അവള്‍ കേരളത്തിന്റെ മകളായി; ഇനി ചികിത്സ ജനറല്‍ ആശുപത്രിയില്‍; മുലപ്പാല്‍ മുതല്‍ എല്ലാമൊരുക്കി

ജാര്‍ഖണ്ഡ് സ്വദേശികള്‍ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശു ഇനി കേരളത്തിന്റെ മകള്‍. കുഞ്ഞിന്റെ ചികിത്സയും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുത്തു. ലൂര്‍ദ്ദ് ആശുപത്രിയില്‍ നിന്നും എറണാകുളം ജനറല്‍ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചു. തുടര്‍ന്നുള്ള വിദഗ്ധ പരിചരണം ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ ടീമിനേയും നിയോഗിച്ചിട്ടുണ്ട്.

ജനറല്‍ ആശുപത്രിയിലെ പീഡിയാട്രീഷ്യന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ന്യൂ ബോണ്‍ കെയറില്‍ പരിശീലനം നേടിയ നഴ്സ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ എന്നിവരടങ്ങുന്ന സംഘമാണ് കുഞ്ഞിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. സ്പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ള കുഞ്ഞ് ഇപ്പോഴും ഓക്സിജന്‍ സപ്പോര്‍ട്ടിലാണ്. കുഞ്ഞിന് നിലവില്‍ ഒരു കിലോ ഭാരമുണ്ട്. തലയില്‍ ചെറിയ രക്തസ്രാവമുണ്ട്. ഓറല്‍ ആന്റിബയോട്ടിക് ചികിത്സ തുടരുന്നുണ്ട്. ഒരു മാസത്തോളം തീവ്ര പരിചരണം ആവശ്യമാണ്.

ആശുപത്രിയിലെ പീഡിയാട്രീഷ്യന്‍ ഡോ. വിജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് കുഞ്ഞിന്റെ ചികിത്സാ മേല്‍നോട്ടം വഹിക്കും. ബന്ധുക്കളാരും ഇല്ലാത്തതിനാല്‍ കുഞ്ഞിന്റെ പ്രത്യേക പരിചരണത്തിന് ന്യൂബോണ്‍ കെയറിലെ നഴ്സുമാരെ നിയോഗിച്ചു. കുഞ്ഞിന് മുലപ്പാല്‍ ബാങ്കില്‍ നിന്നും മുലപ്പാല്‍ ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ വനിത ശിശുവികസന വകുപ്പിന്റെ കെയര്‍ ടേക്കര്‍മാരേയും നിയോഗിക്കും.

കുഞ്ഞിന്റെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവിന്റെ തുക ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിശ്ചയിക്കുന്ന പ്രകാരം വനിത ശിശുവികസന വകുപ്പിന്റെ ബാലനിധിയിലൂടെ അനുവദിക്കും. മാതാപിതാക്കള്‍ തിരിച്ചു വരുന്നെങ്കില്‍ കുഞ്ഞിനെ അവര്‍ക്ക് കൈമാറും. മാതാപിതാക്കള്‍ക്ക് എത്തിയില്ലെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top