ക്രിസ്മസ് ദിനത്തിലും ക്രിസ്ത്യാനികള്‍ക്ക് രക്ഷയില്ല; വ്യാപക അക്രമങ്ങളുമായി സംഘപരിവാര്‍; സാന്താക്ലോസിൻ്റെ വേഷമിട്ട സൊമാറ്റോ ജീവനക്കാരനും മര്‍ദനം

ക്രിസ്മസ് ദിനത്തിലും മണിപ്പൂരിലടക്കം രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് ശമനമില്ല. രാജസ്ഥാന്‍, യുപി, പഞ്ചാബ്, കേരളം എന്നിവിടങ്ങളിലാണ് ക്രിസ്മസ് തലേന്നും പിറ്റേന്നുമായി അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അക്രമം നടത്തിയതാകട്ടെ സംഘപരിവാര്‍ സംഘടനകളും.

പഞ്ചാബിലെ ലുധിയാനയില്‍ വഴിയരികില്‍ പ്രസംഗിക്കുകയായിരുന്ന പെന്തക്കോസ്ത് പാസ്റ്റര്‍ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കയാണ് എന്ന് ആരോപിച്ച് സോനു സിംഗ് എന്നയാള്‍ അക്രമിച്ചു.

ബിജെപി ഭരിക്കുന്ന രാജ്യസ്ഥാനിലെ ജോഡ്പുര്‍, ജയ് സാല്‍മര്‍ എന്നിവിടങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തിയ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെ വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതായി സന്നദ്ധ സംഘടനയായ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് (സിജെപി) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സാന്താക്ലോസിൻ്റെ വേഷം ധരിച്ച് ഭക്ഷ്യ വിതരണത്തിന് പോയ ഡെലിവറി ജീവനക്കാരെ ഒരുകൂട്ടം ഹിന്ദുത്വവാദികൾ തടഞ്ഞു നിര്‍ത്തി, ബലമായി സാന്റാക്ലോസിന്റ വസ്ത്രം അഴിപ്പിച്ചു. സൊമാറ്റോ ഭക്ഷ്യവിതരണ കമ്പനിയുടെ ജീവനക്കാരെയാണ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ അക്രമിച്ചത്. സൊമാറ്റോ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ തന്നെ പുറത്തവിട്ടിട്ടുണ്ട്.

കലാപത്തിന് ശമനമില്ലാത്ത മണിപ്പൂരിലെ ഇംഫാലിലും പരിസരങ്ങളിലും ക്രിസ്മസ് ദിനത്തിൽ അക്രമസംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. കിഴക്കന്‍ ഇംഫാലിലെ സിനം കോം ഗ്രാമത്തിലാണ് ക്രിസ്മസ് ദിനമായ ഇന്നലെ അതിരാവിലെ വെടിവെപ്പുണ്ടായത്. ഇതിനെത്തുടര്‍ന്ന് ആഘോഷങ്ങള്‍ തടസ്സപ്പെട്ടു. 19 മാസമായി മണിപ്പൂരില്‍ ക്രിസ്ത്യന്‍- ഹിന്ദു ഗോത്ര വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിലാണ്. ക്രിസ്മസ് ദിനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ക്രിസ്ത്യാനികള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് മഹാത്മ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയടക്കം രാജ്യത്തെ പ്രമുഖരായ 100 ലധികം പേര്‍ പ്രധാനമന്ത്രിക്ക് ക്രിസ്മസ് തലേന്ന് തുറന്ന കത്തയച്ചിരുന്നു. കഴിഞ്ഞ 11 മാസത്തിനിടയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ 745 അക്രമ സംഭവങ്ങള്‍ നടന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (UCF) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിദിനം രണ്ട് ക്രൈസ്തവര്‍ വീതം അക്രമത്തിനിരയാവുന്നു എന്നാണ് യുസി എഫിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നരേന്ദ്ര മോദി അധികാരത്തില്‍ തുടര്‍ന്ന 10 വര്‍ഷത്തിനിടയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടന്ന വ്യാപക അക്രമങ്ങളുടെ കണക്കുകള്‍ യുസി എഫ് പുറത്ത് വിട്ടിട്ടുണ്ട്.

2014 – 127, 2015 – 142, 2016 – 226, 2017 – 248, 2018 – 292, 2019 – 328, 2020 – 279, 2021 – 505, 2022 – 601, 2023 – 734, 2024 നവംബര്‍ 30 വരെ 745 അക്രമസംഭവങ്ങള്‍ യുസിഎഫിന്റെ ഹെല്‍പ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് അക്രമങ്ങള്‍ ഏറെയും നടക്കുന്നത്.

പതിവില്ലാത്ത വിധം ഇത്തവണ കേരളത്തിലും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ പലയിടങ്ങളില്‍ അക്രമങ്ങളുണ്ടായി. പാലക്കാട് നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ മൂന്നംഗ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ നടത്തിയ അക്രമം വ്യാപക പ്രതിഷേധത്തിനിടയാക്കി. അതേ ദിവസം രാത്രിയില്‍ പാലക്കാട് തത്തമംഗലം ഗവ യുപി സ്‌കൂളില്‍ കുട്ടികള്‍ തയ്യാറാക്കിയ പുല്‍ക്കൂട് നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളിലും പോലീസ് കേസെടുത്തിട്ടുണ്ട്. ആലപ്പുഴ- ഹരിപ്പാട് വഴിയരികില്‍ നിന്ന് ക്രിസ്മസ് സന്ദേശം നല്‍കിക്കൊണ്ടിരുന്ന മൂന്ന് പാസ്റ്റർമാരെ ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് രതീഷ് ഭീഷണിപ്പെടുത്തിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ക്രിസ്തുമതവിശ്വാസികളെ ഒപ്പംനിര്‍ത്താന്‍ ബിജെപി നടത്തുന്ന ക്രിസ്മസ് നയതന്ത്രത്തിന് മങ്ങലേല്‍പ്പിച്ച് സംഭവങ്ങളാണ് പാലക്കാട്ടെ അക്രമങ്ങള്‍. കേക്കും ആശംസയുമായി ബിജെപി നേതാക്കള്‍ ബിഷപ് ഹൗസുകളിലും ക്രൈസ്തവ വീടുകളിലുമെത്തുന്ന ‘സ്നേഹസന്ദേശയാത്ര’ തുടങ്ങുംമുമ്പ് പാലക്കാട് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേര്‍ക്കുണ്ടായ അക്രമ സംഭവങ്ങള്‍ പാര്‍ട്ടി പരിപാടിയുടെ ശോഭ കെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവ നേതാക്കള്‍ക്കൊപ്പം ഡല്‍ഹിയില്‍ ക്രിസ്മസ് ആഘോഷിച്ച തിങ്കളാഴ്ച തന്നെ നടന്ന അക്രമങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് തലയൂരാനുള്ള തത്രപ്പാടിലായിരുന്നു ബിജെപി കേരളനേതൃത്വം. ഒരുവശത്ത് പ്രീണനവും മറുവശത്ത് അക്രമവും നടത്തുന്ന സംഘപരിവാര്‍ തന്ത്രം സംസ്ഥാനത്ത് വിലപ്പോവില്ലെന്നാണ് ഒരുപറ്റം ബിഷപ്പുമാരുടെ നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top