പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തല്ലിച്ചതച്ച കുട്ടികള്‍ക്ക് സസ്പെന്‍ഷന്‍; മര്‍ദിച്ചവരില്‍ റസ്‍ലിംഗ് ചാമ്പ്യനുമെന്ന് പിതൃസഹോദരി
കൊല്ലം അഞ്ചല്‍ വെസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി പി.എസ്.അഭിനവിനെ റോഡിലിട്ടു ക്രൂരമായി മര്‍ദിച്ച മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. സ്കൂള്‍ പിടിഎ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. അന്വേഷണത്തിന് സ്വതന്ത്ര സമിതിയെയും നിയോഗിച്ചു.
ട്യൂഷന്‍ സെന്ററില്‍ നിന്നും തുടങ്ങിയ തര്‍ക്കമാണ് ക്രൂരമര്‍ദനത്തില്‍ കലാശിച്ചതെന്ന് സ്കൂള്‍ പ്രിൻസിപ്പൽ ഡോ. എം.ഷബീര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “നാലായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ ആണ്. കുട്ടികളുടെ അറിവില്ലായ്മയാണ് പ്രശ്നത്തിലേക്ക് നയിച്ചത്. അടിയന്തിര ബോധവത്കരണം നടപ്പിലാക്കും.” – പ്രിൻസിപ്പൽ പറഞ്ഞു.
മര്‍ദനത്തില്‍ ഗുരുതര പരുക്കേറ്റ അഭിനവിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തലയ്ക്ക് പരുക്കുണ്ട്. സ്കാന്‍ ചെയ്യണമെന്നു പറഞ്ഞിട്ടുണ്ട്.- അച്ഛന്‍ വി.പ്രദീപ് കുമാര്‍ പറഞ്ഞു. അഭിനവിനെ മര്‍ദിച്ച കുട്ടികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് അനുസരിച്ച് കേസെടുത്തതായി അഞ്ചല്‍ പോലീസ് പറഞ്ഞു. കേസ് എടുത്ത ശേഷം കുട്ടികളെ വിട്ടയച്ചതായും പോലീസ് പറഞ്ഞു.
അഭിനവിന് നേര്‍ക്ക് നടന്നത് കൊലപാതക ശ്രമമാണെന്ന് പിതൃസഹോദരിയും അഞ്ചല്‍ എന്‍എസ്എസ് ഇംഗ്ലീഷ് സ്കൂള്‍ ഹെഡ്മിസ്ട്രസുമായ വി.ഗീതാലക്ഷ്മി പറഞ്ഞു. “ഒരു സിദ്ധാര്‍ത്ഥന്‍ കൂടി ആവര്‍ത്തിച്ചേനെ. കുട്ടിക്ക് ശരീരമാസകലം പരുക്കുണ്ട്. വാ അഭിനവേ എന്ന് വിളിച്ച് തോളില്‍ കയ്യിട്ട് കൂട്ടിക്കൊണ്ടുപോയാണ് മര്‍ദിച്ചത്. മര്‍ദിച്ചവരില്‍ ഒരു കുട്ടി റസ്‍ലിംഗ് ചാമ്പ്യനാണ്. ഒരു കേസിലും ഉള്‍പ്പെട്ടതായാണ് വിവരം. ഇവന്‍ ഒരു കുട്ടിയെ കാലില്‍പ്പിടിച്ച് നിലത്തടിച്ചതാണ്. ആ കുട്ടിക്ക് തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. അഭിനവിനെ ക്രൂരമായി മര്‍ദിച്ച വീഡിയോ കണ്ടുള്ള ഞെട്ടലില്‍ നിന്നും ഞങ്ങള്‍ ഇപ്പോഴും മുക്തമല്ല. കാര്യം അറിഞ്ഞപ്പോള്‍ തന്നെ അവന്റെ മുത്തശി തളര്‍ന്നുവീണു. മരണത്തിന്റെ മുന്നില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അവര്‍ ചുഴറ്റി എറിഞ്ഞപ്പോള്‍ ഓടയില്‍ തലയിടിച്ചാണ് വീണതെങ്കില്‍ ജീവന്‍ ബാക്കിയാകുമായിരുന്നില്ല” – ഗീതാലക്ഷ്മി പറഞ്ഞു.
ഇന്നലെയാണ് അഞ്ചലിനെ നടുക്കി പ്ലസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ തല്ലിച്ചതച്ചത്. മൂന്നംഗ വിദ്യാര്‍ത്ഥി സംഘം കുട്ടിയെ അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും റോഡിലേക്ക് വലിച്ചറിയുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെയാണ് വീട്ടുകാരും സ്കൂള്‍ അധികൃതരും അറിയുന്നത്. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി കുട്ടികള്‍ തന്നെയാണ് ആഘോഷമായി പുറത്തുവിട്ടത്. അഭിനവിന് സാരമായി പരുക്കേല്‍ക്കുകയും പരാതിയില്‍ പോലീസ് കേസ് എടുക്കുകയും ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here