വിഷപ്പാമ്പിനെ വീടിനുള്ളിലേക്ക് എറിഞ്ഞ ഗുണ്ട വീണ്ടും അറസ്റ്റിൽ, മകളെ ശല്യം ചെയ്തത് വിലക്കിയതിന്റെ വൈരാഗ്യത്തിൽ വധശ്രമം

തിരുവനന്തപുരം: മകളെ ശല്യം ചെയ്തത് വിലക്കിയതിന്റെ വൈരാഗ്യത്തിൽ വിഷപ്പാമ്പിനെ വീടിനുള്ളിലേക്ക് എറിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും ആക്രമം നടത്തി. വധശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ കാട്ടാക്കട കുളവിയോട് കല്ലമ്പലം സ്വദേശി കിച്ചു എന്ന ഗുണ്ട് റാവു(30)വാണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.
വാളുമായി പെൺകുട്ടിയുടെ വീടിനു ചുറ്റും മൂന്ന് ദിവസമായി കറങ്ങി നടന്ന ഗുണ്ട്റാവു ഇന്നലെ വീടിനുള്ളിലേക്ക് കയറാൻ ശ്രമിച്ചിരുന്നു. ഇത് തടയാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ ബലപ്രയോഗത്തിൽ ഇയാൾക്കു കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. മർദ്ദനത്തെതുടർന്ന് റോഡിൽ അവശനിലയിൽ കിടന്ന ഇയാളെ പോലീസ് ആശുപത്രിയിൽ എത്തിച്ചു. മാരകായുധങ്ങൾ കൈവശം വച്ചതിനും കൊലപാതകശ്രമം നടത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത് എന്ന് കാട്ടാക്കട പോലീസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
കോടതി ഇയാളെ റിമാൻഡ് ചെയ്തു. രണ്ടു മാസം മുൻപ് കാട്ടാക്കടയിലെ പെൺകുട്ടിയെ ശല്യം ചെയ്തതിന്റെ പേരിൽ ഇയാൾ വീടിനുള്ളിലേക്ക് വിഷപ്പാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്ന് പാമ്പുകടി ഏൽക്കാതെ രക്ഷപ്പെട്ട പെൺകുട്ടിയുടെ പിതാവ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. നിരവധി കേസുകളിൽ പ്രതിയായ കിച്ചു ലഹരി സംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ്. ഇക്കഴിഞ്ഞ ദിവസമാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here