തൊണ്ടിമുതൽ കേസിലെ ദൈവത്തിൻ്റെ കൈ ഓസ്ട്രേലിയൻ ജയിലിൽ നിന്ന്; ഇൻ്റർപോൾ രഹസ്യവിവരം എത്തിച്ചിട്ടും കേരള പോലീസ് കുഴിച്ചുമൂടിയ കഥ

ഓരോ കേസും തെളിഞ്ഞു വരുമ്പോൾ അതിലൊരു ദൈവത്തിൻറെ കൈ ഉണ്ടായിരുന്നു എന്ന് പോലീസ് അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. തൊണ്ടിമുതൽ തിരിമറിക്കേസിലും അത്തരമൊരു കൈയുടെ ഇടപെടലുണ്ടായി എന്ന് പറയേണ്ടിവരും. ദൈവത്തിൻ്റെ കൈ എന്നതിന് പകരം കള്ളൻ്റെയോ കൊലപാതകിയുടെയോ കൈ എന്നും പറയാം. അത്തരമൊരു ഇടപെടലുണ്ടായത് ഓസ്ട്രേലിയയിലെ ഒരു ജയിലിൽ നിന്നാണ്. അതിൻ്റെ വിവരം ഇങ്ങ് കേരളം വരെയെത്തിയതും ആൻ്റണി രാജുവിനെ പോലൊരാൾ പ്രതിയായി വന്നതും ഓസ്ട്രേലിയൻ പോലീസിന്റെ ജാഗ്രത കൊണ്ടാണ്.
അണ്ടർവെയർ വെട്ടിത്തയ്ച്ചും മറ്റും പെടാപ്പാടെല്ലാം പെട്ട് അഡ്വക്കറ്റ് ആൻ്റണി രാജു ഊരിവിട്ട പ്രതി ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സാർവലി അവിടെയെത്തി മറ്റൊരു കൊലക്കേസിൽ പെട്ടതോടെയാണ് കേരളത്തിൽ വക്കീലുമായി ചേർന്ന് നടത്തിയ തട്ടിപ്പിൻ്റെ കഥ പുറത്തായത്. ഓസ്ട്രേലിയൻ പൊലീസ് ഇൻ്റർപോൾ മുഖേന അയച്ച കത്ത് 1996 ജനുവരിയിലാണ് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് കിട്ടുന്നത്. വിശദാംശങ്ങൾ നോക്കാം… കേസിലെ സുപ്രധാന തെളിവായ ഈ രേഖ ആദ്യമായി പുറംലോകം കാണുന്നത് 2022 ജൂലൈയിൽ ഞാനിത് ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്യുമ്പോഴാണ്. ഇത്ര പ്രധാനപ്പെട്ട ഒരു വിവരം, വാർത്തയായി ചെയ്യാതെ ഫെയ്സ്ബുക്കിലിടേണ്ടി വന്ന സാഹചര്യം കഴിഞ്ഞ ദിവസം വിശദീകരിച്ചുവല്ലോ. കാണാത്തവർക്കായി ആദ്യ കമൻ്റിൽ പിൻ ചെയ്യുന്നു.
ആൻ്റണി രാജുവിൻ്റെ കാര്യക്ഷമത കൊണ്ട് കേസിൽ നിന്നൂരിയ ആൻഡ്രൂ തൊട്ടടുത്തു തന്നെ നാടുവിട്ടു. അതായത് ലഹരിയുമായി പിടിയിലായി ഒറ്റ വർഷത്തിനുള്ളിൽ വിചാരണയും അപ്പീൽ വാദവും പൂർത്തിയാക്കി 1991 മാർച്ച് ആദ്യം ഓസ്ട്രേലിയയിലെത്തി. 95 അവസാനം അവിടെയൊരു കൊലക്കേസിൽ അറസ്റ്റിലാകുന്നു. തുടർന്ന് മെൽബൺ റിമാൻഡ് സെൻ്ററിൽ ആൻഡ്രൂവിൻ്റെ കൂട്ടുപ്രതിയായിരുന്ന വെസ്ലി ജോൺ പോളിനോടാണ് ആൻഡ്രൂ ആണ് നിർണായകമായ ആ വെളിപ്പെടുത്തൽ നടത്തുന്നത്.
