അട്ടപ്പാടി ആശുപത്രിയില്‍ നിന്നും കടത്തിയ നാലുമാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി; യുവതി അറസ്റ്റില്‍

അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ നിന്നും കടത്തി കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി. മേലെമുള്ള സ്വദേശിനിയായ സംഗീതയുടെ നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ തട്ടിയെടുത്ത കോയമ്പത്തൂര്‍ സ്വദേശിനിയായ നിമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഗീത ചികിത്സക്കായി ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. കുഞ്ഞും കൂടെ ഉണ്ടായിരുന്നു.

സംഗീതയുടെ അടുത്ത ബെഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായ നിമ്യയാണ് കുഞ്ഞിനെ തട്ടിയെടുത്തത്. സംഗീതയുമായി സൗഹൃദം സ്ഥാപിച്ച നിമ്യ പുറത്തേക്ക് പോകുമ്പോള്‍ കുഞ്ഞിനെ നോക്കാം എന്ന് അറിയിക്കുകയും ചെയ്തു. ഇതുവിശ്വസിച്ച് സംഗീത ഭക്ഷണം വാങ്ങാനായി പോയപ്പോഴാണ് കുട്ടിയുമായി കടന്നത്. തിരികെ എത്തിയപ്പോള്‍ കുഞ്ഞിനെയും നിമ്യയേയും കാണാനില്ലായിരുന്നു. ഇതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആനക്കല്‍ ഊരില്‍ നിന്നാണ് കുഞ്ഞിനെയും നിമ്യയേയും പോലീസ് കണ്ടെത്തി. ആശുപത്രിയിലെത്തിച്ച് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറുകയും ചെയ്തു. എന്തിനാണ് കുട്ടിയെ തട്ടിയെടുത്തത് എന്നതില്‍ വ്യക്തത വന്നിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top