സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു; രൺബീർ അല്ല, ദാദയാകുന്നത് ആയുഷ്മാന്‍ ഖുറാന; ഇരുവരും കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. ജൂബിലി എന്ന വെബ്‌സീരീസ് ഒരുക്കിയ വിക്രമാദിത്യ മോട്ട്വാനെ ചിത്രം സംവിധാനം ചെയ്യും. ഇതിനായി നിര്‍മാതാവ് ലവ് രഞ്ജന്‍ കഴിഞ്ഞവര്‍ഷം കൊല്‍ക്കത്തയിലെത്തി സൗരവ് ഗാംഗുലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആയുഷ്മാന്‍ ഖുറാനയും സൗരവ് ഗാംഗുലിയും ഒന്നലധികം തവണ നേരില്‍ കണ്ടുവെന്നാണ് വിവരം. ഗാംഗുലിയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും പഠിക്കുന്നതിനുമായിരുന്നു കൂടിക്കാഴ്ച എന്ന് വൃത്തങ്ങള്‍ പറയുന്നു.

രണ്‍ബീര്‍ കപൂര്‍ ആയിരിക്കും ഗാംഗുലിയായി സ്‌ക്രീനില്‍ എത്തുക എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. നേരത്തേ തന്റെ ചിത്രത്തിന്റെ പ്രമോഷനായി കൊല്‍ക്കത്തിയില്‍ എത്തിയ രണ്‍ബീര്‍ ഗാംഗുലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയത്തില്‍ വച്ച് ഇരുവരും ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രണ്‍ബീര്‍ തന്റെ ബയോപിക്കില്‍ വേഷമിടുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ഗാംഗുലി ആ സമയത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ നറുക്കുവീണത് ആയുഷ്മാനാണ്. ഗാംഗുലിയെ പോലെ ഇടതുകൈ ഉപയോഗിച്ച് ബാറ്റ് ചെയ്യുന്ന ആളാണ് ആയുഷ്മാന്‍ ഖുറാനയും.

സൗരവും ആയുഷ്മാനും തമ്മില്‍ നിരവധി കൂടിക്കാഴ്ചകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇരുവരുടെയും തിരക്കുകള്‍ കാരണം പല മീറ്റിങ്ങുകളും നീണ്ടുപോകുകയാണ്. ഡല്‍ഹി ഐപിഎല്‍ ടീമിന്റെ ഉത്തരവാദിത്തങ്ങള്‍ കൂടാതെ, സൗരവ് തന്റെ ബ്രാന്‍ഡ് പ്രമോഷനുകള്‍, സീ ബംഗ്ലയുടെ ദാദാഗിരി റിയാലിറ്റി ഷോ എന്നിവയുടെയും തിരക്കിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top