മന്ത്രി വീണ മാലയിട്ട് സ്വീകരിച്ചവരില്‍ വധശ്രമക്കേസ് പ്രതിയും; എസ്എഫ്‌ഐക്കാരെ കൊല്ലാന്‍ നോക്കിയ സുധീഷിനും സിപിഎം അംഗത്വം

പത്തനംതിട്ട സിപിഎം ജില്ലാക്കമ്മറ്റി കൊട്ടും കുരവയുമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചവരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലുള്ള പ്രതിയും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിലാണ് ബിജെപി- ആര്‍എസ്എസ് സംഘടനകളില്‍ നിന്ന് സിപിഎമ്മിലേക്ക് വന്ന 62 പേരെ ഈ മാസം ആറിന് ആനയിച്ച് കൊണ്ടുവന്നത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ഒരു വധശ്രമക്കേസിലെ നാലാം പ്രതിയായ സുധീഷും മന്ത്രി വീണയുടെ സാന്നിധ്യത്തില്‍ സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഒളിവിലാണെന്ന് പോലീസ് പറയുന്ന പ്രതിയാണ് മന്ത്രിക്കൊപ്പം വേദി പങ്കിട്ടത്. ഒളിവിലെന്ന് പറയുന്ന പ്രതിയെങ്ങനെ പൊതുചടങ്ങില്‍ പങ്കെടുത്തു എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പോലും പറയാന്‍ പോലീസിന് കഴിയുന്നില്ല. ഒളിവിലുള്ള പ്രതി സുധീഷിനെ പത്തനംതിട്ട സിപിഎം ജില്ലാസെക്രട്ടറി കെപി ഉദയഭാനു ചുവപ്പുഹാരം അണിയിച്ച് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കാപ്പ ചുമത്തിയ ശരണ്‍ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ സ്വീകരിച്ചശേഷമാണ് സുധീഷിനെയും സ്വീകരിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാംപ്രതിയായ ശരണ്‍ ചന്ദ്രന്‍ നേരത്തെ ജാമ്യം എടുത്തിരുന്നു. 12 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇഡ്ഡലിശരണ്‍ എന്ന് വിളിക്കുന്ന ശരണ്‍ ചന്ദ്രന്‍. കഴിഞ്ഞ മാസം 23 നാണ് ഇയാള്‍ ജയിലില്‍ നിന്ന് പുറത്ത് വന്നത്.

സിപിഎമ്മില്‍ എത്തിയവരില്‍ ഒരാളായ യദുകൃഷ്ണന്‍ കഞ്ചാവുമായി പിടിയിലായ സംഭവത്തിന് പിന്നാലെയാണിപ്പോള്‍ പുതിയ വിവാദം. കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ യദുവിനെ കേസില്‍ കുടുക്കിയതാണെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി.സഞ്ജു ആരോപിച്ചിരുന്നു. യുവമോര്‍ച്ച ബന്ധമുള്ള എക്‌സൈസ് ഉദ്യോഗസ്ഥനാണ് കേസിനു പിന്നിലെന്നും മലയാലപ്പുഴ പഞ്ചായത്തിലെ 62 ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിലെത്തിയതു മുതല്‍ പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നുമായിരുന്നു ഏരിയ സെക്രട്ടറിയുടെ ന്യായീകരണം. ഇത്തരം വിശദീകരണങ്ങള്‍ക്കിടയിലാണ് വധശ്രമക്കേസില്‍ ഒളിവിലിരിക്കുന്ന പ്രതിയേയും സിപിഎമ്മിലേക്ക് ആനയിച്ച് കൊണ്ടുവന്നു എന്ന ആക്ഷേപം ഉയര്‍ന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top