ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ ബിജെപി സര്‍ക്കാര്‍ മൗനത്തില്‍; ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ സഭകള്‍; ഈ വര്‍ഷം 585 അക്രമങ്ങള്‍

രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ ഉയര്‍ന്നു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധ സമരം നടത്താന്‍ സഭകളുടെ തീരുമാനം. ശനിയാഴ്ച ഡല്‍ഹിയിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. ഡല്‍ഹി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിലാണ് വിവധ സഭകള്‍ ഒരുമിച്ച് പ്രതിഷേധിക്കുന്നത്. അക്രമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം ഉന്നയിച്ചാണ് സമരം നടത്തുന്നത്.

യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ശേഖരിച്ച കണക്കുകള്‍ പ്രകാരം ക്രൈസ്തവര്‍ക്കെതിരായി ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 585 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 733 എണ്ണമായിരുന്നു. പ്രതിദിനം ശരാശരി രണ്ട് കേസുകള്‍ എന്ന വീതമാണ് രാജ്യത്തുണ്ടാകുന്നത്. ഇതിന് പുറമെയാണ് മണിപ്പൂര്‍ കലാപത്തിനിടയില്‍ 200 ക്രൈസ്തവ ദേവാലയങ്ങള്‍ തീയിട്ട് നശിപ്പിച്ചത്.

ആവര്‍ത്തിക്കുന്ന അതിക്രമങ്ങളെ കുറിച്ച് പരാതികള്‍ ഉന്നയിച്ചിട്ടും പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ അനുകൂലമായ യാതൊരു നിലപാടും സ്വീകരിച്ചിട്ടില്ലെന്ന് ഡല്‍ഹി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് സംഘടനയുടെ വാദം.

പോലീസും മറ്റ് കേന്ദ്രഏജന്‍സികളും നീതിയുക്തമായി പെരുമാറണം, മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കണം, ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണം, തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധ സമരത്തിന്റെ ഭാഗമായി സഭകള്‍ ഉന്നയിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top