“അറസ്റ്റുവിവരം അറിഞ്ഞ് ആൻഡ്രൂവിൻ്റെ ബന്ധുക്കൾ ഇന്ത്യയിലേക്ക് എത്തുന്നു. കൈക്കൂലി നൽകി കോടതി ജീവനക്കാരനെ വശത്താക്കുന്നു…. പ്രതി ഉപയോഗിച്ച വാക്ക്, ക്ലാർക്ക് ഓഫ് കോർട്സ്, അയാളെ സ്വാധീനിച്ചു എന്നാണെന്ന് കത്തിൽ എടുത്ത് പറയുന്നു. തുടർന്ന് ഈ ജീവനക്കാരനെ ഉപയോഗിച്ച്, ആൻഡ്രൂവിൻ്റേതായി കോടതിയിലിരുന്ന അണ്ടർവെയർ മാറ്റി മറ്റൊരെണ്ണം ആ സ്ഥാനത്ത് വയ്ക്കുന്നു. പിന്നീട് നടന്ന കോടതി വാദത്തിനിടെ തൊണ്ടി അടിവസ്ത്രം പ്രതിക്ക് ധരിക്കാൻ പാകത്തിലുളളതല്ല എന്ന വാദം ഉയർത്തുന്നു. ഇത് കോടതി പരിശോധിക്കുന്നു, ആൻഡ്രൂ കുറ്റവിമുക്തനാകുന്നു.”
ഓസ്ട്രേലിയൻ പൊലീസ് ഹോമിസൈഡ് സ്ക്വാഡിലെ ഡിറ്റക്ടീവ് സീനിയർ കോൺസ്റ്റബിൾമാരായ ഗ്രീൻ, വൂൾഫ് എന്നിവർ 1996 ജനുവരി 25നാണ് ഈ മൊഴി രേഖപ്പെടുത്തിയതെന്നും ഇൻ്റർപോൾ കത്തിൽ വിശദീകരിക്കുന്നുണ്ട്. ഇൻ്റർപോൾ ക്യാൻബെറ ഓഫീസിൽ നിന്ന് ഡൽഹി വഴിയാണ് കത്ത് തിരുവനന്തപുരത്തേക്ക് എത്തുന്നത്. ആൻ്റണി രാജുവിൻ്റെ പേര് കത്തിൽ പറയുന്നില്ല. എന്നാൽ ക്ലർക്കിനെ സംബന്ധിച്ച പരാമർശവും, തൊണ്ടി റജിസ്റ്ററിലെ ആൻ്റണി രാജുവിൻ്റെ ഒപ്പും ചേർത്തുവച്ചപ്പോൾ രാജുവിനെയും ക്ലാർക്ക് ജോസിനെയും പ്രതിചേർക്കാൻ 2006ൽ അസി. കമ്മിഷണർ പി.പ്രഭയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൂടുതൽ പാടുപെടേണ്ടി വന്നില്ല.
Also Read: അണ്ടർവെയറിൻ്റെ ഫൊറൻസിക് പരിശോധന, കയ്യക്ഷര പരിശോധന; ആൻ്റണി രാജുവിൻ്റെ വിധിയെഴുതുക ഇത് രണ്ടും
അതേസമയം 1996 ജനുവരിയിൽ ഇത്ര വ്യക്തതയോടെ ഈ കത്ത് കിട്ടിയിട്ടും കണ്ണുകെട്ടിയ മട്ടിലായിരുന്നു അന്നത്തെ പൊലീസ് അന്വേഷണം. പ്രതികളെ കണ്ടെത്താൻ കഴിയുന്നില്ലെന്നും കാലമേറെ ചെന്നതിനാൽ കൂടുതൽ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും ന്യായം പറഞ്ഞാണ് 2002ൽ എം.എം. തമ്പി എന്നൊരു ഉദ്യോഗസ്ഥൻ കോടതിക്ക് റിപ്പോർട്ട് കൊടുത്ത് കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചത്. 1996ൽ ആദ്യവട്ടം എംഎൽഎയായ ആൻ്റണി രാജുവിൻ്റെ ടേം അവസാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ ശ്രമം. ഇതിനെക്കുറിച്ചാണ് അദ്ദേഹം ഇപ്പോൾ ചാനൽ മൈക്ക് കാണുമ്പോഴെല്ലാം പറയുന്നത്, തനിക്കെതിരെ ഒരു തെളിവുമില്ലെന്ന് കണ്ടെത്തി പോലീസ് റിപ്പോർട്ട് കൊടുത്ത് അവസാനിപ്പിച്ച കേസാണെന്ന്.
വീഡിയോ സ്റ്റോറി കാണാം:

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here