‘അഹങ്കാരം’ മതിയാക്കി ആർഎസ്എസ് പ്രീണനത്തിലേക്ക് തിരിഞ്ഞ് നടക്കുന്നോ കേന്ദ്രം; അപായസൂചന തിരിച്ചറിഞ്ഞ് സമവായത്തിന് മോദിയുടെ നീക്കം
രാഷ്ടീയ സ്വയംസേവക് സംഘത്തിൻ്റെ (ആർഎസ്എസ്) പ്രചാരകനായി പൊതുജീവിതം ആരംഭിക്കുകയും പടിപടിയായി ആ പ്രത്യയശാസ്ത്രം മുറുകെ പിടിച്ച് മുന്നേറുകയും ചെയ്ത നേതാവാണ് നരേന്ദ്ര ദാമോദർദാസ് മോദി. കുട്ടിക്കാലത്ത് ആർഎസ്എസ് പ്രചാരകനായ നരേന്ദ്ര മോദി 1980 മുതൽ ബിജെപിയുടെ ഗുജറാത്തിലെ സജീവ പ്രവർത്തകനായി മാറി, ഇടക്കാലത്ത് ബിജെപിയുടെ ദേശീയ സെക്രട്ടറിയായി, പിന്നീട് ഗുജറാത്ത് മുഖ്യമന്ത്രിയായ മോദി, സ്വയം സേവകനിൽ നിന്ന് ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി മാറുന്ന പ്രതിഭാസമാണ് ഇന്ത്യൻ രാഷ്ട്രീയം കണ്ടത്.
ദീർഘകാലം ഗുജറാത്ത് മുഖ്യമന്ത്രിയായി, വികസന നായകനെന്നും ഹിന്ദുത്വ പ്രമാണങ്ങളുടെ തേരാളിയെന്നുമെല്ലാം വിശേഷിപ്പിക്കപ്പെട്ടു. അഴിമതി വിരുദ്ധ പ്രതിഛായയുടെ പേരിൽ പ്രകീർത്തിക്കപ്പെട്ട് പാർട്ടിക്ക് അതീതമായി വളർന്ന നേതാവ് എന്ന നിലയിൽ ഭൂരിപക്ഷ ജനതയുടെ മനസിൽ മോദിയെ പ്രതിഷ്ഠിക്കാൻ ആർഎസ്എസിന് വളരെ വേഗം കഴിഞ്ഞു. സംഘത്തിൻ്റെ നിലപാടുകൾക്ക് അനുയോജ്യമാംവിധം 2014ലും 2019ലും രാഷ്ട്രീയ തീരുമാനങ്ങൾ സ്വീകരിക്കാൻ മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് കഴിഞ്ഞു. പ്രത്യേകിച്ചും മുത്തലാഖ്, കാശ്മീരിന് പ്രത്യേക പദവി നല്കിയിരുന്ന ആർട്ടിക്കിൾ 370 ഒഴിവാക്കിയത്, അയോധ്യ ക്ഷേത്രനിർമ്മാണം എന്നിങ്ങനെ 100 വർഷം പ്രായമുള്ള ആർഎസ്എസിൻ്റെ ആശയങ്ങളെല്ലാം മോദി നടപ്പാക്കിയെടുത്തു. എന്നാൽ പിന്നീട് ഇതേ മോദിയും അദ്ദേഹത്തിൻ്റെ മന്ത്രിസഭയിലെ രണ്ടാമനുമായ അമിത് ഷായും മാതൃസംഘടനയുടെ ചട്ടക്കുടിൽ നിന്ന് കുതറിമാറാൻ ശ്രമിക്കുന്നതായി നാഗ്പൂരിലെ ആർഎസ്എസ് നേതൃത്വത്തിന് തോന്നലുണ്ടായി. ആ തോന്നലിൻ്റെ പ്രത്യക്ഷ പ്രതിഫലനങ്ങൾ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാണാനുമായി. നെഹ്റുവിന് ശേഷം മൂന്നാംവട്ടം അധികാരം പിടിക്കാനിറങ്ങിയ മോദിക്ക് കേവല ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല. 400 സീറ്റ് നേടുമെന്ന് ഉറപ്പിച്ച മോദി-ഷാ കൂട്ടുകെട്ടിന് ഘടകകക്ഷികളുടെ ഔദാര്യം തേടി നടക്കേണ്ട ഗതികേടുണ്ടായി.
