വിസ്താര ഒരാഴ്ചക്കിടെ റദ്ദാക്കിയത് നൂറിലധികം സര്‍വീസുകള്‍; റിപ്പോര്‍ട്ട്‌ തേടി കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡിജിസിഎയും; പൈലറ്റുമാരുടെ അഭാവമെന്ന് വിശദീകരണം

ഡല്‍ഹി: തുടര്‍ച്ചയായി സര്‍വീസുകള്‍ റദ്ദാക്കുന്ന വിസ്താര എയര്‍ലൈന്‍ കമ്പനിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ). കഴിഞ്ഞ ഒരാഴ്ചക്കിടെ വിസ്താര നൂറിലേറെ സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തിരുന്നു. യാത്രക്കാരുടെ വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്‍റെ ഇടപെടല്‍. ഓരോ ദിവസത്തെയും സര്‍വീസുകള്‍, വൈകിയ സര്‍വീസുകള്‍, റദ്ദാക്കപ്പെട്ടവ എന്നീ വിശദവിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിസിഎ ആവശ്യപ്പെട്ടു.

അതേസമയം പൈലറ്റുമാരുടെ അഭാവമാണ് സര്‍വീസുകള്‍ റദ്ദാക്കാനുള്ള കാരണമായി വിസ്താര പറയുന്നത്. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ താത്കാലികമായി വിമാനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു.

ഡല്‍ഹി-കൊച്ചി സര്‍വീസ് ഉള്‍പ്പെടെ നൂറിലധികം യാത്രാസര്‍വീസുകളാണ് ഒരാഴ്ചക്കിടെ മാത്രം റദ്ദാക്കിയത്. ഇതില്‍ ഏറെയും യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയശേഷമാണ് റദ്ദാക്കിയത്. കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിര്‍ദേശപ്രകാരമാണ് ഡിജിസിഎയുടെ ഇടപെടല്‍.

ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയും വിസ്താരയും ലയിപ്പിക്കാനുള്ള തീരുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ പൈലറ്റുമാരും മറ്റ് ജീവനക്കാരും കടുത്ത പ്രതിഷേധമറിയിച്ചിരുന്നു. നിലവിലുള്ളതിനേക്കാള്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പൈലറ്റുമാര്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് അവധിയെടുത്തതാണ് സര്‍വീസുകളെ ബാധിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top