ഡിജിപിക്ക് പരാതി നല്‍കിയതിന് പിറകേ ഡിസി ബുക്സിന് എതിരേ ഇപി; ഉള്ളടക്കം പിന്‍വലിച്ച് മാപ്പ് പറയണം
ആത്മകഥാ വിവാദത്തിന് പിന്നിലാര് എന്ന് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെ ഡിസിബുക്സിന് വക്കീല്‍ നോട്ടീസ് അയച്ച് ഇ.പി.ജയരാജന്‍. ഡിസി മാപ്പുപറയണമെന്നാണ് ഇപിയുടെ ആവശ്യം. അഡ്വ.കെ.വിശ്വൻ മുഖേനയാണ് നോട്ടീസ് അയച്ചത്.
“ഉപതിരഞ്ഞെടുപ്പ് ദിവസം ആത്മകഥയുടെ ഭാഗങ്ങൾ എന്നുപറഞ്ഞ് പുറത്തുവിട്ടത് ഡിസി ബുക്സ് ആണ്. ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയ എതിരാളികൾക്ക് പ്രചാരണ ആയുധം നൽകുന്നതിനുവേണ്ടിയാണിത്. ആത്മകഥ പൂർത്തിയായിട്ടില്ല. ദുഷ്ടലാക്കോടുകൂടി ഉപതിരഞ്ഞെടുപ്പ് ദിവസംതന്നെ പ്രചരിപ്പിച്ചത്, സമൂഹമധ്യത്തിൽ തേജോവധം ചെയ്യണമെന്ന ഉദ്ദേശമാണ് ഇതിന് പിന്നില്‍.” നോട്ടീസില്‍ പറയുന്നു.
ഈ നോട്ടീസ് കിട്ടിയാല്‍ ഉടനെ പുറത്തുവിട്ട എല്ലാ പോസ്റ്റുകളും ആത്മകഥ എന്നുള്ള ഭാഗങ്ങളും പിൻവലിച്ച് മാപ്പുപറയണം. അല്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് ഇടതുമുന്നണിയെ വെട്ടിലാക്കി ഇപിയുടെ ആത്മകഥയുടെ ഉള്ളടക്കം പ്രചരിച്ചത്. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കുന്ന സമയത്ത് പാർട്ടി തന്നെ കേൾക്കാൻ തയ്യാറായില്ല. രണ്ടാം പിണറായി സർക്കാർ ദുർബലമാണ്. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി സരിനെതിരെയും വിമര്‍ശനം വന്നു. എല്ലാം ഇടതുമുന്നണിയെയും സിപിഎമ്മിനെയും ഒരുപോലെ വെട്ടിലാക്കി.
അതേസമയം ‘കട്ടൻ ചായയും പരിപ്പുവടയും’ പ്രസിദ്ധീകരിക്കുന്നത് നീട്ടിവെച്ചതായി ഡിസി അറിയിച്ചു. സാങ്കേതിക പ്രശ്നം മൂലമാണ് തീരുമാനമെന്നാണ് വിശദീകരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here