ആർഎസ്എസിൻ്റെ സഹായമില്ലാതെ തന്നെ ഒറ്റയ്ക്ക് നില്ക്കാൻ ബിജെപി ശക്തി പ്രാപിച്ചെന്ന പാർട്ടി അധ്യക്ഷൻ ജെപി നഡ്ഢയുടെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പ്രസ്താവനയോടെയാണ് മോദിയും നാഗ്പൂരും തമ്മിലുള്ള അകൽച്ചയുടെ സൂചനകൾ പുറത്തുവന്നത്. ഈവർഷം മെയ് മാസത്തിൽ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് നഡ്ഢയുടെ തുറന്ന് പറച്ചിലുണ്ടായത്. “തുടക്കത്തിൽ ഞങ്ങൾ ചെറിയ പാർട്ടിയായിരുന്നു. അന്ന് വേണ്ടത്ര ശക്തിയില്ലായിരുന്നു. അന്ന് ആർഎസ്എസിൻ്റെ പിന്തുണ ഉണ്ടായിരുന്നു. ഇന്ന് ഞങ്ങൾ ഒറ്റയ്ക്ക് വളർന്നു. ഒറ്റയ്ക്ക് നിൽക്കാനുള്ള ശക്തി ആർജ്ജിച്ചു” ഇങ്ങനെയായിരുന്നു നഡ്ഡയുടെ വാക്കുകൾ. ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ പ്രധാന വിളഭൂമികളായ ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് വൻ തോതിൽ സീറ്റ് നഷ്മുണ്ടായത് ആർഎസ്എസിന് മോദിയോട് താൽപര്യം കുറഞ്ഞതിൻ്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
പ്രധാനമന്ത്രിയായ ശേഷം മോദിയും ആർഎസ്എസും തമ്മിലുള്ള ബന്ധം പല അഭ്യൂഹങ്ങൾക്കും ഇട നൽകിയിട്ടുണ്ട്. രാമക്ഷേത്രം, ജമ്മു കാശ്മീർ തുടങ്ങിയ വൈകാരിക വിഷയങ്ങളിൽ സംഘത്തിന്റെ അജൻഡ മോദി നടപ്പിലാക്കി. എന്നാൽ വ്യക്തികേന്ദ്രീകൃത നീക്കങ്ങൾ ആർഎസ്എസിന്റെ സങ്കൽപ്പങ്ങൾക്ക് നിരക്കുന്നതല്ല. മോദി ഗാരൻ്റി എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട പദ്ധതികൾ അതുകൊണ്ട് തന്നെ ഇരുകൂട്ടരും തമ്മിലുള്ള ബന്ധത്തിൽ കല്ലുകടിയായി. ബിജെപി സർക്കാരിന്റെ ക്ഷേമപദ്ധതികളും ഗുണഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളും ഒരളവുവരെ ജനപ്രിയമായിരുന്നു. അവയെല്ലാം തന്നെ മോദി ഗാരന്റി എന്ന തരത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ മതധ്രുവീകരണം ലക്ഷ്യമിട്ട് നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങൾ തീവ്രഹിന്ദുത്വക്കാരെ സക്രിയമാക്കാൻ ലക്ഷ്യമിട്ടായിരുന്നു. പക്ഷേ അത് എല്ലായിടത്തും ഫലം കണ്ടില്ലെന്ന് മാത്രമല്ല, ദലിത്- പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ അതൃപ്തി ഉണ്ടാക്കുകയും ചെയ്തു. ഇത് ആർഎസ്എസ് നേതൃത്വത്തെ അസ്വസ്ഥമാക്കി.
തിരഞ്ഞെടുപ്പ് ഫലം വന്നതിൻ്റെ പിറ്റേയാഴ്ച ആർഎസ്എസ് നേതാവ്, ബിജെപി നേതാക്കളുടെ അഹങ്കാരമാണെന്ന് തുറന്നടിച്ചത് എല്ലാവരെയും ഞെട്ടിച്ചു. അഹങ്കാരികളെ ശ്രീരാമൻ 241ൽ പിടിച്ചുകെട്ടി എന്നായിരുന്നു ആർഎസ്എസ് ദേശീയ നിർവാഹക സമിതി അംഗം ഇന്ദ്രേഷ് കുമാറിൻ്റെ പരിഹാസം. 370 സീറ്റെന്ന അവകാശവാദവുമായി മത്സരിച്ച് ബിജെപി കേവല ഭൂരിപക്ഷത്തിനും താഴെ 240 സീറ്റ് മാത്രം നേടിയതിനെ ഉദ്ദേശിച്ചായിരുന്നു ഈ വിമർശനം. “ജനാധിപത്യത്തിൽ രാമരാജ്യത്തെ സഭ നോക്കൂ, രാമനെ ആരാധിച്ചവർ ക്രമേണ അഹങ്കാരികളായി മാറി. ആ പാർട്ടി വളർന്ന് വലിയ പാർട്ടിയായി. എന്നാൽ അഹങ്കാരം കാരണം അവർക്ക് കിട്ടേണ്ട വോട്ടുകളും അധികാരവും ദൈവം തടഞ്ഞു. രാമനെ എതിർത്തവർക്ക് അധികാരം കിട്ടിയില്ല. അവരെല്ലാവരും ഒന്നിച്ചുനിന്നിട്ട് പോലും രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ദൈവത്തിന്റെ നീതി സത്യമാണ്” -ഇങ്ങനെയെല്ലാമായിരുന്നു അദ്ദേഹത്തിൻ്റെ നിരീക്ഷണം. പിന്നീട് ഈ പ്രസ്താവനയിൽ നേരിയ മാറ്റങ്ങൾ ഇന്ദ്രേഷ് കുമാർ വരുത്തിയെങ്കിലും കാതലായ വിഷയങ്ങൾ അതേപടി നിൽക്കുകയാണ്.
