ദുര്‍മന്ത്രവാദവും ആള്‍ദൈവം ചമയലും; അന്വേഷിക്കാനെത്തിയ വനിതാ എസ്ഐയ്ക്ക് നേരെ ആക്രമണവും; മൂന്ന് സ്ത്രീകള്‍ക്ക് 13 വര്‍ഷം തടവും പിഴയും
മാവേലിക്കര: ആള്‍ദൈവം ചമയലും ദുര്‍മന്ത്രവാദവും നടത്തിയെന്ന പരാതി അന്വേഷിക്കാനെത്തിയ വനിതാ ഇന്‍സ്പെക്ടറെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതികളായ മൂന്നു സ്ത്രീകള്‍ക്ക് 13 വർഷം തടവും 50,000 രൂപ വീതം പിഴയും ശിക്ഷ. മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി മൂന്ന് ജഡ്ജി എസ്.എസ്. സീനയാണ് വിധി പറഞ്ഞത്.
ആലപ്പുഴ വനിതാസെല്‍ ഇന്‍സ്പെക്ടറായിരുന്ന മലപ്പുറം തിരൂരങ്ങാടി ചേലാമ്പ്ര പുല്ലിപ്പറമ്പ് സ്വപ്ന വീട്ടില്‍ മീനാ കുമാരി (59) യെ ആക്രമിച്ച കേസിലാണു പാലമേല്‍ ഉളവുക്കാട് വന്‍മേലിത്തറയില്‍ ആതിര (ചിന്നു-23), ആതിരയുടെ അമ്മ ശോഭന (50), ഇവരുടെ സഹോദരി രോഹിണി (48) എന്നിവരെ കോടതി ശിക്ഷിച്ചത്. വിവിധവകുപ്പുകളിലായി 13 വര്‍ഷം ശിക്ഷിച്ചെങ്കിലും ഏഴുവര്‍ഷം ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴത്തുകയില്‍ ഒരുലക്ഷം മീനാ കുമാരിക്കു നല്‍കണമെന്നും ഉത്തരവിലുണ്ട്.
2016 ഏപ്രില്‍ 23-നു വൈകീട്ട് അഞ്ചിനാണ് സംഭവം. ആള്‍ദൈവം ചമയുന്ന ആതിരയ്ക്ക് എതിരെ പാലമേല്‍ പഞ്ചായത്തിലെ ഉളവുക്കാട് വന്‍മേലില്‍ കോളനി നിവാസികളായ 51 പേര്‍ കളക്ടര്‍ക്കു പരാതിനല്‍കിയിരുന്നു. ഇതന്വേഷിക്കാനാണ് മീനാകുമാരിയും വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ലേഖയും ജീപ്പ് ഡ്രൈവര്‍ ഉല്ലാസും ആതിരയുടെ വീട്ടിലെത്തിയത്.
മീനകുമാരി പരാതി വായിച്ചു കേള്‍പ്പിച്ച ശേഷം ഏപ്രില്‍ 26-നു വനിതാസെല്ലില്‍ ഹാജരാകണമെന്നു നിര്‍ദേശിച്ചപ്പോള്‍ ആതിരയും ശോഭനയും രോഹിണിയും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പെരുവിരലിനു ഗുരുതര പരിക്കേറ്റ മീനാകുമാരിയെ ലേഖയും ഉല്ലാസും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. വണ്ടാനം മെഡിക്കല്‍കോളേജിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം 89 ദിവസം ഇവര്‍ക്ക് വീട്ടില്‍ കഴിയേണ്ടി വന്നു.
സംഭവത്തില്‍ നൂറനാട് പോലീസ് കേസെടുത്തെങ്കിലും ആതിര മാത്രമായിരുന്നു പ്രതി. പോലീസ് നല്‍കിയ കുറ്റപത്രത്തിന്നെതിരെ ഉന്നത പോലീസ് അധികാരികള്‍ക്കു മീനാ കുമാരി പരാതി നല്‍കി. ഇതോടെ കേസില്‍ പുനരന്വേഷണം വന്നു. കേസ് അന്വേഷിച്ച മാവേലിക്കര ഇന്‍സ്പെക്ടര്‍ ആയിരുന്ന പി. ശ്രീകുമാര്‍ കേസില്‍ ശോഭനയെയും രോഹിണിയെയും കൂടി പ്രതിചേര്‍ത്ത് കോടതിയില്‍ കുറ്റപത്രം നല്‍കി. ഈ കേസിലാണ് വിധി വന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here