണ് തല്ലുന്നതെന്ന് ചോദിച്ചതിൽ പ്രകോപിതരായ പോലീസ് സംഘം പിന്നെ രണ്ടുപേരെയും റോഡിലൂടെ വലിച്ചിഴച്ചു. തലയ്ക്കും തോളെല്ലിനും സാരമായ പരിക്കേറ്റ ഫാദർ ദയാനന്ദ് ബഹ്റാംപൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
“നീയൊക്കെ പാകിസ്ഥാനികളാണ്. അമേരിക്കയിൽ നിന്ന് കാശ് വാങ്ങി മതപരിവർത്തനം നടത്തുകയാണ്. നിന്നെയൊക്കെ മര്യാദ പഠിപ്പിക്കും, ജീവിക്കാൻ അനുവദിക്കില്ല” – ഇങ്ങനെയെല്ലാം ആക്രോശിച്ചു കൊണ്ടാണ് പോലീസ് തന്നെ വലിച്ചിഴച്ചതെന്ന് ഫാ. ജോഷി ജോർജ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. പോലീസ് സ്റ്റേഷനിൽ കുറെനേരം പിടിച്ചിരുത്തിയ ശേഷം തന്നെ വിട്ടയച്ചു. ഫാ. ദയാനന്ദിനെ മറ്റൊരു സ്റേഷനിൽ കൊണ്ടു പോയി തല്ലിച്ചതച്ചു.
സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മർദ്ദനം സംബന്ധിച്ച് പരാതി നൽകിയിട്ടും ഒരു നടപടിയുമില്ല. തൻ്റെ കയ്യിൽ നിന്ന് പിടിച്ചെടുത്ത ഫോൺ ഇത് വരെ വിട്ടുകിട്ടിയിട്ടില്ല. വൈദികരെ പിടിച്ചു കൊണ്ടു പോയ ശേഷം പള്ളിയിലും വൈദികർ താമസിക്കുന്ന വീട്ടിലും റെയ്ഡ് നടത്തി. വൈദികരുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന 40,000 രൂപ പോലീസ് എടുത്തു കൊണ്ടു പോയെങ്കിലും പണം തിരിച്ചു തരാൻ തയ്യാറായിട്ടില്ലെന്ന് ജോഷി പറഞ്ഞു.
ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം ക്രൈസ്ത വർക്കെതിരെ ഹിന്ദുത്വ ശക്തികളുടെ അതിക്രമങ്ങൾ വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈസ്റ്ററിനോട് അനുബന്ധിച്ച ദിവസങ്ങളിൽ അക്രമങ്ങൾ വർദ്ധിക്കുമോ എന്ന ആശങ്കയിലാണ് ഒഡീഷയിലെ ക്രിസ്ത്യാനികൾ.
ഒറീസയിലെ കണ്ഡമാൽ ജില്ലയിൽ 2008 ആഗസ്റ്റ് 25ന് തുടങ്ങി ദിവസങ്ങളോളം നീണ്ട ക്രിസ്ത്യൻ വേട്ട മറക്കാനാവാത്ത ദുരന്തമാണ്. ക്രൈസ്തവ വിശ്വാസികൾക്കെതിരെ ഹിന്ദുത്വശക്തികൾ കൂട്ടക്കൊലയും തീവയ്പ്പും കൊള്ളയും നടത്തിയത് ഉണങ്ങാത്ത മുറിവായി അവശേഷിക്കുമ്പോഴാണ് തൊട്ടടുത്ത് തന്നെ ഇപ്പോഴത്തെ അതിക്രമം. കണ്ഡമാൽ ജില്ലയിലെ 25,000 ലധികം ക്രിസ്ത്യാനികളാണ് അന്ന് പലായനം ചെയ്തത്. നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. 350ലധികം പള്ളികൾ അഗ്നിക്കിരയാക്കി. ബിജെപി എംഎൽഎ മനോജ് പ്രകാശിൻ്റെ നേതൃത്വത്തിലായിരുന്നു.
ഓഡീഷയെ ലോകത്തിന് മുന്നിൽ കുപ്രസിദ്ധിലേക്ക് എത്തിച്ച മറ്റൊരു അതിക്രമം നടന്നത് 1999 ജനുവരി 23നായിരുന്നു. ഗ്രഹാം സ്റ്റെയിൻസ് എന്ന ഓസ്ട്രേലിയൻ മിഷനറിയേയും രണ്ടു മക്കളേയും ആണ് കഞ്ചാർ ജില്ലയിലെ മനോഹർപുർ ഗ്രാമത്തിൽ ബജ്രംഗ്ദൾ പ്രവർത്തകർ അന്ന് ചുട്ടെരിച്ചത്. രാത്രിയിൽ വാഹനത്തിലിട്ടാണ് സംഘപരിവാർ ശക്തികൾ ഇദ്ദേഹത്തേയും മക്കളേയും കൊന്നുതള്ളിയത്. മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ചാണ് ഈ കടുംകൈ ചെയ്തത്. എ ബി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നു ഇത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here