അയോധ്യാപ്രതിഷ്ഠക്കൊപ്പം കുഞ്ഞ് ജനിക്കണം; ഡോക്ടർമാരിൽ സമ്മര്‍ദ്ദം ചെലുത്തി ദമ്പതികള്‍

ഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് കുഞ്ഞ് ജനിക്കുന്നത് ഉത്തമമെന്ന വിശ്വാസവുമായി ദമ്പതികള്‍. രാജ്യത്തെ നിരവധി ആശുപത്രികളില്‍ ഇന്നേദിവസം സിസേറിയന്‍ ചെയ്യാന്‍ പല ദമ്പതികളും നിര്‍ബന്ധിച്ചതായി മുംബൈ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിസ്റ്റ് സൊസൈറ്റിയുടെ പ്രസിഡന്റ് ഡോ.നിരൺജനുവരി ചവാൻ പറയുന്നു. ഇതേതുടര്‍ന്ന് രണ്ടും മൂന്നും ആഴ്ചകൾക്ക് ശേഷം പ്രസവം പ്രതീക്ഷിച്ചിരുന്ന പല കേസുകളും ഇന്നത്തേക്ക് സിസേറിയൻ ചെയ്യേണ്ട സാഹചര്യത്തിലെത്തി ആശുപത്രികൾ. കാൺപൂരിൽ നിന്നുള്ള അനൂപ് മിശ്ര-ഭാരതി ദമ്പതികൾ ഇങ്ങനെ തീയതി അഡ്ജസ്റ്റ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 7നായിരുന്നു ഭാരതിയുടെ പ്രസവം പ്രതീക്ഷിച്ചിരുന്നത്. ഇത്തരത്തിൽ 35 സിസേറിയൻ ശസ്ത്രക്രിയകളെങ്കിലും ഇന്നത്തേക്ക് നിശ്ചയിച്ചിട്ടുള്ളതായി കാൺപൂരിലെ മുതിർന്ന ഗൈനക്കോളജിസ്റ്റായ ഡോ സീമ ദ്വിവേദി പറയുന്നു.

ജനുവരി 22ന് ജനിക്കുന്ന കുഞ്ഞിന് ദീര്‍ഘായുസ്സും സമ്പത്തും ലഭിക്കുമെന്ന ജോല്‍സ്യന്മാരുടെ ഉപദേശമാണ് അയോധ്യാ ചടങ്ങിനോട് ചേർന്ന് കുഞ്ഞിന് ജന്മം നല്‍കണമെന്ന തീരുമാനത്തിലേക്ക് പലരെയും എത്തിച്ചത്. ഹിന്ദു വിശ്വാസം അനുസരിച്ച്, ഉത്തരായനം എന്നറിയപ്പെടുന്ന ഈ സമയം പുതിയ തുടക്കങ്ങള്‍ക്ക് അത്യുത്തമമാണ്.

രാജ്യത്തെമ്പാടുമുള്ള ആശുപത്രികളിൽ ഡോക്ടർമാർ ഈ സമ്മർദ്ദം നേരിട്ടു. അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യസ്ഥിതി പരിഗണിച്ച് മാത്രമേ ഇത് ചെയ്യാൻ കഴിയൂ എന്നതാണ് വെല്ലുവിളി. മുഹൂർത്തം പരിഗണിച്ചുള്ള സിസേറിയൻ അഭ്യർത്ഥനകൾ കഴിഞ്ഞ കുറേ നാളുകളായി ട്രെൻഡ് ആണെന്ന് ഡോക്ടർമാർ പറയുന്നു. മുംബൈ പോലുള്ള നഗരങ്ങളിലെ ആശുപത്രികളിൽ ഒരാഴ്ചയിൽ പത്ത് ഡെലിവറികൾ നടക്കുന്നെങ്കിൽ അതിൽ പകുതിയെങ്കിലും ഇത്തരം പരിഗണനകൾ കാരണം തീയതി അഡ്ജസ്റ്റ് ചെയ്യുന്ന സിസേറിയൻ ശസ്ത്രക്രിയകളാകുമെന്ന് ഡോ.ചെറി ഷായെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top