ഇന്ദ്രേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിൻ്റെ വിമർശനവും ബിജെപിയെ പ്രതിരോധത്തിലാക്കുന്നത് ആയിരുന്നു. “ഒരു യഥാർത്ഥ സ്വയംസേവകൻ ജോലി ചെയ്യുമ്പോൾ മാന്യത നിലനിർത്തുന്നു. അങ്ങനെയുള്ളവർ മാത്രമേ സേവനം നടത്തുന്നുള്ളു. അവർക്ക് താൻ ചെയ്യുന്നതിനെ കുറിച്ച് അഹങ്കാരം ഉണ്ടാകുകയില്ല. അങ്ങനെയുള്ളവർക്ക് മാത്രമേ സേവകനാകാൻ അവകാശമുള്ളൂ” -നാഗ്പൂരിൽ ജൂൺ 11ന് നടന്ന ആർഎസ്എസ് പ്രവർത്തകർക്കുള്ള ആനുകാലിക പരിശീലന പരിപാടിയായ കാര്യകർത്താ വികാസ് വർഗിൽ ആയിരുന്നു ഈ പരാമർശം. കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടാൻ സാധിക്കാതിരുന്ന ബിജെപി, ഘടക കക്ഷികളുടെ പിന്തുണയിൽ അധികാരമേറ്റ സമയത്താണ് ആർഎസ്എസ് തലവന്റെ ഈ പരാമർശം എന്നതാണ് ശ്രദ്ധേയം. യഥാർത്ഥ സേവകൻ തൻ്റെ പ്രവർത്തനത്തിൽ മാന്യത പുലർത്തുമെന്ന് ഭാഗവത് പറഞ്ഞതിന് ഒരുപാട് അർത്ഥതലങ്ങൾ രാഷ്ട്രീയ നിരീക്ഷകർ കാണുന്നുണ്ട്. എല്ലാം തൻ്റെ കൈപ്പിടിയിലൊതുക്കുന്ന മോദിയുടെ ശൈലിയോടുള്ള ആർഎസ്എസിൻ്റെ വിയോജിപ്പാണ് സംഘത്തിൻ്റെ പരമാധ്യക്ഷൻ പ്രകടിപ്പിച്ചത് എന്നാണ് വിലയിരുത്തൽ.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന ഘട്ടത്തിൽ ന്യൂസ് 18 ടെലിവിഷൻ ശൃംഖലയ്ക്ക് മോദി നൽകിയ അഭിമുഖത്തിൽ തൻ്റെ ജനനത്തെക്കുറിച്ച് പറഞ്ഞതും ആർഎസ്എസിനെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. തന്നെ ദൈവം നിരവധി ഉത്തരവാദിത്തങ്ങളുമായി ഭൂമിയിലേക്ക് പ്രത്യേകമായി അയച്ചതാണ് എന്നായിരുന്നു മോദിയുടെ വാദം. എന്തുകാര്യം ചെയ്യുമ്പോഴും ആ ശക്തി തനിക്ക് വഴികാട്ടുകയാണ്. തൻ്റെ ജന്മം ജൈവികമല്ലെന്നു അദ്ദേഹം ആ അഭിമുഖത്തിൽ പറഞ്ഞു. മോദിയുടെ ഈ പ്രസ്താവനക്കെതിരെയും മോഹൻ ഭാഗവത് പരസ്യമായി രംഗത്ത് വന്നിരുന്നു. ചിലർ ദൈവമാകാൻ ശ്രമിക്കുകയാണെന്ന് ഭാഗവത്ത് പറഞ്ഞു. പുരോഗതിക്കും മനുഷ്യന്റെ അത്യാഗ്രഹങ്ങൾക്കും ഒരു അവസാനവുമില്ല എന്നും ഭാഗവത് കടുപ്പിച്ച് പറഞ്ഞു. ജാർഖണ്ഡിൽ വികാസ് ഭാരതിയെന്ന സംഘടന നടത്തിയ പരിപാടിയിലായിരുന്നു ഈ പ്രതികരണം. “മനുഷ്യർ അമാനുഷികരാകാൻ ആഗ്രഹിക്കും. സിനിമകളിൽ കാണുന്നത് പോലെ അമാനുഷിക ശക്തി വേണമെന്നായിരിക്കും ഇവരുടെ ആഗ്രഹം. അമാനുഷികനായാലും മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് അവസാനമുണ്ടാവില്ല. പിന്നീട് അവൻ ദേവനാകാൻ ആഗ്രഹിക്കും. അതിന് ശേഷം ഭഗവാനാകണം എന്നായിരിക്കും ചിലരുടെ ആഗ്രഹം” -തെളിച്ചുതന്നെ ഭാഗവത് പറഞ്ഞു. നരേന്ദ്ര മോദിയെ ഉദ്ദേശിച്ചാണ് ആർഎസ്എസ് മേധാവി ഈ പ്രസ്താവന നടത്തിയതെന്ന് കോൺഗ്രസ് ആരോപിക്കുകയും ചെയ്തു.
