ഗോസംരക്ഷണത്തിൻ്റെ മറവിൽ മാംസ കച്ചവടക്കാരനെ കുടുക്കാൻ ക്വട്ടേഷൻ… പോലീസ് പിടിച്ചപ്പോൾ ലേലു അല്ലു ലേലുഅല്ലു

വ്യാജ ഗോഹത്യാകേസ് ഉണ്ടാക്കി ബിസിനസ് പങ്കാളിയെ കുടുക്കാനിട്ട പദ്ധതി തിരിച്ചടിച്ചു. ഇതിന് ക്വട്ടേഷനെടുത്ത ഗോസംരക്ഷകനാണ് ആദ്യം കുടുങ്ങിയത്. ഉത്തർ പ്രദേശിലെ മീററ്റിൽ ടിപ്പു ഖുറേഷി എന്നയാളാണ് മുസ്ലീമായ മാംസക്കച്ചവടക്കാരനെ കുടുക്കാൻ ഗോസംരക്ഷക സംഘടനാ നേതാവായ വിഷ് സിംഗ് കംബോജിയുടെ സഹായം തേടിയത്. 50,000 രൂപയാണ് പറഞ്ഞുറപ്പിച്ച തുക.

തിങ്കളാഴ്ച ഉച്ചയോടെ വിശ്വഹിന്ദു പരിവാർ സംഘടനാ നേതാവായ കംബോജിയും ഏതാനും പേരും ചേർന്ന് ഒരു കാളയുടെ മാംസാവശിഷ്ടങ്ങൾ മീററ്റ് ഹൈവേ പരിസരത്ത് കിടക്കുന്നതായി പോലീസിനെ വിളിച്ചറിയിച്ചു. ഇവർ റോഡ് ഉപരോധം നടത്തുകയും ചെയ്തതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന് അവിടെ കണ്ട കന്നുകാലി അവശിഷ്ടങ്ങളിൽ സംശയം തോന്നി. കാലപ്പഴക്കം തോന്നിപ്പിക്കുന്നത് ആയിരുന്നു അവ. പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയ പരാതിക്കാരനായ വിഷ് സിംഗ് കംബോജിയെ സർസാവ പോലീസ് പൊക്കി.

ചോദിക്കേണ്ട പോലെ ചോദിച്ചപ്പോൾ കംബോജി മണിമണിയായി കാര്യങ്ങൾ പറഞ്ഞെന്ന് എസ്എച്ച്ഒ നരേന്ദർ ശർമ്മ പറഞ്ഞു. ടിപ്പു ഖുറേഷിയുടെ നിർദ്ദേശപ്രകാരമാണ് ഗോരക്ഷാസംഘം നാടകം നടത്തിയതെന്ന് അയാൾ ഏറ്റുപറഞ്ഞു. ഖുറേഷിയുമായി പങ്കുകച്ചവടം നടത്തിയ വ്യക്തി ബന്ധം ഒഴിഞ്ഞ ശേഷം മെച്ചപ്പെട്ട നിലയിൽ ബിസിനസ് നടത്തിവരികയായിരുന്നു. ഇയാളെ എങ്ങനെയെങ്കിലും അകത്താക്കിയാൽ തൻ്റെ കച്ചവടം പൊടിപൊടിക്കുമെന്ന ധാരണയിലാണ് പണികൊടുക്കാൻ ഖുറേഷി ഇറങ്ങിത്തിരിച്ചത്.

പഴയ പങ്കാളിയുടെ വ്യാപാര വളർച്ചയിൽ അസൂയ പൂണ്ട ഖുറേഷി കൊടുത്ത ക്വട്ടേഷനാണ് തിരിഞ്ഞു കൊത്തിയത്. ഗോഹത്യാക്കേസുകളിൽ ജാമ്യം കിട്ടാൻ വലിയ പാടാണ്. കോടതികൾ ഇത്തരം കേസുകളിൽ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. ഇതറിയാവുന്ന ഖുറേഷി ഏത് വിധേനയും തൻ്റെ പഴയ പങ്കാളിയെ കുടുക്കാനാണ് കംബോജിക്ക് ക്വട്ടേഷൻ കൊടുത്തത്. എന്നാൽ കംബോജി അകത്തായ വിവരമറിഞ്ഞ് ഖുറേഷി മുങ്ങി.

അടുത്തകാലത്ത് മാത്രം ഗോസംരക്ഷകൻ്റെ വേഷത്തിൽ രംഗത്തെത്തിയ വിഷ് സിംഗ് കംബോജി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഗുണ്ടാ ആക്ട് പ്രകാരം തടവിൽ കിടന്നിട്ടുള്ള സ്ഥിരം കുറ്റവാളിയാണെന്ന് സഹറാൻപൂർ പോലീസ് സൂപ്രണ്ട് റോഹിത് സിംഗ് സജ് വാൻ പറഞ്ഞു. മതസ്പർദ്ധ ഉണ്ടാക്കി കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ഇപ്പോഴത്തെ അറസ്റ്റ്. ജാമ്യമില്ലാതെ കംബോജി റിമാൻ്റിലുമായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top