രാമനെ എന്തിന് ബിജെപിക്ക് വിട്ടുകൊടുക്കണമെന്ന് തരൂര്‍; “രാമക്ഷേത്രം സന്ദര്‍ശിക്കുന്ന നിലപാടില്‍ ഉറച്ച് നില്‍ക്കും”

തിരുവനന്തപുരം: ബിജെപി വരുന്നതിനു മുന്‍പ് തന്നെ അയോധ്യയുടെ പ്രാധാന്യം തിരിച്ചറിഞ്ഞവരാണ് ഹിന്ദുക്കള്‍ എന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. രാമന്‍ ജനിച്ച സ്ഥലത്ത് ക്ഷേത്രം പണിയുകയെന്നത് പല ഹിന്ദുക്കളുടെയും ആഗ്രഹമാണ്. എന്നാല്‍ രാമനെ ആരാധിക്കുന്നവരെല്ലാം ബിജെപിക്കാര്‍ അല്ല. രാമനെ ബിജെപിക്ക് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

രാമക്ഷേത്ര ഉദ്ഘാടനത്തോട് അനുബന്ധിച്ച് ശശി തരൂര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രീരാമചിത്രം പങ്കുവെച്ചത് വിവാദമായിരുന്നു. തിരുവനന്തപുരം ലോ കോളജില്‍ കെഎസ് യു നടത്തിയ പരിപാടിക്കെത്തിയ ശശി തരൂരിനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോസ്റ്റിനെചൊല്ലി പ്രതിഷേധ മുദ്രാവാക്യമുയര്‍ത്തി.

പോസ്റ്റിനെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ഒരു വരി ട്വീറ്റിന്റെ പേരിൽ താൻ സെക്യുലർ അല്ല എന്നാണ് എസ്എഫ്ഐ പറയുന്നതെന്നും തരൂർ വിമർശിച്ചു. അയോധ്യ സന്ദര്‍ശിക്കുന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്നും അതുകൊണ്ട് തന്‍റെ മതേതരത്വം ഇല്ലാതാകില്ലെന്നും തരൂര്‍ പ്രതികരിച്ചു.

“ബാബരി മസ്ജിദ് പൊളിച്ചതിനോട് ഞാന്‍ യോജിക്കുന്നില്ല. രാമന്റെ ജന്മഭൂമിയില്‍ ക്ഷേത്രം കെട്ടുന്ന വിവാദം സുപ്രീംകോടതി വിധിയോടെ അവസാനിച്ചു. പഴയ വിവാദങ്ങളെ കുത്തിപ്പൊക്കേണ്ട കാര്യമില്ല. മസ്ജിദ് പണിയാനും കോടതി അനുമതിയുണ്ട്. എന്നാല്‍ ചടങ്ങിനെ രാഷ്ട്രീയവല്‍ക്കരിച്ചതിനോട് യോജിക്കുന്നില്ല. കോണ്‍ഗ്രസ് എതിർത്തത് രാമക്ഷേത്രത്തെയല്ല, അവിടെ നടന്ന പരിപാടിയെ രാഷ്ട്രീയവൽക്കരിച്ചതിനെയാണ് ” ശശി തരൂര്‍ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top