അവതാരങ്ങൾ അരങ്ങുവാഴുന്ന പിണറായിക്കാലം; എട്ടുവർഷം മുൻപ് പറഞ്ഞതെല്ലാം പതിരായി

എട്ട് വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2016 മെയ് 24ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകൾ രാഷ്ട്രീയ കേരളം അതീവ ശ്രദ്ധയോടെയാണ് കേട്ടത്. “എന്റെ പേരും പറഞ്ഞ് പലരും രം​ഗത്ത് വരും, അത്തരം അവതാരങ്ങളെ സൂക്ഷിക്കണം. പേഴ്സണൽ സ്റ്റാഫടക്കം കാര്യക്ഷമതയും സത്യസന്ധരുമായ ആൾക്കാരെ മാത്രമേ, സർക്കാരിന്റെ ഭാ​ഗമാക്കുകയുള്ളൂ. നേതൃതലത്തിലായാലും ഒരുതരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ല. ഇത്തരം ആളുകളെ സർക്കാരിൽ നിന്നും അകറ്റിനിർത്തും”- ഇങ്ങനെയെല്ലാമായിരുന്നു പിണറായിയുടെ വാ​ഗ്ദാനം. ചീട്ട് കൊട്ടാരം പോലെ ഇതെല്ലാം തകരുന്നതാണ് പിന്നീട് കണ്ടത്.

അവതാരങ്ങളാൽ സമ്പൽസമൃദ്ധമാണ് പിണറായിയുടെ ഭരണം എന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഏറ്റവുമൊടുവിൽ മുഖ്യമന്ത്രിക്കായി രം​ഗത്ത് വന്ന അവതാരമാണ് കെയ്സൺ എന്ന പിആർ കമ്പനിയുമായി സഹകരിക്കുന്ന ടി.ഡി.സുബ്രഹ്മണ്യൻ. ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറയാതിരുന്ന മലപ്പുറത്തെ കള്ളക്കടത്ത് കണക്കുകൾ അദ്ദേഹത്തിൻ്റേതായി കൂട്ടിച്ചേർക്കാൻ ഇടപെട്ടത് സുബ്രഹ്മണ്യനാണ് എന്നാണ് പുറത്തുവന്ന വിവരം. എന്നാൽ ഇത്രയെല്ലാം വിവാദങ്ങൾക്ക് കാരണക്കാരനായിട്ടും ഇയാളെക്കുറിച്ച് ഒട്ടുമേ പരാതിയില്ലാതെ തികച്ചും സൌമ്യമായാണ് ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പരാമർശിച്ചത് എന്നതാണ് ശ്രദ്ധേയമായത്.

“അഭിമുഖം നടത്താൻ ദ ഹിന്ദു പത്രത്തിന് തൽപര്യമുണ്ടെന്ന് അറിയിച്ച് സമീപിച്ചത് മുന്‍ എംഎല്‍എ ദേവകുമാറിന്റെ മകനാണ്. ചെറുപ്പം മുതല്‍ അറിയാവുന്ന ആളായതു കൊണ്ടും അയാളുടെ രാഷ്ട്രീയ നിലപാട് അറിയാവുന്നതു കൊണ്ടും അനുവാദം നല്‍കി. മറ്റ് കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. ഹിന്ദുവിന് അഭിമുഖം നല്‍കുന്നത് വിഷമമുള്ള കാര്യമല്ല. അഭിമുഖത്തിന് ലേഖികകയ്‌ക്കൊപ്പം സുബ്രഹ്‌മണ്യനും എത്തിയിരുന്നു”- എന്നിങ്ങനെ അധികാരമാരോടും കാട്ടാത്ത പരിഗണനയോടെയാണ് മുഖ്യമന്ത്രി ഇയാളെ വാർത്താസമ്മേളനത്തിൽ പരാമർശിച്ചത്. അഭിമുഖം നടക്കുമ്പോൾ പിആർ ഏജൻസി പ്രതിനിധി അവിടേക്ക് എത്തിയത് ഇയാൾക്കൊപ്പം ആണെന്ന് പകൽപോലെ വ്യക്തമായിട്ടും പരാതിയേതുമില്ല പിണറായിക്ക്.

