അയോധ്യ പ്രാണപ്രതിഷ്ഠ ഇന്ന്; നിലയ്ക്കാതെ തീർഥാടകപ്രവാഹം
അയോധ്യ: രാമഭക്തര്‍ കാത്തിരുന്ന മുഹൂര്‍ത്തമെത്തി. അയോധ്യാ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് ഇന്ന് നടക്കും. ഉച്ചയ്ക്ക് പന്ത്രണ്ടിനുശേഷമുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് പ്രാണപ്രതിഷ്ഠ. 12.20-ന് തുടങ്ങുന്ന ചടങ്ങുകൾ ഒരുമണിവരെ നീളും. പ്രധാനമന്ത്രി രാവിലെ അയോധ്യയിലെത്തും.
കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. കണ്ണുകള്‍മൂടിയ നിലയിലുള്ള ബാലരാമവിഗ്രഹം പ്രാണപ്രതിഷ്ഠയ്ക്കുശേഷമാണ് മിഴിതുറക്കുക.
ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ 8000 അതിഥികളുടെ സാന്നിധ്യമുണ്ടാവും. പ്രാണപ്രതിഷ്ഠയ്ക്കുമുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള മംഗളധ്വനി അരങ്ങേറും. ഇന്ന് വൈകീട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മൺചിരാതുകളിൽ തിരിതെളിയും
ചടങ്ങിനെ ആഘോഷമാക്കുകയാണ് അയോധ്യ. പോലീസും കേന്ദ്രസേനകളും കനത്തസുരക്ഷ ഉറപ്പാക്കുമ്പോഴും അയോധ്യയുടെ ആഘോഷങ്ങള്‍ക്ക് തടസ്സമില്ല. രാമക്ഷേത്രത്തിന്റെ കവാടങ്ങളും പ്രധാനവീഥികളും പുഷ്പാലംകൃതമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽനിന്നെത്തിച്ച പൂച്ചെടികൾ ഇവിടെ നട്ടിട്ടുണ്ട്. . നഗരവീഥികളിലെങ്ങും കൊട്ടും പാട്ടും കലാപരിപാടികളും അരങ്ങേറി.
പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായുള്ള അധിവാസ, അനുഷ്ഠാനങ്ങള്‍ ഈമാസം 16-നാണ് തുടങ്ങിയത്. വിവിധ നദികളില്‍നിന്നും പുണ്യസ്ഥലങ്ങളില്‍നിന്നും ശേഖരിച്ച 114 കലശങ്ങളില്‍ നിറച്ച വെള്ളംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്നാനം നടത്തിയത്. അയോധ്യയിലേക്കുള്ള തീർഥാടക ഒഴുക്ക് നിലയ്ക്കുന്നില്ല. പലയിടത്തും സൗജന്യഭക്ഷണവും നല്‍കുന്നുണ്ട്.നാളെ മുതലാണ് പൊതുജനങ്ങൾക്കു ദർശനം അനുവദിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here