ബാബ സിദ്ദിഖി വധത്തില്‍ പ്രതിയുടെ കള്ളം കോടതി പൊളിച്ചു; പ്രായപൂര്‍ത്തി ആയെന്ന് തെളിഞ്ഞത് ബോണ്‍ ഓസിഫിക്കേഷന്‍ ടെസ്റ്റില്‍
എന്‍സിപി അജിത് പവാര്‍ വിഭാഗത്തിന്‍റെ നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ പിടിയിലായ ധര്‍മരാജ് കശ്യപിന്‍റെ കള്ളം കോടതി പൊളിച്ചു. തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. ഇതോടെ ബോണ്‍ ഓസിഫിക്കേഷന്‍ പരിശോധന നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു. അസ്ഥി സംയോജന അളവ് വിശകലനം ചെയ്ത് ഒരു വ്യക്തിയുടെ പ്രായം കണക്കാക്കുന്ന രീതിയാണ് ബോണ്‍ ഓസിഫിക്കേഷന്‍.
പ്രതി കോടതിയില്‍ പറഞ്ഞത് തനിക്ക് 17 വയസാണ് പ്രായം എന്നായിരുന്നു. എന്നാല്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ച് പോലീസ് സംശയനിവൃത്തി വരുത്തി. ഇയാള്‍ ജനിച്ചത് 2003ലാണ്. 21 വയസ്സായി എന്നും പോലീസ് വ്യക്തമാക്കി. ആധാര്‍ കാര്‍ഡില്‍ ഫോട്ടോ ധര്‍മരാജിന്റെത് ആണെങ്കിലും വേറൊരു പേരാണ് ഉണ്ടായിരുന്നത്. ജനനസര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും കണ്ടെടുക്കാന്‍ കഴിഞ്ഞതുമില്ല. ഇതോടെയാണ് ബോണ്‍ ഓസിഫിക്കേഷന്‍ ടെസ്റ്റ് നടത്താന്‍ കോടതി ഉത്തരവിട്ടത്.
സിദ്ദിഖിയുടെ കൊലപാതകത്തില്‍ രണ്ട് പ്രതികളാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. ധര്‍മരാജും ഗുര്‍മൈല്‍ ബാല്‍ജിത്ത് സിങ്ങും. സിദ്ദിഖിയെ വെടിവച്ച ശിവകുമാര്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.
ശനിയാഴ്ച രാത്രിയാണ് ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ചത്. മകനും ബാന്ദ്ര എംഎല്‍എയുമായ സീഷാന്‍റെ ഓഫീസിന് പുറത്ത് നിന്നാണ് അദ്ദേഹത്തിന് വെടിയേറ്റത്. ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ലോറന്‍സ് ബിഷ്ണോയുടെ സംഘമാണ് കൊലപാതകത്തിന് പിന്നില്‍ എന്ന വിവരമാണ് പോലീസ് പുറത്തുവിട്ടത്. അറസ്റ്റിലായ രണ്ടുപേര്‍ക്കും ഈ അധോലോക സംഘവുമായി ബന്ധമുണ്ട്. കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവവുമായി ബന്ധപ്പെട്ടാണ് ലോറന്‍സ് ബിഷ്ണോയി സല്‍മാന്‍ഖാനെതിരെ ഭീഷണി ഉയര്‍ത്തിയത്. 1998 മുതൽ ലോറൻസ് ബിഷ്‌ണോയിയുടെ അധോലോക സംഘത്തിന്റെ ഭീഷണി താരം നേരിടുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here