അയോധ്യ വിമാന സർവീസ് സ്പൈസ് ജെറ്റ് നിര്‍ത്തി; യാത്രക്കാര്‍ ഇല്ലെന്ന് കമ്പനി; അവസാനിപ്പിച്ചത് ആറ് എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള ഫ്ലൈറ്റുകള്‍
യാത്രക്കാര്‍ ഇല്ലാത്തത് കാരണം അയോധ്യയിലേക്കുള്ള വിമാന സർവീസ് നിർത്തലാക്കി സ്പൈസ് ജെറ്റ്. അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനയും ആവേശവും കണ്ടാണ് മുൻനിര വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്ന് സർവീസ് ആരംഭിച്ചത്. ഏപ്രിൽ രണ്ടു മുതലാണ് ഹൈദരാബാദില്‍ നിന്ന് അയോധ്യയിലെ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിവാരം മൂന്ന് സർവീസുകൾ വീതം ആരംഭിച്ചത്. വേണ്ടത്ര യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ ജൂൺ ഒന്നു മുതൽ സർവീസുകൾ പൂർണമായും നിർത്തലാക്കിയെന്ന് ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്തെ എട്ട് വിമാനത്താവളങ്ങളിൽ നിന്ന് അയോധ്യയിലേക്ക് സർവീസുകൾ ഫെബ്രുവരി മുതൽ ആരംഭിച്ചിരുന്നു. ഇപ്പോൾ ആറ് നഗരങ്ങളിൽ നിന്നുള്ള നേരിട്ടുള്ള സർവീസുകൾ നിർത്തലാക്കി. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ജയ്പൂർ, പാറ്റ്ന, ദർഭംഗ എന്നീ സർവീസുകളാണ് റദ്ദ് ചെയ്തത്. അഹമ്മദാബാദ്, ഡൽഹി എന്നീ നഗരങ്ങളിൽ നിന്ന് മാത്രമാണ് സ്പൈസ് ജെറ്റ് അയോധ്യയിലേക്ക് സർവീസ് നടത്തുന്നത്. തെലുങ്കാന ബിജെപി പ്രസിഡന്റ് ജി.കിഷൻ റെഡ്ഡി കേന്ദ്ര വ്യോമയാന മന്ത്രിക്ക് മാർച്ച് 31ന് അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിച്ചത്.
ഒരു വിമാനക്കമ്പനി സർവീസുകൾ നിർത്തുന്നതിന് പ്രധാനമായി ചൂണ്ടിക്കാണിക്കുന്ന കാരണം ടിക്കറ്റ് വില്പനയിലെ കുറവാണ്. തുടക്കത്തിൽ പുതിയതായി പണി കഴിപ്പിച്ച അയോധ്യയിലെ രാമക്ഷേത്രം കാണുന്നതിന് യാത്രക്കാരുടെ അഭൂതപൂർവമായ തിക്കും തിരക്കുമുണ്ടായിരുന്നു. ഓരോ ദിവസം കഴിയുന്തോറും ഭക്തരുടേയും യാത്രക്കാരുടേയും ആവേശം കുറഞ്ഞു വരുന്നതാണ് കണ്ടത്. ഗണ്യമായി യാത്രക്കാർ കുറഞ്ഞതോടെ സർവീസുകൾ ലാഭകരമല്ലാതായ ഘട്ടത്തിലാണ് വിമാനങ്ങൾ റദ്ദുചെയ്തത്.
ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ നടത്തിയതിനു പിന്നാലെയാണ് വിവിധ നഗരങ്ങളിൽ നിന്ന് അയോധ്യയിലേക്ക് വിമാന സർവീസുകൾ ആരംഭിച്ചത്. തുടക്കത്തിൽ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പലയിടങ്ങളിൽ നിന്നും ടൂർ പാക്കേജുകൾ പ്രഖ്യാപിച്ച് ആളുകളെ അയോധ്യയിലേക്ക് എത്തിച്ചെങ്കിലും ആഴ്ചകൾക്കുളളിൽ തന്നെ യാത്രക്കാരുടെ ആവേശം കെട്ടടങ്ങുന്നതാണ് കണ്ടത്. അയോധ്യ ക്ഷേത്രം ഉൾപ്പെടുന്ന ഫൈസബാദ് ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ദയനീയമായി പരാജയപ്പെടുകയും ചെയ്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here