ആർഎസ്എസിൻ്റെ പരമാധികാരത്തേയും അതിൻ്റെ നേതൃത്വത്തേയും വിശ്വാസത്തിലെടുക്കാതെയുള്ള മോദി -അമിത് ഷാ കൂട്ടുകെട്ടിൻ്റെ പോക്കിനോടുള്ള സംഘത്തിൻ്റെ അതൃപ്തിയാണ് പരസ്യമായി പുറത്തുവരുന്നത്. 2022 മുതലാണ് ബന്ധത്തിലെ ഈ വിള്ളൽ പ്രകടമായത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന പട്ടിണിക്കും തൊഴിലില്ലായ്മയ്ക്കും അസമത്വത്തിനുമെതിരെ ആർഎസ്എസ് പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. 2022 ഒക്ടോബറിൽ സ്വദേശി ജാഗരൺ മഞ്ചിൻ്റെ പൊതുയോഗത്തിൽ വെച്ചാണ് ആർഎസ്എസ് ജനറൽ സെക്രട്ടറിയായ ദത്താത്രേയ ഹൊസബെലെ കേന്ദ്ര സർക്കാർ നയങ്ങളെ രൂക്ഷമായി വിമർശിച്ചത്. ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് പരിഹരിക്കാൻ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നായിരുന്നു മുന്നറിയിപ്പ്.
സംഘത്തെ അവഗണിച്ച് ഒറ്റയാനായി നീങ്ങാൻ ശ്രമിച്ച മോദിയെ ഒരു പാഠം പഠിപ്പിക്കണം എന്ന ആർഎസ്എസ് നിലപാടിൻ്റെ പ്രതിഫലനമായാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രിയ നിരീക്ഷകർ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പിൽ ആർഎസ്എസിൻ്റെ മുഴുവൻ പിന്തുണയും ഉണ്ടായിരുന്നില്ലെന്നാണ് ഉത്തർ പ്രദേശിലെ ഫലങ്ങൾ നൽകുന്ന സൂചന. സംഘത്തിൻ്റെ ഗുഡ്ബുക്കിൽ നിന്ന് മോദിയെ വെട്ടിമാറ്റുന്നതിൻ്റെ സൂചനകളാണ് സർസംഘചാലകിൻ്റെ പ്രസ്താവനയെന്ന് കരുതുന്നവർ പ്രതിപക്ഷത്ത് മാത്രമല്ല, ഭരണപക്ഷത്തുമുണ്ട്.
അതേസമയം തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് അപായസൂചന ലഭിച്ച നരേന്ദ്രമോദി, ആർഎസ്എസ് പ്രീണന നയങ്ങളും നിലപാടുകളുമായി വീണ്ടും സജീവമാകുന്നു എന്നാണ് കോൺഗ്രസിൻ്റെ ആക്ഷേപം. ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കുന്നതിന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്ന വിലക്ക് നീക്കിയത് ഇതിൻ്റെ ഭാഗമാണെന്നാണ് മുൻ കേന്ദ്രമന്ത്രി ജയറാം രമേശ് ആരോപിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here