യാഗശാലയായി അനന്തപുരി; പുണ്യം തേടി ഭക്തലക്ഷങ്ങൾ, നിവേദ്യത്തിന് മുന്നൂറോളം പൂജാരിമാര്‍

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ പുണ്യം തേടി ഭക്തർ. ലക്ഷക്കണക്കിന് സ്ത്രീ ഭക്തരാണ് ഇത്തവണ ആറ്റുകാൽ പൊങ്കാല അർപ്പിക്കാൻ തിരുവനന്തപുരത്ത് എത്തിയത്. രാവിലെ 10.30 ന് പൊങ്കാല അടുപ്പിൽ തീ പകർന്നതോടെയാണ് ഈ വർഷത്തെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായത്.

കണ്ണകിദേവി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം തോറ്റംപാട്ടുകർ പാടി അവസാനിപ്പിച്ചതിന് ശേഷം ശുദ്ധപുണ്യാഹത്തോടെയാണ് ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ചടങ്ങുകൾ ആരംഭിച്ചത്. തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീ കോവിലിൽ നിന്നും ദീപം പകർന്ന് മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിയ്ക്ക് കൈമാറി. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലും വലിയ തിടപ്പള്ളിയിലും തീ പകർന്ന ശേഷം അതേ ദീപം സഹമേൽശാന്തിയ്ക്ക് കൈമാറി. സഹമേൽശാന്തി ക്ഷേത്രത്തിനു മുന്നിൽ ഒരുക്കിയ പണ്ടാര അടുപ്പിലേക്ക് തീ പകർന്നതോടെ ചെണ്ടമേളവും കതിനയും മുഴങ്ങി. തുടർന്ന് ഭക്തലക്ഷങ്ങൾ പൊങ്കാല അടുപ്പുകളിൽ ദീപം തെളിയിച്ചു.

ഉച്ചയ്ക്ക് 2.30 ന് ആണ് പൊങ്കാല നിവേദ്യം. 300 ഓളം പൂജാരിമാരെയാണ് പൊങ്കാല നിവേദ്യത്തിനായി നിയോഗിച്ചിട്ടുള്ളത്. താലപ്പൊലിയ്ക്കായി നിരവധി ബാലികമാർ ക്ഷേത്രത്തിൽ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. വൈകിട്ട് 7:30ന് കുത്തിയോട്ട ബാലന്മാരുടെ ചൂരൽ കുത്ത് ആരംഭിക്കും. ദേവിയുടെ ഭടന്മാരായ ഇവരുടെ അകമ്പടിയോടെ രാത്രി 11 മണിക്ക് ആറ്റുകാൽ അമ്മ ആനപ്പുറത്ത് എഴുന്നള്ളും. മണക്കാട് ശാസ്താ ക്ഷേത്രം വരെയാണ് ദേവി എത്തുന്നത്. നാളെ രാവിലെ എട്ട് മണിയോടെ എഴുന്നള്ളത്ത് തിരിച്ച് ആറ്റുകാൽ അമ്പലത്തിൽ പ്രവേശിക്കും. രാത്രി കാപ്പഴിച്ച ശേഷം ഗുരുസിയോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനമാകും.

3000ത്തോളം പോലീസുകാരെയും 250ഓളം അഗ്നിരക്ഷാ സേനാംഗങ്ങളെയുമാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണത്തിനായി 3000ത്തോളം പേരെ തിരുവനന്തപുരം നഗരസഭ നിയോഗിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top