DYFI പ്രസിഡന്റ് ക്രമക്കേടുകളുടെ തുടർക്കഥയിലെ കണ്ണി മാത്രം; കൊടിയത്തൂര്‍ ബാങ്കിലെ ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പ്രസിഡൻ്റായ കൊടിയത്തൂർ സഹകരണ ബാങ്കിൽ മുമ്പും ക്രമക്കേടുകൾ നടന്നിരുന്നതായി ഓഡിറ്റ് റിപ്പോർട്ട്. നിയമവിരുദ്ധമായി താല്‍ക്കാലിക നിയമനങ്ങളും ഈടില്ലാതെ വായ്പകളും നൽകിയിരുന്നതായി 2016 മുതൽ 2021 വരെയുള്ള സഹകരണ വകുപ്പിൻ്റെ ഓഡിറ്റ് റിപ്പോർട്ടുകളില്‍ പറയുന്നു. വസീഫ് പ്രസിഡൻ്റായ ശേഷം നടന്ന ക്രമക്കേടുകൾ വ്യക്തമാക്കുന്ന 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് മാധ്യമ സിൻഡിക്കറ്റ് പുറത്ത് വിട്ടിരുന്നു.
ഈടുനല്‍കുന്ന വസ്തുക്കളുടെ ആധാരമോ, കരമടച്ച രസീതോ ആവശ്യമായ മറ്റ് അനുബന്ധ രേഖകളോ ഇല്ലാതെയാണ് വായ്പകൾ നൽകിയിരിക്കുന്നതെന്ന് ഓഡിറ്റ് റിപ്പോർട്ടിലുണ്ട് . ജീവനക്കാരുടെ നിയമനങ്ങൾ രജിസ്ട്രാറുടെ അനുമതിയില്ലാതെ നിയമവിരുദ്ധമായിട്ടാണ് നടത്തിയത്. 16 താല്‍ക്കാലിക ജീവനക്കാരെ ബാങ്കിൽ നിയമവിരുദ്ധമായിട്ടാണ് നിയമിച്ചത് . അക്കൗണ്ടൻ്റും സീനിയർ ക്ലർക്കുമാരും ബാങ്ക് മാനേജറുടെ ജോലിയാണ് ചെയ്യുന്നത്. ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റവും നിയമവിരുദ്ധമായിട്ടാണ് നൽകിയത്. ബാങ്കിൻ്റെ പേരിൽ 8.06 ഏക്കർ ഭൂമിയുണ്ട്. നിക്ഷേപത്തിൻ്റെ 25 ശതമാനവും ഭൂമി, കെട്ടിടം എന്നിവയിലാണ്. ഇത് ലിക്വിഡ് കവറേജിനെ ബാധിക്കുമെന്നും 2020-ലെയും 2021-ലെയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2021 നവംബറിലാണ് വസീഫിൻ്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരമേറ്റത്. ഇക്കാലയളവിൽ 6.3 ലക്ഷം ലാഭമായിരുന്ന ബാങ്ക് ഒരു വര്‍ഷം കൊണ്ട് 20 കോടി 74 ലക്ഷം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയെന്നുമുള്ള 2021-22 ലെ ഓഡിറ്റ് റിപ്പോർട്ട് മാധ്യമ സിൻഡിക്കറ്റ് പുറത്തുവിട്ടിരുന്നു. കൊടിയത്തൂർ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകൾ കാലാകാലങ്ങളായി നടന്ന് വരുന്നതാണെന്ന് ബാങ്കിനെതിരെ പരാതി നൽകിയ എ ക്ലാസ് ഓഹരി ഉടമ തോട്ടുമുഖം ബാലകൃഷ്ണൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
ഭരണസമിതിയുടെ അനുമതിയില്ലാതെ കോടികള്‍ വകമാറ്റുക, സ്ഥലം വാങ്ങുക, അനധികൃതമായി വായ്പ നൽകുക തുടങ്ങിയവയാണ് ബാങ്ക് ഭരണസമിതിയും ജീവനക്കാരും നടത്തുന്ന പ്രധാന ക്രമക്കേടുകൾ. ഇതിന് രാഷ്ട്രീയ നേതൃത്വത്തിൻ്റെ പിന്തുണയുണ്ട്. വസീഫ് പ്രസിഡൻ്റാകുന്നതിന് മുമ്പും ബാങ്കിൽ തിരിമറികൾ നടന്നിട്ടുണ്ട്. മുൻ സെക്രട്ടറിയായ ബാബുരാജിൻ്റെ അറിവോടെയാണിത്. കഴിഞ്ഞ പത്ത് വർഷക്കാലമായി താല്‍ക്കാലിക ജീവനക്കാരനായും ഭരണസമിതി അംഗമായും വസീഫ് ബാങ്കിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാലയളവിൽ ഭരണ സമിതിയും പർച്ചേസിംഗ് കമ്മിറ്റിയും വ്യാപകമായ ക്രമക്കേടുകളാണ് നടത്തിയത്. പർച്ചേസിംഗ് കമ്മിറ്റി നടത്തിയ വെട്ടിപ്പിൽ ഒരു മുൻ എംഎൽഎയ്ക്ക് പങ്കുണ്ടെന്നും ബാലകൃഷ്ണൻ ആരോപിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here