അതിവേഗ സെഞ്ച്വറിക്ക് പിന്നാലെ ഡച്ച് ടീമിന് അതിവേഗ തോൽവി; ഓസിസിന് റെക്കോർഡ്

ന്യൂഡൽഹി: ഏകദിന ലോകകപ്പിൽ മത്സരത്തിൽ നെതർലൻഡ്സിനെതിരേ ഓസീസിന് റെക്കോർഡ് ജയം. 309 റൺസിനാണ് ഓസ്ട്രേലിയ ഡച്ച് പടയെ തകർത്തത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസിസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് എന്ന കൂറ്റൻ സ്കോർ അടിച്ചുകൂട്ടി. ബാറ്റിങ്ങിനിറങ്ങിയ നെതർലൻഡ്സിനെ 21 ഓവറിൽ 90 റൺസിന് ഓസിസ് എറിഞ്ഞിടുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ റൺസ് അടിസ്ഥാനത്തിൽ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 2015ൽ അഫ്ഗാനിസ്താനെ 275 റൺസിന് തകർത്ത തങ്ങളുടെ തന്നെ റെക്കോഡാണ് ഓസീസ് ഇന്ന് തിരുത്തിയത്.

ഗ്ലെൻ മാക്സ് വെല്ലിൻ്റെ അതിവേഗ സെഞ്ച്വറിയുടേയും ഡേവിഡ് വാർണറിൻ്റെ സെഞ്ചറിയുടേയും മികവിലാണ് ഓസിസ് മികച്ച സ്കോർ നേടിയത്. 40 പന്തിലാണ് മാക്‌സ് വെല്‍ സെഞ്ച്വറി തികച്ചത്. എട്ട് സിക്സിന്റെയും ഒൻപത് ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു മാക്സ് വെല്ലിന്റെ ഇന്നിം​ഗ്സ്. ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണിത്. 44 പന്തിൽ 106 റൺസാണ് മാക്സ് വെൽ അടിച്ചുകൂട്ടിയത്. ഡേവിഡ് വാര്‍ണര്‍ ലോകകപ്പില്‍ രണ്ടാമത്തെ സെഞ്ച്വറിയാണ് ( 93 പന്തില്‍ 104) ഇന്ന് സ്വന്തം പേരിൽ കുറിച്ചത്. സ്റ്റീവ് സ്മിത്ത് 68 പന്തിൽ 71 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്ത് ഫോമിലേക്ക് തിരിച്ചുവന്നതും ഓസ്‌ട്രേലിയക്ക് നേട്ടമായി. നെതർലൻഡ്സിനായി ലോഗൻ വാൻ ബീക് നാല് വിക്കറ്റ് വീഴ്ത്തി

400 റൺസെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ നെതർലൻഡ്സിന് കാര്യമായിട്ടൊന്നും ചെയ്യാനായില്ല . 25 റൺസെടുത്ത വിക്രംജിത് സിങ്ങാണ് നെതർലൻഡ്സിന്റെ ടോപ് സ്കോറർ. വിക്രംജിത്തിനെ കൂടാതെ തേജ നിദമനുരു (14), ക്യാപ്റ്റൻ സ്കോട്ട് എഡ്വാർഡ്സ് (12), സൈബ്രാൻഡ് ഏംഗൽബ്രെക്റ്റ് (11), കോളിൻ ആക്കെർമാൻ (10) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്ന് ഓവറിൽ വെറും എട്ട് റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ ആദം സാംപയാണ് ഡച്ച് ബാറ്റിറ്റിംഗ് നിരയെ തകർത്തത്. മിച്ചൽ മാർഷ് രണ്ട് വിക്കറ്റെടുത്തു. ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട ഓസീസ് തുടർച്ചയായ മൂന്നാം ജയത്തോടെ സെമി പ്രതീക്ഷകൾ സജീവമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top