ആശ്രമം തീവച്ച കേസിലെ അന്വേഷണ മികവിന് ബാഡ്ജ് ഓഫ് ഓണർ; സർക്കാരിൻ്റെ മുഖംരക്ഷിച്ച മറ്റ് കേസുകളിലും ഉദ്യോഗസ്ഥർക്ക് അംഗീകാരം
തിരുവനന്തപുരം: 2018ൽ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ പിടികൂടിയത് ഇക്കഴിഞ്ഞ വർഷം മെയ് മാസത്തിൽ. ഇതിലെ മികവിനാണ് അന്വേഷണസംഘത്തെ നയിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം നൽകുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് -1 എസ്പി വി.സുനിൽകുമാർ, ഡിവൈഎസ്പി എം.ഐ.ഷാജി എന്നിവരെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഏറ്റവും ഉയർന്ന ബഹുമതിക്കായി തിരഞ്ഞെടുത്തത്.
2018 ഒക്ടോബർ 27ന് പുലർച്ചെ ആണ് പൂജപ്പുര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുണ്ടമൺകടവിലെ സാളഗ്രാമം എന്ന ആശ്രമത്തിന് അജ്ഞാതർ തീവച്ചത്. ഇടത് സഹയാത്രികനായ സ്വാമിക്കെതിരെ സംഘപരിവാറിൻ്റെ തിരിച്ചടിയാണെന്നും, അതല്ല, രാഷ്ട്രിയ മുതലെടുപ്പിന് സ്വാമി തന്നെ ചെയ്യിച്ചതാണെന്നുമെല്ലാം വിവാദം കൊഴുത്തു. ലോക്കൽ പോലീസിൻ്റെ അന്വേഷണം എങ്ങുമെത്താതെ വന്നപ്പോൾ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. തുടർന്നാണ് ഇക്കഴിഞ്ഞ വർഷം മെയ് മാസത്തിൽ പ്രതികളെ പിടികൂടിയത്. ബിജെപിയുടെ കൗൺസിലറടക്കം പ്രാദേശിക നേതാക്കളാണ് അറസ്റ്റിലായത്.
2011ൽ മാറനല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത ഇരട്ട തിരോധാനക്കേസിലെ കണ്ടെത്തലിനാണ് മറ്റൊരു അംഗീകാരം. അമ്മയുടെയും മകളുടെയും തിരോധാനം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്യാൻ നേതൃത്വം നൽകിയ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി.ശിൽപ, അഡീഷണൽ എസ്പി എം.കെ.സുൽഫിക്കർ എന്നിവർക്കാണ് ഈ കേസിൽ ബാഡ്ജ് ഓഫ് ഓണർ അനുവദിച്ചത്.
രാജ്യാന്തരതലത്തിൽ കേരളത്തിന് ഏറെ കുപ്രസിദ്ധി ഉണ്ടാക്കിയ കോവളത്തെ വിദേശവനിതയുടെ കൊലപാതകം അന്വേഷിച്ച് പ്രതികളെ പിടികൂടിയ അസിസ്റ്റൻ്റ് കമ്മിഷണർ ജെ.കെ.ദിനിലിനും ഇത്തവണ ബാഡ്ജ് ഓഫ് ഓണറുണ്ട്. ലാത്വിയക്കാരി ലിഗ സ്ക്രൊമെയ്നെ കോവളത്തിന് സമീപത്ത് കണ്ടൽക്കാട്ടിൽ എത്തിച്ച് ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെയും ജീവിതാവസാനം വരെ കഠിനതടവിനാണ് കോടതി ശിക്ഷിച്ചത്.
സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ കൊല്ലത്തെ വിസ്മയയുടെ കേസ് അന്വേഷിച്ച ഡിവൈഎസ്പി രാജ്‌കുമാറിനെയും അന്വേഷണമികവിനുള്ള ബാഡ്ജ് ഓഫ് ഓണറിന് തിരഞ്ഞെടുത്തു. കേരളത്തിലും പുറത്തും ഏറെ ചർച്ച ചെയ്യപ്പെട്ട ഈ കേസിൽ ആത്മഹത്യാപ്രേരണക്കാണ് ഭർത്താവിനെ പ്രതിചേർത്തത്. പോലീസ് ചുമത്തിയ കുറ്റങ്ങളെല്ലാം ശരിവച്ച കോടതി, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരൺകുമാറിനെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്.
ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ, ഐജി ജി.സ്പർജൻ കുമാർ എന്നിവരും ഇത്തവണത്തെ ബാഡ്ജ് ഓഫ് ഓണർ പട്ടികയിലുണ്ട്. ഇവരടക്കം 269 ഉദ്യോഗസ്ഥർക്കാണ് വിവിധ അന്വേഷണങ്ങളിൽ പുലർത്തിയ മികവ് കണക്കിലെടുത്ത് അംഗീകാരം നൽകുന്നത്. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here