വീട്ടുകാരെ മയക്കി കവര്‍ച്ചക്ക് ശ്രമം; രണ്ട് നേപ്പാളികള്‍ പിടിയില്‍; ജോലിക്ക് നിന്ന നേപ്പാളി യുവതിയെ തേടി പോലീസ്

വര്‍ക്കല: കാന്‍സര്‍ ബാധിതയായ വയോധിക അടക്കം വീട്ടിലുള്ള മൂന്ന് പേരെ ബോധംകെടുത്തി ആഭരണങ്ങളും പണവും മോഷ്ടിക്കാന്‍ നടത്തിയ ശ്രമം വിഫലമായി. വീട്ടുജോലിക്കാരിയായ നേപ്പാളി യുവതി ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയാണ് ചെയ്തത്. ഇലകമണ്‍ പഞ്ചായത്തിലെ ഹരിഹരപുരത്താണ് സംഭവം നടന്നത്.

ശ്രീദേവി, മരുമകള്‍ ദീപ, ഹോംനഴ്സ് സിന്ധു എന്നിവരെയാണ് വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ രണ്ട് പേര്‍ പോലീസിന്റെ പിടിയിലായി. നേപ്പാളികളായ രാംകുമാര്‍ (48), ഷാന്‍ (48) എന്നിവരാണ് പിടിയിലായത്. യുവതിയെയും ഒപ്പമുള്ള ഒരാളെയും പോലീസ് തിരയുകയാണ്.

വീട്ടില്‍ ജോലിക്ക് നിന്ന യുവതി സുഹൃത്തുക്കളെ വിളിച്ചുവരുത്തിയാണ് മോഷണശ്രമം നടത്തിയത്. ബംഗളൂരുവിലുള്ള മകന്‍ ഈ സമയത്ത് വീട്ടുകാരെ ഫോണില്‍ വിളിച്ചു. കിട്ടാത്തതിനെ തുടര്‍ന്ന് വീടിന് തൊട്ടടുത്തുള്ള ബന്ധുവിനെ വിളിച്ചു. ബന്ധു വീട്ടില്‍ ചെന്നപ്പോള്‍ മോഷണ ശ്രമം നടക്കുകയായിരുന്നു.

ആളുകളെ വിളിച്ച് കൂട്ടിയപ്പോള്‍ ഇവര്‍ ബാഗും മറ്റും അവിടെത്തന്നെയിട്ട് രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഇതിനിടെയാണ് രണ്ട് പേര്‍ പിടിയിലായത്. വീട്ടിലുണ്ടായിരുന്ന 40 പവന്‍ സ്വര്‍ണം മോഷ്ടിക്കാനാണ് പദ്ധതിയിട്ടത്. മോഷണശ്രമം നടക്കുമ്പോള്‍ യുവതി വീട്ടിലുണ്ടായിരുന്നു. പിടിവീഴുമെന്നു മനസിലായപ്പോള്‍ മുങ്ങുകയായിരുന്നു. പ്രതികളെ അയിരൂര്‍ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top