മുൻ ഡിജിപി ബി.സന്ധ്യയ്ക്ക് വിരമിച്ച ശേഷവും ഓർഡർലിമാർ വേണം; അനധികൃതമായി ഒപ്പം നിർത്തിയവരെ സ്ഥിരപ്പെടുത്താൻ വളഞ്ഞ വഴി; പോലീസുകാരെ പിൻവലിച്ച് ഡിജിപി

തിരുവനന്തപുരം: വിരമിച്ച ശേഷവും ബി.സന്ധ്യ അകമ്പടി പോലീസുകാരെ തിരിച്ചയച്ചില്ല. വിവരമറിഞ്ഞ ഡിജിപി കർശന നടപടിക്ക് നിർദേശിച്ചു. സന്ധ്യക്ക് ഒപ്പം ഉണ്ടായിരുന്ന മൂന്ന് പോലീസുകാരെ ഉടനടി തിരിച്ചെടുക്കുകയും അവർക്ക് കർശന താക്കീത് നൽകുകയും ചെയ്തു.

കഴിഞ്ഞ വർഷം മാർച്ചിലാണ് ബി.സന്ധ്യ വിരമിച്ചത്. ഓർഡർലി പോലീസുകാരെ അതിന് ശേഷവും തിരിച്ചയച്ചില്ല. ഇക്കഴിഞ്ഞ ജനുവരിയിൽ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (RERA) മെമ്പർ സെക്രട്ടറിയായി സന്ധ്യക്ക് സർക്കാർ നിയമനം നൽകി. അതിനു പിന്നാലെയാണ് പോലീസുകാരുടെ നിയമനം റെഗുലറൈസ് ചെയ്യാൻ പോലീസ് ആസ്ഥാനത്തേക്ക് കത്തയച്ചത്. പോലീസുകാരെ തൻ്റെ ഓഫീസ് ഡ്യൂട്ടിക്ക് വിട്ടുനൽകണം എന്നായിരുന്നു ആവശ്യം. അനധികൃത നടപടി ചട്ടപ്പടി ആക്കിയെടുക്കാനുള്ള വളഞ്ഞ വഴി ആയിരുന്നു ഇത്. ഇത്ര കാലമായി പോലീസുകാർ വിരമിച്ച ഉദ്യോഗസ്ഥയുടെ ഒപ്പം തുടരുന്ന വിവരം ഇതോടെയാണ് അധികൃതർ അറിഞ്ഞത്. തന്ത്രം മനസ്സിലാക്കിയ ഡിജിപി അടക്കമുള്ളവർ പ്രകോപിതരുമായി. റെറ (RERA) മെമ്പർ സെക്രട്ടറിക്ക് ഒപ്പം പോലീസുകാരെ നൽകാൻ വകുപ്പില്ലെന്ന് ഡിജിപിയുടെ നിർദേശപ്രകാരം മറുപടി നൽകി. ഇതിനൊപ്പമാണ് ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ തീരുമാനം ആയത്.

പോലീസ് സേനയിൽ ആൾക്ഷാമമുള്ളത് കൊണ്ട് പല സ്ഥലത്തായി ജോലി ചെയ്യുന്നവരെ തിരിച്ചു കൊണ്ടുവരാൻ നടപടി സ്വീകരിച്ചിരുന്നു. നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ആവശ്യത്തിലധികം ഓർഡർലിമാരെ കൂടെ നിർത്തുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനിടെയാണ് റിട്ടയർ ചെയ്ത ഉദ്യോഗസ്ഥ അനുമതിയില്ലാതെ ഓർഡർലി സേവനം ഉപയോഗിച്ചത് കണ്ടെത്തിയത്.

വിരമിച്ച ഉദ്യോഗസ്ഥരിൽ മറ്റു ചിലരും ഇത്തരം സൗകര്യം അനധികൃതമായി ഉപയോഗിക്കുന്നതായി സന്ധ്യയെ അനുകൂലിക്കുന്ന ഉദ്യോഗസ്ഥർ വാദം ഉയർത്തുന്നുണ്ട്. എന്നാൽ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് പലരും ഇത് ചെയ്യുന്നത്. മുൻ പോലീസ് മേധാവിമാരായ ടിപി സെൻകുമാർ, ലോക്നാഥ് ബെഹ്റ എന്നിവർക്കൊപ്പം പോലീസുകാരുണ്ട്. വിവിധ തീവ്രവാദ സംഘടനകളുടെ ഭീഷണി ഇവർക്കുണ്ട് എന്ന സംസ്ഥാന സെക്യൂരിറ്റി കമ്മിഷൻ (State Security Commission) വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ ഔദ്യോഗികമായി തന്നെ അനുവദിച്ചിരിക്കുന്നതാണ് ഇത്.

ചില ഉദ്യോഗസ്ഥർ ഓർഡർലിമാരോട് അപമര്യാദയായി പെരുമാറുന്നതിന്റെ പേരിൽ കേസുകൾ വരെ ഉണ്ടായിട്ടുണ്ട്. ഗാർഹികവും വ്യക്തിപരവുമായ ആവശ്യങ്ങൾക്ക് ഒരു മര്യാദയുമില്ലാതെ പോലീസുകാരെ ഉപയോഗിക്കുന്ന ഐപിഎസ് പ്രമുഖരുണ്ട്. ഗവാസ്കർ എന്ന പോലീസ് ഡ്രൈവറെ മർദ്ദിച്ചതിൻറെ പേരിൽ മുൻ ഡിജിപി സുദേഷ് കുമാറിൻ്റെ മകൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് പൊലീസ് കോൺസ്റ്റബിൾമാരെ ഓർഡർലിമാരായി നിയോഗിക്കുന്നത് നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് ജോലിക്ക് പോലീസുകാരെ തിരിച്ചു വിളിക്കുന്നതായി കാണിച്ചാണ് സന്ധ്യക്ക് ഒപ്പമുള്ള പോലീസുകാരെ ഡിജിപി മടക്കിയത്. അനുമതിയില്ലാതെ പോയതിന് പോലീസുകാർക്ക് താക്കീതും നൽകിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top