വീണ്ടും ഒരു ‘കര്‍സേവക്ക്’ തയാറെടുത്ത് സംഘപരിവാര്‍ സംഘടനകള്‍; എതിര്‍ക്കാന്‍ ആരുമില്ല; ഔറംഗസീബിന്റെ ശവകുടീരം പൊളിക്കും എന്ന് ഉറപ്പ്

രാജ്യത്തെ രാഷ്ട്രീയ സാഹചര്യം മൊത്തത്തില്‍ മാറിമറിഞ്ഞത് ബാബറി മസ്ജിദ് തകര്‍ക്കാന്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടത്തിയ കര്‍സേവയായിരുന്നു. അതോടെ ചെറുകക്ഷിയായിരുന്ന ബിജെപി വളര്‍ന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായി. ഇപ്പോള്‍ മൂന്ന് വട്ടമായി തുടര്‍ച്ചയായി കാര്യമായ പ്രതിപക്ഷം പോലും ഇല്ലാതെ ഇന്ത്യ ഭരിക്കുന്ന സ്ഥിതിയില്‍ എത്തി. പ്രധാന സംസ്ഥാനങ്ങളെല്ലാം ഇപ്പോള്‍ ബിജെപി ഭരണത്തിലുമാണ്. ഇതോടെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ നീക്കങ്ങളും പലവിധത്തില്‍ ശക്തമായിട്ടുണ്ട്.
മുസ്ലിം പള്ളികള്‍ പൊളിച്ച് അമ്പലങ്ങളാക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ രാജ്യത്ത് പലയിടത്തും നടക്കുന്നുണ്ട്. അതിന് പലപ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂട്ടും നില്‍ക്കുന്നുണ്ട്. ഇതുപോലെ ഇപ്പോള്‍ സജീവമായി കൊണ്ടിരിക്കുന്ന ഒരു ആവശ്യം മുഗള്‍ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നതാണ്. പ്രാദേശികമായി ചില ബിജെപി ശിവസേന ഷിന്‍ഡെ വിഭാഗം നേതാക്കളാണ് ആദ്യം ഈ ആവശ്യം ഉയര്‍ത്തിയത്. എന്നാല്‍ ഇത് ഇപ്പോള്‍ വലിയ നീക്കമായി മാറികൊണ്ടിരിക്കുകയാണ്.
വിശ്വഹിന്ദു പരിഷത്, ബജ്‌റംഗ്ദള്‍ സംഘടനകള്‍ ഈ ആവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ പൊളിക്കാന്‍ തയാറായില്ലെങ്കില്‍ കര്‍സേവ നടത്തുമെന്നാണ് പ്രഖ്യാപനം. ഇതിനു പിന്നാലെ നാഗ്പൂരില്‍ നടന്ന പ്രതിഷേധം വലിയ അക്രമത്തിലാണ് കലാശിച്ചത്. പ്രതിഷേധക്കാരുടെ കല്ലേറില്‍ 15 പോലീസുകാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരുക്കേറ്റു. 25 ബൈക്കുകളും മൂന്നു കാറുകളും അഗ്‌നിക്കിരയാക്കി. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. അള്ളാഹു അക്ബർ മുദ്രാവാക്യവുമായി ചിലർ എത്തി പ്രതിഷേധക്കാരെ ആക്രമിച്ചു എന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സംഭവത്തോടെ പ്രതികരിച്ചത്. ഇതോടെ ശവകുടീരം പൊളിക്കുന്നതിൽ മഹാരാഷ്ട്ര സർക്കാർ നിലപാട് വ്യക്തമാണ്.
ഛത്രപതി സംഭാജി നഗറിലെ കുല്‍ദാബാദില്‍ സ്ഥിതി ചെയ്യുന്ന സ്മാരകം സ്ഥിതി ചെയ്യുന്നത്. ഔറംഗാബാദ് എന്ന പഴ പേര് മാറ്റിയാണ് ഛത്രപതി സംഭാജി നഗര്‍ എന്ന് പേരിട്ടത് അടുത്തിടെയാണ്. പിന്നാലെയാണ് ശവകുടീരം പൊളിച്ച് കളയണം എന്ന ആവശ്യം കൂടി ഉയരുന്നത്. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ശവകുടീരം.
പ്രതിഷേധങ്ങളെ തുടര്‍ന്ന് സ്മാരകത്തിന് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇവിടേക്കുള്ള വഴികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. തിരിച്ചറിയല്‍ കാര്‍ഡുള്ള സന്ദര്‍ശകര്‍ക്ക് മാത്രമാണ് പ്രവേശനം. സിആര്‍പിഎഫ്, പൊലീസ്, മറ്റു സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ വന്‍ സംഘം സ്ഥലത്തുണ്ട്. എന്നാല്‍ ഇതൊന്നും കൊണ്ട് കാര്യമില്ലെന്ന് ഇന്ത്യാക്കാര്‍ അനുഭവം കൊണ്ട് മനസിലാക്കിയതാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here