ഓസ്‌ട്രേലിയ ഓപ്പൺ ബാഡ്മിന്റൺ; സെമിയില്‍ മെഡലുറപ്പിച്ച് ഇന്ത്യ, പി വി സിന്ധു പുറത്ത്
മെല്‍ബണ്‍: 2023 ഓസ്‌ട്രേലിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷയായിരുന്ന പി വി സിന്ധു പുറത്ത്. വനിതാ വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍, അമേരിക്കയുടെ ലോക 12-ാം നമ്പർ താരം ബെയ്‌വെൻ ഷാങിനോട് നേരിട്ടുള്ള ഗെയിമുകൾക്ക് തോറ്റാണ് സിന്ധു ഓസ്‌ട്രേലിയ ഓപ്പണിൽ നിന്ന് പുറത്തായത്. 39 മിനിറ്റില്‍ തന്നെ മത്സരം അവസാനിച്ചു. സ്‌കോര്‍: 12-21, 17-21.
നാലാം ഓസ്‌ട്രേലിയ ഓപ്പണ്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് കളിക്കാനിറങ്ങിയ സിന്ധുവിന് വലിയ തിരിച്ചടിയാണ് പരാജയം. പരിക്കില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ഓരേ പേസില്‍ മുന്നോട്ടുനീങ്ങുന്ന സിന്ധുവിന്റെ കരിയറില്‍ തുടർ പരാജയങ്ങള്‍ വെല്ലുവിളിയുയർത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഫോം കണ്ടെത്താന്‍ പാടുപെടുന്ന സിന്ധു നിലവില്‍ ലോക റാങ്കിങ്ങില്‍ 17-ാം സ്ഥാനത്താണുള്ളത്.
അതേസമയം, പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രിയാന്‍ഷു രജാവത്തും എച് എസ് പ്രണോയിയും സെമി ഫെെനല്‍ പ്രവേശനം നേടി. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനെ അട്ടിമറി വിജയത്തിലൂടെ പരാജയപ്പെടുത്തിയാണ് രജാവത്ത് അവസാന നാലിലെത്തിയത്. സ്‌കോര്‍: 21-13, 21-8. ഏഷ്യന്‍ ചാമ്പ്യനും ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുമുള്ള ഇന്തോനേഷ്യയുടെ ആന്റണി ജിന്‍ഡിങ്ങിനെ പരാജയപ്പെടുത്തിയാണ് മലയാളി താരം എച് എസ് പ്രണോയ് സെമിയില്‍ പ്രവേശിച്ചത്. സ്‌കോര്‍: 16-21, 21-17, 21-14. രണ്ടാം സെമിയില്‍ ഇന്ത്യന്‍ താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടും. ഇതോടെ ഇന്ത്യ ഒരു മെഡല്‍ ഉറപ്പാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here