മുഖ്യമന്ത്രിയുടെ സ്വന്തം ആളായി ഇതിന് മുൻപ് മലയാളികൾക്ക് മുന്നിൽ അവതരിച്ചതാണ് ഷാജ് കിരൺ എന്ന കഥാപാത്രം. നയതന്ത്ര സ്വർണകള്ളക്കടത്ത് പിടിയിലായ ശേഷം അതിൽ പ്രതിയായ സ്വപ്ന സുരേഷിനെ സ്വാധീനിച്ച് മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ പിൻവലിപ്പിക്കാൻ ആയിരുന്നു ഈ രംഗപ്രവേശം. ഒപ്പം ശിങ്കിടിയായി ഇബ്രാഹിം എന്നൊരു ചിന്ന അവതാരവും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറി കോടിയേരിയുടെയും ഫണ്ടുകൾ ബിലീവേഴ്സ് ചർച്ച് വഴി അമേരിക്കയിലേക്ക് കടത്തുകയാണെന്നു വരെ ഈ അവതാരം പറയുന്നത് മലയാളികൾ കേട്ടതാണ്. ബിലീവേഴ്‌സ് ചർച്ചിൻ്റെ ആളെന്ന് പറഞ്ഞ് സ്വർണക്കടത്തിലെ കൂട്ടുപ്രതി ശിവശങ്കറാണ് ഷാജ് കിരണിനെ തനിക്ക് പരിചയപ്പെടുത്തിയത് എന്നും, സഭയുടെ ഡയറക്ടറാണെന്ന് ഷാജ് സ്വയം അവകാശപ്പെട്ടെന്നും സ്വപ്ന പറഞ്ഞിരുന്നു.

അന്ന് വിജിലൻസ് ഡയറക്ടറായിരുന്ന എംആർ അജിത് കുമാറുമായി ബന്ധപ്പെട്ട ശേഷമാണ് ഇയാൾ സ്വപ്നയുടെ പാലക്കാടുള്ള താമസസ്ഥലത്തേക്ക് എത്തിയത്. ഷാജിൻ്റെ ഫോണിലേക്ക് എഡിജിപി അജിത് കുമാർ സംസാരിച്ചത് കേട്ടിരുന്നു. എഡിജിപി വഴി ഒന്നാം നമ്പറിനെ(മുഖ്യമന്ത്രിയെ) എല്ലാം പറഞ്ഞ് സെറ്റിൽ ചെയ്ത് തരാം, യാത്രാവിലക്ക് മാറ്റിത്തരാം എന്നൊക്കെ ഷാജ് പറയുന്ന ഓഡിയോ പുറത്തുവന്നിരുന്നു. ഈ പുതിയ ദല്ലാളും അവതാരവുമായ ഷാജ് കിരണുമായുള്ള ബന്ധത്തിന്റെ പേരിൽ എഡിജിപിയുടെ കസേര തെറിക്കുന്ന സ്ഥിതിവരെയെത്തി. സർക്കാരിന്റെ മുഖം നഷ്ടപ്പെടുത്തിയ ഈ സങ്കീർണ സംഭവത്തിന് കാരണക്കാരനായ അവതാരത്തെ ഒന്നു ചോദ്യം ചെയ്യാനോ, കസ്റ്റഡിയിലെടുക്കാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. പിണറായി ഭരണകാലത്ത് അവതാരങ്ങൾ അഴിഞ്ഞാടുകയാണ് എന്നതിന് ഇതിലേറെ എന്ത് തെളിവ് വേണം.

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നൽകിയ രഹസ്യമൊഴിയുടെ പേരിൽ ​ഗൂഢാലോനയും, കലാപാഹ്വാനവും ചുമത്തി കേസെടുത്ത സർക്കാർ, മുഖ്യമന്ത്രിയുടെ പേര് ഉപയോ​ഗിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചയാളെക്കുറിച്ച് ഇതുവരെ അന്വേഷിക്കാത്തത് ദുരൂഹമാണ്. ഇയാളുടെ പിന്നിൽ ആരാണെന്നോ, ഇത്തരമൊരു തിരക്കഥ ഉണ്ടാക്കിയത് ആരാണെന്നോ പോലും അന്വേഷിക്കാൻ പോലീസ് തയ്യാറായിട്ടില്ല. ഷാജ് കിരൺ ആരുടെ മധ്യസ്ഥനായിട്ടാണ് അവതരിച്ചത് എന്ന ന്യായമായ സംശയത്തിന് പോലും മറുപടി പറയാൻ സർക്കാരിനും ആഭ്യന്തര വകുപ്പിനും കഴിഞ്ഞിട്ടില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് ഭരണത്തിലുള്ള അവതാരങ്ങളുടെ അപാരമായ സ്വാധീനത്തെയാണ്.

