രജനിയെ ഇന്നും വിലക്കി സിഐടിയു; നവകേരള സദസിൽ പങ്കെടുക്കാത്തവർ ഓട്ടോ ഓടിക്കേണ്ടെന്ന് നിർദേശം
തിരുവനന്തപുരം: കാട്ടായിക്കോണം ഓട്ടോ സ്റ്റാൻഡിലെ വനിതാ ഡ്രൈവർ കെ.ആർ. രജനിക്കെതിരെ സിഐടിയുവിൻ്റെ തൊഴിൽ നിഷേധവും ഭീഷണിയും രണ്ടാം ദിവസവും തുടരുന്നു. ഡിസംബർ 23-ന് കഴക്കൂട്ടത്ത് നടന്ന നവകേരള സദസിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ചാണ് രജനിക്ക് സ്റ്റാൻഡിൽ പ്രവേശിക്കുന്നതിനും ഓട്ടോ ഓടിക്കുന്നതിനും സിഐടിയു – സിപിഎം പ്രാദേശിക നേതാക്കൾ വിലക്ക് ഏർപ്പെടുത്തിയത്. ചുമട്ട് തൊഴിലാളിയായ സഹോദരനെയും തൊഴിലെടുക്കുന്നതിൽ നിന്നും വിലക്കിയെന്ന് രജനി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
” ഞാൻ ഇന്നും സ്റ്റാൻഡിൽ ഓട്ടോയുമായി എത്തി. എന്നാൽ ഓട്ടം പോകാൻ അനുവദിക്കില്ലെന്നാണ് നിലപാട്. അതിന് വിസമ്മതിച്ചപ്പോൾ രണ്ട് ദിവസം കഴിഞ്ഞ് കയറിയാൽ മതി എന്നാണ് പറയുന്നത്. അതും ഞാൻ അംഗീകരിച്ചില്ല. പുറത്ത് ഒരു ഓട്ടം ലഭിച്ചതിനാൽ തല്ക്കാലം അവിടെ നിന്നും പോയി. അതിന് ശേഷം ഇന്ന് തന്നെ വീണ്ടും സ്റ്റാൻഡിൽ എത്തും എന്നറിയിച്ചപ്പോൾ വൈകിട്ട് ഒരു കമ്മിറ്റി ഉണ്ട്. അത് കഴിഞ്ഞ് തീരുമാനിക്കാം എന്നാണ് പറയുന്നത്.
ഇന്ന് വീണ്ടും സ്റ്റാൻഡിലെത്തി തൊഴിൽ ചെയ്യാൻ തന്നെയാണ് എൻ്റെ തീരുമാനം. നവകേരള സദസിൽ പങ്കെടുക്കാത്തതിലുള്ള പണിഷ്മെൻ്റാണ് ഇതെന്നാണ് നേതാക്കൾ പറഞ്ഞത്. പാർട്ടി പരിപാടിയിൽ പങ്കെടുക്കാത്തതിനാൽ തൊഴിൽ വിലക്കിക്കൊണ്ടുള്ള ശിക്ഷാ നടപടി അംഗീകരിക്കാനാവില്ല”- സിപിഎം മാങ്ങാട്ടുകോണം വനിതാ ബ്രാഞ്ച് അംഗം കെ.ആർ. രജനി പറയുന്നു.
ഡിസംബർ 20-ന് ഒരു കമ്മിറ്റി വിളിച്ച് നവകേരള സദസിൽ നിർബന്ധമായി പങ്കെടുക്കണമെന്ന് അറിയിച്ചിരുന്നു. തനിക്ക് അതിൽ പങ്കെടുക്കാനായില്ല. ചില ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് പോകാൻ കഴിയാതിരുന്നത്. ആറുമാസം മുമ്പ് ഞാൻ ഒരു ഓട്ടോറിക്ഷയ്ക്ക് അപേക്ഷ നൽകിയിരുന്നു. അത് വാർഡ് കൗൺസിലറായ ഡി.രമേശൻ നഗരസഭയിൽ നൽകിയില്ല.
ഡിസംബർ 13-ന് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു അപേക്ഷ ലഭിച്ചിട്ടില്ലെന്നും അതിൻ്റെ ഡേറ്റ് കഴിഞ്ഞതായിട്ടുമാണ് അറിയാൻ കഴിഞ്ഞത്. മനപ്പൂർവ്വം പേപ്പറുകൾ കോർപ്പറേഷനിൽ കൊടുക്കാത്തതാണ്. ഇതിനെ തുടർന്ന് കൗൺസിലറോട് വിവരം അന്വേഷിച്ചു. തനിക്ക് ലഭിക്കേണ്ട അവകാശം നിഷേധിക്കുമ്പോൾ അത് ചോദിക്കേണ്ടേ? അതും തൻ്റെ അവകാശമല്ലേയെന്നും കൗൺസിലറിനോട് ചോദിച്ചിരുന്നു. അതിൻ്റെ ഒരു വിരോധം അദ്ദേഹത്തിനുണ്ട്. ഇനി ഒരു പാർട്ടി പരിപാടികൾക്കും എന്നെ വിളിക്കരുത് പങ്കെടുക്കില്ലെന്ന് അന്ന് അദ്ദേഹത്തോട് പറഞ്ഞു. ആ അവസ്ഥയിൽ ആരായാലും പറഞ്ഞു പോകുന്ന കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നും രജനി പറഞ്ഞു.
