കര്‍ണാടക മുന്‍മന്ത്രി അറസ്റ്റില്‍; ഇഡി നടപടി 187 കോടിയുടെ അഴിമതിയില്‍

കർണാടക മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ ബി.നാഗേന്ദ്ര അറസ്റ്റിലായി. വാത്മീകി വികസന കോർപറേഷൻ അഴിമതിക്കേസിലാണ് ഇഡി അറസ്റ്റ്. 187 കോടി രൂപയുടെ അഴിമതി നടത്തിയെന്നതാണ് നാഗേന്ദ്രയ്ക്കെതിരെയുള്ള കേസ്.
ഇന്നലെ രാവിലെ ഇഡി വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. മന്ത്രിക്കെതിരെ കുറിപ്പ് എഴുതിവച്ച് വാത്മീകി വികസന കോർപറേഷൻ ചീഫ് അക്കൗണ്ടന്റ് പി.ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്ത വിവാദ അഴിമതിക്കേസ് ആണിത്.
നേരത്തെ നാഗേന്ദ്രയുടെയും മറ്റൊരു എംഎൽഎയുടെയും വീടുകളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. അനധികൃതമായി തെലങ്കാന, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ പല അക്കൗണ്ടുകളിലേക്ക് കോർപറേഷനിൽനിന്ന് പണം കടത്തിയെന്നാണ് കേസ്. മന്ത്രിയായിരുന്ന നാഗേന്ദ്ര നേരിട്ട് നിർദേശിച്ച പ്രകാരമാണ് പണം തിരിമറി നടത്തിയതെന്നും കേസ് വരുമെന്നായപ്പോൾ മന്ത്രിയടക്കം ചേർന്ന് തന്നെ ബലിയാടാക്കിയെന്നുമാണ് ആത്മഹത്യാകുറിപ്പില്‍ ചന്ദ്രശേഖരന് ആരോപിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here