അയോധ്യ രാമക്ഷേത്രം ചോര്‍ന്നൊലിക്കുന്നു; പ്രാണപ്രതിഷ്ഠ നടത്തിയത് അഞ്ച് മാസം മുന്‍പ്

അയോധ്യ രാമക്ഷേത്രത്തിന്റെ മേൽക്കൂരയ്ക്കു ചോർച്ച മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ആദ്യ മഴയില്‍ തന്നെ ചോര്‍ച്ച ദൃശ്യമായി എന്നാണ് അദ്ദേഹം പറഞ്ഞത്. ക്ഷേത്രത്തിൽനിന്നും വെള്ളം ഒലിച്ചുപോകാൻ സ്ഥലമില്ലെന്നും സത്യേന്ദ്ര ദാസ് പറയുന്നു. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയത്. പ്രാണപ്രതിഷ്ഠ നടത്തി ആറുമാസത്തിനകമാണ് ചോര്‍ച്ച ദൃശ്യമാകുന്നത്.
‘‘മഴ ശക്തമായാൽ ക്ഷേത്രത്തിൽ പ്രാർഥന നടത്തുന്നതു പ്രയാസമാകും. എഞ്ചിനീയര്‍മാര്‍ എല്ലാം ഇവിടെയുണ്ട്. പക്ഷെ മേൽക്കൂരയിൽനിന്ന് വെള്ളം ഒഴുകുകയാണ്. ഇങ്ങനെ സംഭവിക്കുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാവില്ല.’’– സത്യേന്ദ്ര ദാസ് പറഞ്ഞു. ഒന്നാം നില ചോർന്നൊലിക്കുന്നതായി സ്ഥിരീകരിച്ച ക്ഷേത്ര നിർമാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര മേൽക്കൂര നന്നാക്കുന്നതിനും വാട്ടർപ്രൂഫ് ചെയ്യുന്നതിനും നിർദേശം നൽകിയതായും വ്യക്തമാക്കി.
‘‘ഗുരു മണ്ഡപം ആകാശത്തേക്കാണ് തുറന്നു കിടക്കുന്നത്. അതിനാല്‍ ചോർച്ചയ്ക്കു സാധ്യതയുണ്ട്. എല്ലാ മണ്ഡപങ്ങളിലും വെള്ളം വാർന്നൊലിക്കാൻ ചെരിവുള്ളതിനാൽ ശ്രീകോവിലിൽ മാത്രമായി പ്രത്യേകം സൗകര്യമില്ല.” – നൃപേന്ദ്ര മിശ്ര പറഞ്ഞു. മൺസൂൺ മഴ ശക്തമായതോടെ അയോധ്യ നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here