ടിടിഇക്ക് നേരെ വീണ്ടും ആക്രമണം; ടിക്കറ്റ് ഇല്ലാതെ ജനശതാബ്ദി എക്സ്പ്രസില്‍ കയറിയ ഭിക്ഷാടകന്‍ ആക്രമിച്ചു; പിടികൂടാന്‍ ഒരുങ്ങുമ്പോള്‍ ചാടിരക്ഷപെട്ടു

തിരുവനന്തപുരം: ജനശതാബ്ദി എക്സ്പ്രസില്‍ ടിടിഇക്ക് നേരെ ആക്രമണം. ടിക്കറ്റ് ഇല്ലാതെ കയറിയ ഭിക്ഷക്കാരനാണ് ടിടിഇയെ മുഖത്ത് ആക്രമിച്ചത്. ട്രെയിന്‍ നീങ്ങി തുടങ്ങിയതോടെ ഇയാള്‍ ചാടി രക്ഷപെട്ടു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്.

പ്ലാറ്റ്ഫോമിലെ കച്ചവടക്കാരെ തള്ളിമാറ്റിയാണ് ഭിക്ഷക്കാരന്‍ തിരുവനന്തപുരത്ത് നിന്ന് ട്രെയിനിലേക്ക് ഇടിച്ചുകയറിയത്. ട്രെയിനില്‍ കയറിയിട്ടും യാത്രക്കാരുമായി പ്രശ്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. ഇതില്‍ ഇടപെട്ട ടിടിഇ ഇയാളോട് ഇറങ്ങിപോകാന്‍ ആവശ്യപ്പെട്ടു. ഈ സമയത്താണ് ഇയാള്‍ ടിടിഇയെ ആക്രമിക്കാന്‍ ശ്രമിച്ചത്. ആദ്യം മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയ ടിടിഇയുടെ മുഖത്തെ മാസ്ക് വലിച്ചുമാറ്റി കണ്ണിനു താഴെ മാന്തുകയായിരുന്നു. ട്രെയിന്‍ നീങ്ങുന്നതിനിടെ ഇയാള്‍ ചാടി രക്ഷപെട്ടു. 55 വയസ് തോന്നിക്കുന്ന ആളാണ് ടിടിഇ ജെയ്സൺ തോമസിനെ ആക്രമിച്ചത്. ഗുരുതര പരിക്കുകള്‍ ഇല്ലെങ്കിലും നഖം കൊണ്ടതിനാല്‍ ചികിത്സ തേടേണ്ടിവരും.

അതേസമയം തൃശൂരില്‍ ടിക്കറ്റ് ചോദിച്ചതിന്‍റെ വൈരാഗ്യത്തില്‍ ടിടിഇ കെ.വിനോദിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്‌. കഴിഞ്ഞ ദിവസമാണ് ഒഡിഷ സ്വദേശി രജനീകാന്ത ടിടിഇ വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയത്. ടിക്കറ്റ് ചോദിച്ചതിലുള്ള വിരോധവും പാലക്കാട് ഇറങ്ങണമെന്ന് ശഠിച്ചതുമാണ് പ്രതിയെ പ്രകോപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top