ശോഭനാ ജോർജും നിള നമ്പ്യാരും പൊങ്കാല സ്റ്റാർസ്!! ചിപ്പിക്കും ആനിക്കും പിന്നാലെ പുതിയ താരങ്ങളെ കണ്ടെത്തി ചാനലുകൾ

കാമ്പുള്ള വാർത്തകളേക്കാളധികം ദൃശ്യപ്പൊലിമയും ലൈവിലെ വാചകമടികളും കൊണ്ട് റേറ്റിങ് നിർണയിക്കപ്പെടുന്ന വർത്തമാനകാല ചാനൽ മത്സരത്തിനിടയിലെ അവിഭാജ്യ ഘടകങ്ങളാണ് വർഷാവർഷമുള്ള ആറ്റുകാൽ പൊങ്കാലയും, അതിലെ ചിപ്പി അടക്കം താരങ്ങളുടെ സാന്നിധ്യവും. ചിപ്പി, ആനി തുടങ്ങി പതിവുകാർ എവിടെയാകുമെന്നും എപ്പോൾ എത്തുമെന്നുമെല്ലാം തിരക്കി ഉറപ്പാക്കിയാണ് ലൈവ് ടെലികാസ്റ്റുകൾ സെറ്റ് ചെയ്യുന്നത് പോലും. ഇത്തവണ പക്ഷെ അതിനിടയിലേക്ക് വന്നുകയറി താരങ്ങളായവരാണ് ശോഭനാ ജോർജും നിള നമ്പ്യാരും. അവരുടെ വീഡിയോകളാണ് പൊങ്കാല കഴിഞ്ഞ് രണ്ടു ദിവസമായിട്ടും സോഷ്യൽ മീഡിയയിൽ പറന്നോടുന്നത്.
ചെങ്ങന്നൂർ മുൻ എംഎൽഎ കൂടിയായ ശോഭനാ ജോർജ് രാഷ്ട്രീയക്കാരി എന്ന നിലയ്ക്ക് മുമ്പേ താരമാണ്. എന്നാൽ ഇടതുപക്ഷത്തേക്ക് കാലുമാറിയ ശേഷം മുമ്പത്തേത് പോലെ വാർത്തകളിൽ നിറയാൻ യോഗമില്ലാതെ പോയ ശോഭനക്ക് ബമ്പറടിച്ചതാണ് ഇത്തവണത്തെ പൊങ്കാല എന്ന് പറയാം. ചാനൽ മൈക്കുകൾക്ക് മുന്നിൽ അടിച്ചൊരു ഡയലോഗ് ആണ് അവരെ ഇത്തവണത്തെ പൊങ്കാല സ്റ്റാർ ആക്കിയത്. മുഖ്യമന്ത്രിയുടെ ആയുരാരോഗ്യത്തിന് വേണ്ടിയാണ് തൻ്റെ പൊങ്കാലയെന്നാണ് ഈ മുൻ കോൺഗ്രസുകാരി പറഞ്ഞത്. അദ്ദേഹത്തിന് വേണ്ടി ഒരനുജത്തിയുടെ പ്രാർത്ഥനയാണ് എന്നുകൂടി പറഞ്ഞ്, സിപിഎമ്മിലെ സഖാക്കളാരും ഇന്നുവരെ പ്രകടിപ്പിക്കാൻ ധൈര്യപ്പെട്ടിട്ടില്ലാത്ത സഹോദരസ്നേഹം കൂടിയാണ് ശോഭന പ്രകടിപ്പിച്ചത്.
സോഫ്റ്റ് പോൺ എന്ന് പറയാവുന്ന വിധത്തിലുള്ള ചില വീഡിയോകളുമായി സമീപകാലത്ത് രംഗത്തെത്തി താരമായതാണ് നിള നമ്പ്യാർ. ഇൻഫ്ലുവൻസർ എന്ന വിശേഷണം നൽകി ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സ്ക്രീൻ സ്പേസ് നൽകിയതോടെ തൻ്റെ ദുരിതജീവിതം വിവരിച്ച് കളംപിടിച്ച നിളയുടെ പൊങ്കാലയിലെ സാന്നിധ്യം അപ്രതീക്ഷിതമായിരുന്നു. അവർക്കും മൈക്ക് വച്ചുനീട്ടി ആറ്റുകാലമ്മയോടുള്ള ഭക്തി വിവരിക്കാൻ ചിലർ അവസരം ഒരുക്കിയതോടെയാണ് സോഷ്യൽ മീഡിയക്കുള്ള വകയായത്. ആസിയ എന്ന തൻ്റെ ഐഡൻ്റിറ്റിയിൽ പുതിയ ബിസിനസ് നടക്കില്ലെന്ന് വന്നതോടെയാണ് നിള നമ്പ്യാർ എന്ന് പേരുമാറ്റിയതെന്ന അവരുടെ തന്നെ മുൻ വെളിപ്പെടുത്തൽ ഓർമിപ്പിച്ച് ചിലരെല്ലാം വീണ്ടും പ്രതിഷേധവുമായി രംഗത്ത് എത്തുന്നുമുണ്ട്. ലോല കോട്ടേജ് എന്ന പേരിൽ തയ്യാറാകുന്ന അഡൾട്ട് വെബ് സീരീസിൻ്റെ സംവിധായകയുമാണ് ഇപ്പോൾ നിള എന്ന ആസിയ.
സിനിമാ താരങ്ങളുടെ, പ്രത്യേകിച്ച് ചെറുപ്പക്കാരായ പെൺകുട്ടികളുടെ അംഗവിക്ഷേപങ്ങളെല്ലാം ഒപ്പിയെടുത്ത് ഷോർട്സും റീൽസുമാക്കുന്ന ചില ഇക്കിളി യൂട്യൂബർമാരും ഇത്തവണത്തെ പൊങ്കാല കവറേജിനായി എത്തിയിരുന്നു എന്നത് ചിലരെല്ലാം ശ്രദ്ധിച്ചിട്ടുണ്ട്. നിള റോഡ് മുറിച്ച് കടക്കുന്നത് കണ്ടോ, ചിപ്പി അടുപ്പ് ഊതുന്നത് കണ്ടോ, ആനി കഞ്ഞി കുടിക്കുന്നത് കണ്ടോ മാതൃകയിൽ ക്യാപ്ഷനിട്ട് വീഡിയോ വൈറലാക്കുന്നവരുടെ ലക്ഷ്യം അത്ര നിഷ്കളങ്കമല്ലെന്ന് എല്ലാവർക്കും അറിയാം. അത്തരക്കാരുടെ പ്ലാനിങ്ങിലുമാണ് മുമ്പില്ലാത്ത ചിലരെല്ലാം പൊങ്കാലയിൽ സാന്നിധ്യം അറിയിച്ച് മാർക്കറ്റ് പിടിക്കാൻ നോക്കുന്നത്. കഥയൊന്നും ഇല്ലെങ്കിലും സാറ്റലൈറ്റ് ചാനലുകളുടെ മുൻകാലത്തെ കവറേജ് കൊണ്ട് ആർക്കും ഉപദ്രവമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ചില നവമാധ്യമക്കാരെ കാര്യമായി സൂക്ഷിക്കേണ്ട സാഹചര്യമാണെന്ന് ഇവരിൽ ചിലരുടെ പേജിലുള്ള പൊങ്കാല കവറേജിൻ്റെ ഫോട്ടോകളും വീഡിയോകളും കണ്ടാൽ തന്നെ വ്യക്തമാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here