ഭരണത്തിലേറിയതിന്റെ നാലാം വർഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വർണ്ണക്കള്ളക്കടത്തിന് ഗൂഡാലോചന നടന്നെന്ന ഗുരുതര ആരോപണം പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒന്നാമൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ആയിരുന്നു എല്ലാത്തിൻ്റെയും കേന്ദ്രബിന്ദു. കള്ളക്കടത്ത് സംഘവുമായുള്ള സജീവബന്ധം കണ്ടെത്തി ഇയാൾ അറസ്റ്റിലായതിന് പിന്നാലെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നു. കള്ളക്കടത്തിലെ പ്രധാനപ്രതി സ്വപ്നയുമായുള്ള ബന്ധം കണ്ടെത്തി ഇയാളെ പലവട്ടം ചോദ്യം ചെയ്തെങ്കിലും അറസ്റ്റിലാകാതെ കഷ്ടിച്ച് രക്ഷപെട്ടു. ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിൽ സജീവമാണ് ഇയാൾ. 98 ദിവസം ജയിലിൽ കിടന്ന ശിവശങ്കർ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തു.

ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് പ്രതിപക്ഷം അഴിമതി ഇടപാടായി ഉന്നയിച്ച സ്പ്രിങ്ക്ളർ ബെവ്ക്യൂ, ഇ-മൊബിലിറ്റി, പിഡബ്ല്യുസി, കെഫോൺ, ഐടി പാർക്കിന്റെ ഭൂമി കൈമാറിയത് എന്നിവയിലെല്ലാം നിർണായക പങ്ക് വഹിച്ചത് ശിവശങ്കറായിരുന്നു. ശിവശങ്കറിന്റെ സ്വർണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ടിരുന്ന സരിത്, സന്ദീപ് നായർ തുടങ്ങിയവരും അവതാരങ്ങൾ കണക്കെ സർക്കാരിൻ്റെ വിവിധ ഓഫീസുകളിൽ സ്വാധീനം ചെലുത്തിയതിൻ്റെ വിവരങ്ങൾ പുറത്തായിരുന്നു. പത്താം ക്ലാസ് പോലും പാസാകാത്ത സ്വപ്ന സുരേഷിനെ മൂന്ന് ലക്ഷം രൂപ ശമ്പളത്തിൽ സ്പേസ് പാർക്കിൽ നിയമിച്ചത് ശിവശങ്കറിൻ്റെ ശുപാർശയിലായിരുന്നു എന്ന് ചീഫ് സെക്രട്ടറി കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ പിൻബലത്തിൽ വിവിധ പ്രോജക്ടുകളിൽ ഇടപെട്ട അരുൺ ബാലചന്ദ്രൻ എന്നയാളുടെ പങ്കും സംശയത്തിൻ്റെ നിഴലിലായിരുന്നു.

ഭരണക്കാർക്ക് പ്രവാസി പ്രമുഖരുമായും തിരിച്ചും ബന്ധം സ്ഥാപിക്കാനുള്ള ലോക കേരളസഭ എന്ന മാമാങ്കത്തിലൂടെ അവതരിച്ച മറ്റൊരു വ്യക്തിയാണ് അനിത പുല്ലയിൽ. വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കലിൻ്റെ അടുപ്പക്കാരിയും വിദേശ മലയാളിയുമായ അനിത പുല്ലയിൽ 2022 ജുണിൽ നടന്ന ലോക കേരളസഭാ സമ്മേളനത്തിനായി നിയമസഭാ കോംപ്ലക്സിൽ പ്രവേശിച്ചത് വൻ വിവാദമായിരുന്നു. ഡെലിഗേറ്റ് പോലുമല്ലാത്ത അനിത അതീവ സുരക്ഷയുള്ള നിയമസഭാ ഹാളിൽ കടന്നത് സർക്കാരിലെ പ്രമുഖരിലൊരാളുടെ ഓഫീസിൻ്റെ ഇടപെടലിലാണെന്ന് വ്യക്തമായിരുന്നു. വിവാദം ചർച്ച ചെയ്തൊഴിയുന്നതല്ലാതെ വസ്തുതാന്വേഷണം നടക്കാറില്ല എന്നത് കൊണ്ടുതന്നെ ഇക്കാര്യത്തിലൊന്നും സുതാര്യത ഉണ്ടായിട്ടില്ല എന്നതാണ് പ്രധാന കാര്യം. അവതാരങ്ങൾക്കായി ഇപ്പോഴും വാതിലുകൾ തുറന്നുതന്നെ കിടക്കുകയാണെന്ന് ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top