ആദ്യം ലക്ഷ്യമിട്ടത് സല്‍മാന്‍ ഖാനെ; കനത്ത സുരക്ഷ കാരണം അടുത്തെത്താന്‍ പോലും കഴിഞ്ഞില്ലെന്ന് പ്രതികള്‍
എന്‍സിപി നേതാവ് ബാബ സിദ്ദിഖിയെ വെടിവച്ച് കൊല്ലാന്‍ ശ്രമിക്കുംമുന്‍പ് ആദ്യ ലക്ഷ്യം ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ഖാന്‍ ആയിരുന്നു എന്ന് പ്രതികള്‍. കനത്ത സുരക്ഷ കാരണം സല്‍മാന്റെ അടുത്ത് എത്താന്‍ പോലും കഴിയാതെ ആയതോടെയാണ് ബാബ സിദ്ദിഖിയെ വധിച്ചതെന്നും പ്രതികള്‍ പറഞ്ഞു.
ഒക്‌ടോബർ 12ന് എംഎല്‍എയായ മകൻ സീഷാൻ സിദ്ദിഖിന്‍റെ ബാന്ദ്ര ഈസ്റ്റ് ഓഫീസിന് പുറത്ത് വെച്ചാണ് എന്‍സിപി നേതാവായ ബാബ സിദ്ദിഖി (66) വെടിയേറ്റ് മരിച്ചത്. ഉടൻ തന്നെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഏപ്രിൽ 14ന് രാത്രി സൽമാൻ ഖാന്‍റെ ബാന്ദ്രയിലെ വസതിക്ക് പുറത്ത് ബൈക്കിലെത്തിയ രണ്ട് അക്രമികൾ വീടിന് നേരെ വെടിയുതിർത്തിരുന്നു. വെടിവയ്പ്പ് നടത്തിയ വിക്കി ഗുപ്തയും സാഗർ പാലും പിന്നീട് ഗുജറാത്തിൽ വച്ചാണ് പിടിയിലായത്. ലോറൻസ് ബിഷ്‌ണോയി സംഘമാണ് സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
കഴിഞ്ഞ മാസം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനെന്ന് അവകാശപ്പെട്ട് ഒരാൾ സൽമാൻ ഖാനെതിരെ ഭീഷണി മുഴക്കിയിരുന്നു. കൃഷ്ണമൃഗത്തെ കൊന്നതിന് ക്ഷേത്രം സന്ദർശിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കിൽ 5 കോടി രൂപ നൽകണമെന്നുമാണ് വിളിച്ചയാൾ ആവശ്യപ്പെട്ടത്. സൽമാൻ ഖാന് വൈ പ്ലസ് സുരക്ഷയും വസതിക്ക് പുറത്ത് ശക്തമായ പോലീസ് സന്നാഹവും ഒരുക്കിയിട്ടുണ്ട്.
1998 ഒക്ടോബർ ഒന്നിനു ജോധ്പുരിനു സമീപം നടന്ന കൃഷ്ണമൃഗവേട്ടയുമായി ബന്ധപ്പെട്ട കേസിൽ സല്‍മാന്‍ഖാന് കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചിരുന്നു. ബിഷ്‌ണോയ് സമുദായം പവിത്രമായി കാണുന്ന കൃഷ്ണ മൃഗത്തെ വേട്ടയാടിയത് വെളിയില്‍ വന്നതോടെയാണ് ലോറന്‍സ് ബിഷ്ണോയി അധോലോക സംഘം അദ്ദേഹത്തിന് എതിരെ തിരിയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here