തമന്ന “yes” പറഞ്ഞില്ലായിരുന്നെങ്കിൽ ബാന്ദ്ര ഉണ്ടാകില്ല, അത്രയ്ക്കാണ് ആ റോൾ; ഓഡിയോ ലോഞ്ചിൽ ദിലീപ്

ഫൈറ്റും ഡാൻസുമായി എത്തുന്ന ദിലീപ് ചിത്രം ബാന്ദ്രയിലെ ആദ്യ ഗാനം ഇന്ന് റിലീസാകും. റക്ക-റക്ക എന്ന പാട്ടാണ് ഇന്നാദ്യം പുറത്തുവിടുക എന്ന് അണിയറക്കാർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. സാം സി.എസ്. ആണ് സംഗീത സംവിധായകൻ. കഴിഞ്ഞ ദിവസം കൊച്ചിയിൽ ആയിരുന്നു ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്.

ഏഴ് വര്‍ഷത്തിനുശേഷമാണ് താന്‍ ഒരു നായികയോടൊപ്പം നൃത്തം ചെയ്യുന്നതെന്ന് ഓഡിയോ ലോഞ്ച് വേളയില്‍ ദിലീപ് പറഞ്ഞു. തമന്ന അഭിനയിക്കാന്‍ തയ്യാറായില്ലെങ്കിൽ ബാന്ദ്ര ഒരിക്കലും നടക്കില്ലായിരുന്നെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

ബോക്സ് ഓഫീസ് ഹിറ്റ്‌ രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന മാസ്സ് എന്റര്‍ടെയ്നര്‍ ആണ് ബാന്ദ്ര. ദിലീപ്, തമന്ന, അരുണ്‍ ഗോപി, വിനായക അജിത്‌, സംവിധായകരായ ബി.ഉണ്ണികൃഷ്ണന്‍, ജോഷി, ഷാജി കൈലാസ്, നിര്‍മ്മാതാവ് ആന്‍റ്ണി പെരുമ്പാവൂര്‍, ലെന, ജോജു ജോര്‍ജ്, സിജു വില്‍സണ്‍ തുടങ്ങിയ വലിയ താരനിര പരിപാടിയില്‍ പങ്കെടുത്തു.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. മാസ്സ് ആക്ഷന്‍ ഗ്യാങ്ങ്‌സ്റ്റര്‍ ചിത്രം ഒരു ഫാമിലി ഡ്രാമ കൂടിയാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം ഒരു പക്വതയുള്ള പ്രണയകഥയാണ് ബാന്ദ്രയിലൂടെ പറയുന്നതെന്ന് സംവിധായകന്‍ അരുണ്‍ ഗോപി.

Logo
X
Top