സ്തനങ്ങളെ ഓറഞ്ച് എന്ന് വിശേഷിപ്പിച്ച് ക്യാൻസർ ബോധവത്ക്കരണം; യുവരാജ് സിംഗിൻ്റെ സംഘടനക്കെതിരെ രൂക്ഷ വിമർശനം
ക്യാൻസർ ബോധവത്കരണ പരസ്യത്തിൽ സ്തനങ്ങളെ ഓറഞ്ച് എന്ന് വിശേഷിപ്പിച്ച യുവരാജ് സിങ്ങിൻ്റെ എൻജിഒയ്ക്കെതിരെ രൂക്ഷ വിമർശനം. യുവിക്യാൻ (YouWeCan) എന്ന സംഘടന നടത്തിയ സ്തനാർബുദ ബോധവൽക്കരണ പരസ്യത്തിനെതിരെയാണ് സോഷ്യൽ മീഡിയ രംഗത്ത് എത്തിയിത്. ഡൽഹി മെട്രോ ട്രെയിൻ്റെ കോച്ചിൽ പ്രദർശിപ്പിച്ച പരസ്യത്തിൻ്റെ ഫോട്ടോ ഒരു യാത്രക്കാരൻ പകർത്തി പോസ്റ്റ് ചെയ്തതോടെയാണ് ക്രിക്കറ്റ് താരത്തിൻ്റെ സംഘടനക്കെതിരെ വിമർശനം ശക്തമായത്.
വിവിധ പ്രായങ്ങളിൽ ഉള്ള സ്ത്രീകൾ ഉൾപ്പെട്ടെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന ക്യാപ്ഷനാണ് കുറ്റപ്പെടുത്തലുകൾക്ക് കാരണമായിരിക്കുന്നത്. കയ്യിൽ രണ്ട് ഓറഞ്ചുകളുമായി നിൽക്കുന്ന യുവതിയെ നോക്കുന്ന പ്രായമായ സ്ത്രീകളാണ് ദൃശ്യത്തിലുള്ളത്. ‘മാസത്തിലൊരിക്കൽ നിങ്ങളുടെ ഓറഞ്ച് പരിശോധിക്കുക’ (Check your oranges once a month) എന്നതായിരുന്നു അതിനോടൊപ്പമുള്ള പരസ്യവാചകം. നിരവധിപ്പേരാണ് പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തിയിരിക്കുന്നത്. ‘സ്തനാർബുദത്തെ അതിജീവിച്ച ഒരു വ്യക്തിയെന്ന നിലയിൽ ഇത് പരിഹാസ്യമായി തോന്നുന്നു. പരസ്യം ലജ്ജാകരവും നിരാശാജനകവുമാണ്!’- എന്നാണ് ഒരു സ്ത്രീയുടെ പ്രതികരണം.
“സ്തനങ്ങൾ എന്താണ് എന്ന് പോലും പറയാൻ കഴിയുന്നില്ലെങ്കിൽ ഒരു രാജ്യം എങ്ങനെ സ്തനാർബുദ അവബോധം വളർത്തും. ഡൽഹി മെട്രോയിൽ വച്ച് ഇത് കണ്ടിട്ട് എന്താ കാര്യം? നിങ്ങളുടെ ഓറഞ്ച് പരിശോധിക്കണോ? ആരാണ് ഈ പ്രചാരണങ്ങൾ നടത്തുന്നത്. ആരാണ് അവ അംഗീകരിക്കുന്നത്? ഈ പോസ്റ്റർ പരസ്യമാക്കാൻ അനുവദിക്കുന്ന ഇത്തരം മണ്ടന്മാരാണോ നമ്മളെ ഭരിക്കുന്നത്? ഇത് വളരെ ലജ്ജാകരമാണ്” – ചിത്രം പങ്കുവച്ചു കൊണ്ട് കൺഫ്യൂസെഡിഷ്യസ് എന്ന എക്സ് ഉപയോക്താവ് കുറിച്ചു.
യുവരാജ് സിംഗിനെ ടാഗ് ചെയ്ത് കൊണ്ട് ആക്ഷേപകരമായ ഈ പ്രചരണം പിൻവലിക്കാൻ ആവശ്യപ്പെട്ട് മറ്റൊരു പോസ്റ്റും കൺഫ്യൂസെഡിഷ്യസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഞാൻ കണ്ടതിൽ വച്ച് ഏറ്റവും അർത്ഥശൂന്യമായ പരസ്യമാണിത്’ മറ്റൊരാൾ കുറിച്ചു. ഇത്തരത്തില്‍ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായതോടെ പരസ്യം നീക്കം ചെയ്തതായി ഡൽഹി മെട്രോ അറിയിച്ചു. ഒരു ട്രെയിനിൽ മാത്രമാണ് പരസ്യം നൽകിയതെന്നും അത് ഇന്നലെ രാത്രി എട്ടുമണിയോടെ നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. ക്യാൻസറിനെ അതിജീവിച്ച യുവരാജ് സിംഗ് 2012ൽ സ്ഥാപിച്ച സംഘടനയാണ് യുവിക്യാൻ.
സംഘടനയുടെ വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച് ക്യാൻസറിനെക്കുറിച്ചുള്ള അവബോധം, നേരത്തെയുള്ള കണ്ടെത്തൽ, രോഗികള്‍ക്കുള്ള പിന്തുണ എന്നിവയിലൂടെ രോഗത്തിനെതിരെ പോരാടാൻ എല്ലാ ആളുകളെയും പ്രാപ്തരാക്കുകയാണ് ലക്ഷ്യം. 2011ലാണ് അർബുദമാണെന്ന് കണ്ടെത്തിയത്.ശ്വാസകോശങ്ങൾക്കിടയിലുള്ള നെഞ്ചിലെ കോശങ്ങളെ ബാധിക്കുന്ന മീഡിയസ്റ്റൈനൽ സെമിനോമ എന്ന അപൂർവ അർബുദത്തെയാണ് താരം അതിജീവിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here