ഫ്യൂസ് ഊരരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം കെഎസ്ഇബി ലംഘിച്ചെന്ന് ട്രാവൻകൂർ സിമന്റ്സ് ചെയര്‍മാന്‍; നടപടി ന്യായീകരിക്കാന്‍ കഴിയില്ല; കമ്പനിയുടെ പ്രതിസന്ധി ഇരട്ടിച്ചെന്നും ബാബു ജോസഫ്
കോട്ടയം: കുടിശികയുടെ പേരില്‍ ഫ്യൂസ് ഊരരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കെഎസ്ഇബി ലംഘിച്ചെന്ന് ട്രാവൻകൂർ സിമന്റ്സ് ചെയര്‍മാന്‍ ബാബു ജോസഫ്. മുന്‍ കാലങ്ങളില്‍ വരുത്തിയ കുടിശികയാണത്. നിലവിലെ ബില്‍ തുക മുടങ്ങിയിട്ടില്ല. ന്യായീകരിക്കാന്‍ കഴിയാത്ത നടപടിയാണ് കെഎസ്ഇബിയുടെതെന്നും ബാബു ജോസഫ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. രണ്ട് കോടി ബില്‍ തുക കുടിശികയായതിനെ തുടര്‍ന്ന് കെഎസ്ഇബി ട്രാവൻകൂർ സിമന്റ്സിന്റെ ഫ്യൂസ് ഊരിയ നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ബാബു ജോസഫ്.
” സര്‍ക്കാര്‍ തലത്തില്‍ വന്ന ചര്‍ച്ചയെ തുടര്‍ന്ന് കുടിശിക ഗഡുക്കള്‍ ആയി അടയ്ക്കാന്‍ ധാരണയാക്കിയതാണ്. ഇത് അടച്ചു പോരുന്നതാണ്. പക്ഷെ സാമ്പത്തിക പ്രതിസന്ധിവന്നതോടെ പഴയ കുടിശിക മുടങ്ങി. അതിന്റെ പേരിലാണ് കെഎസ്ഇബി ഫ്യൂസ് ഊരിയത്. സിമന്റ്സ് നിര്‍മാണം നടക്കുന്നുണ്ട്. അതിനാല്‍ ഫ്യൂസ് ഊരിയതോടെ കാര്യങ്ങള്‍ അവതാളത്തിലാണ്. കണക്ഷന്‍ പുന:സ്ഥാപിച്ചിട്ടില്ല. കെഎസ്ഇബിയുമായി ചര്‍ച്ച നടക്കുന്നുണ്ട്-ബാബു ജോസഫ് പറഞ്ഞു.
100 കോടിയോളം രൂപ പ്രവര്‍ത്തന നഷ്ടത്തിലാണ് ട്രാവൻകൂർ സിമന്റ്സ് പ്രവര്‍ത്തിക്കുന്നത്. 40 കോടിയോളം അടിയന്തിരമായി കൊടുത്ത് തീര്‍ക്കാനുമുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് കുടിശിക മുടങ്ങിയത്. ആറുമാസമായി ജീവനക്കാരുടെ ശമ്പളം മുടങ്ങിക്കിടക്കുകയാണ്. അത് കൊടുത്ത് തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ പഴയ കുടിശികയും മുടങ്ങി. കൊച്ചിയിലും കോട്ടയത്തും രണ്ടേക്കര്‍ വീതം ഭൂമി ട്രാവന്‍കൂര്‍ സിമന്റ്സിനുണ്ട്. ഇത് വിറ്റ് പരിഹരിക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനിടയിലാണ് കെഎസ്ഇബി നടപടി കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here