പാർട്ടിക്ക് വേണ്ടി കൊടി പിടിക്കാൻ ഞങ്ങൾ വേണം. ഞങ്ങൾക്ക് ഒരാവശ്യം വന്നാൽ ആരുമില്ല. തൻ്റെ അവകാശമാണ് ചോദിച്ചതെന്നും രജനി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. തുടർന്ന് ഡിസംബർ 20-ന് ഒരു കമ്മിറ്റി കൂടി നവകേരള സദസിൽ പങ്കെടുക്കാത്തവർ സ്റ്റാൻഡിൽ ഓടേണ്ടാ എന്ന തീരുമാനം എടുക്കുകയായിരുന്നു. ഒരു ഓട്ടമുണ്ടായിരുന്നതിനാൽ തനിക്ക് അതിൽ പങ്കെടുക്കാനായില്ല. താൻ അന്ന് മൂന്നു മണിക്ക് നടന്ന നവകേരള സദസിൽ പങ്കെടുക്കാനിരുന്നതാണ്. മനുഷ്യനല്ലേ എപ്പോഴാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് പറയാനാവില്ല. അത്തരത്തിൽ ഒരു പ്രശ്നം നേരിട്ടതിനാലാണ് പരിപാടിയിൽ പങ്കെടുക്കാന്‍ കഴിയാതിരുന്നത് എന്നതാണ് സത്യമെന്നും രജനി കൂട്ടിച്ചേർത്തു.
“നിലവിൽ വലിയ ഭീഷണിയില്ല. ഇനി എന്താകുമെന്ന് പറയാൻ കഴിയില്ല. എൻ്റെ ഭർത്താവിനടക്കം പേടിയുണ്ട്. അവസാനം ഒറ്റപ്പെടുമോയെന്നാണ് പ്രധാന ഭയം. ഓട്ടോ ഓടുന്ന സമയത്ത് വല്ല കേസിൽ കുടുക്കുമോ എന്ന ആശങ്കയും ഉണ്ട്. പലയാളുകളും ഓട്ടോയിൽ കയറുന്നതാണ്. എന്തെങ്കിലും കുഴപ്പം പിടിച്ച സാധനങ്ങൾ വണ്ടിയിൽ വയ്ച്ചിട്ട് പിടിപ്പിച്ചാൽ പോരെ. കഴിഞ്ഞ ദിവസം ഓട്ടം പോയ തൻ്റെ ഓട്ടോയിക്ക് കുറുകേ വണ്ടിയിട്ട ശേഷമാണ് പോത്തൻകോട് വെച്ച് ആ സ്റ്റാൻഡിലെ കൺ വീനറും പാർട്ടിക്കാരും തന്നെ ഭീഷണിപ്പെടുത്തിയത്. എടീ പോടീ വിളിയൊക്കെ തുടങ്ങി മാന്യത വിട്ടാണ് സംസാരിച്ചത്.തുടർന്നാണ് അതിൻ്റെ വീഡിയോ താൻ എടുത്ത് ചാനലിന് നൽകിയത്. പാർട്ടിയെ താറടിച്ചു കാണിച്ചെന്നാണ് പറയുന്നത്. അങ്ങനെ സംഭവിച്ചെങ്കിൽ ആരാണ് കാരണം. നിലവിൽ പോലീസിൽ പരാതി നൽകാൻ ഉദ്ദേശമില്ല. വീണ്ടും ഓട്ടോ തടഞ്ഞാൽ പോലീസിനെ സമീപിക്കും. വളരെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. അതിന് വേണ്ടിയാണ് ഓട്ടോ ഓടിക്കുന്നത് ” – രജനി പറഞ്ഞു.
അതേസമയം, രജനിയുടെ ആരോപണങ്ങൾ തള്ളി സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തി. രജനിയുടെ വിഷയവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. അവിടുത്തെ തൊഴിലാളി യൂണിയൻ്റെ തീരുമാനമാണ്. സ്റ്റാൻഡിൻ്റെ നല്ല രീതിയിലെ പ്രവർത്തനത്തിനായി ചില കീഴ്‌വഴക്കങ്ങൾ അവർ തന്നെയാണ് ഉണ്ടാക്കിയത്. അതിൻ്റെ ഭാഗമായിട്ടാണ് ഇത്തരം നടപടി. ഓട്ടോ സ്റ്റാൻഡിൽ ആകെ 26 തൊഴിലാളികളുണ്ട്. എല്ലാവരും സിഐടിയു യൂണിയനിൽപ്പെട്ടവരാണ്. അവർ കൂട്ടായി എടുത്ത തീരുമാനത്തിൻ്റെ ഭാഗമായി നിരവധി നടപടികൾ എടുക്കാറുണ്ട്. ചുമട്ട് തൊഴിലാളി യൂണിയനും ഇതേ രീതിയാണ് പിൻതുടരുന്നത്. പിന്നോക്കകാരിയായ രജനിക്ക് സബ്‌സിഡി നിരക്കിൽ ലഭിക്കേണ്ട ഓട്ടോറിക്ഷയുടെ അപേക്ഷ താൻ നഗരസഭയ്ക്ക് നൽകിയതാണ്. അവിടെ നിന്ന് മിസായതായിരിക്കും. വാർഡ് കമ്മിറ്റിയുടെ മിനിട്ട്സ് ബുക്കിലും രജനിക്ക് ഓട്ടോ നൽകുന്ന കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. നൽകാനല്ലെങ്കിൽ അങ്ങനെ ചെയ്യുമോ “- കാട്ടായിക്കോണം കൗൺസിലറും സിപിഎം ഏര്യാ സെക്രട്ടറിയുമായ ഡി.രമേശൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here