വീണ്ടും ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം; യുപി അട്ടിമറി ശ്രമത്തിൽ ആറു പേർ പിടിയിൽ
രാജസ്ഥാനിലെ അജ്മീറിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം. 70 കിലോ വീതം ഭാരമുള്ള രണ്ട് സിമൻ്റ് കട്ടകൾ റെയിൽവേ ട്രാക്കിൽ സ്ഥാപിച്ചാണ് അട്ടിമറി നീക്കം നടത്തിയത്. ഫുലേര-അഹമ്മദാബാദ് പാതയിലെ ശാരദ്‌ന, ബംഗദ് സ്റ്റേഷനുകൾക്കിടയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.
ട്രെയിൻ സിമൻ്റ് കട്ടകളിൽ തട്ടിയെങ്കിലും അപകടം കൂടാതെ ട്രെയിൻ യാത്ര തുടരുകയായിരുന്നു. റെയിൽവേ ജീവനക്കാരുടെ പരാതിയെത്തുടർന്ന് പോലീസ് കേസെടുത്തു. സംഭവത്തിന് പിന്നിൽ ആരാണ് എന്ന് കണ്ടെത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പോലീസ് അറിയിച്ചു.
യുപിയിലെ പ്രയാഗ്‌രാജിൽനിന്ന് ഹരിയാനയിലെ ഭിവാനിയിലേക്ക് പോവുകയായിരുന്നു ട്രെയിൻ ട്രാക്കിൽ വച്ച ഗ്യാസ് സിലിണ്ടറിൽ തട്ടിയിരുന്നു. സിലിണ്ടർ ലോക്കോ പൈലറ്റിൻ്റെ ശ്രദ്ധയിൽപ്പെട്ടതാണ് വലിയ അപകടമൊഴിവായത്. ഉടൻ തന്നെ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തുകയായിരുന്നു.
ട്രെയിൻ സിലിണ്ടറിൽ തട്ടി പാളത്തിന് പുറത്തേക്ക് തെറിച്ചു പോയെങ്കിലും അപകടം തലനാരിഴക്ക് ഒഴിവായി. കാണ്‍പൂരിലെ മുദേരി ഗ്രാമത്തിലായിരുന്നു കാളിന്ദി എക്സ്പ്രസിനെ അപകടപ്പെടുത്താൻ ശ്രമം നടന്നത്. ലോക്കോ പൈലറ്റ് വിവരം റെയിൽവേ പ്രൊട്ടക്ഷൻ പോലീസിനെ അറിയിക്കുകയായിരുന്നു.പാളത്തിൽ ഒരു കുപ്പി പെട്രോളും തീപ്പെട്ടിയും ഉൾപ്പെടെ സംശയാസ്പദമായ മറ്റ് വസ്തുക്കളും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ കാൺപൂർ പോലീസ് അറസ്റ്റു ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here