ബഹ്റൈന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ അധ്യാപകര്‍ നന്ദി പറഞ്ഞത് ആന്റോ ആന്റണി എംപിയ്ക്ക്; മോചനത്തില്‍ എംപിയുടെ പങ്ക് ചൂണ്ടിക്കാട്ടിയത് അംബാസഡര്‍; മനം നിറഞ്ഞെന്ന് പത്തനംതിട്ട എംപി മാധ്യമ സിന്‍ഡിക്കറ്റിനോട്
തിരുവനന്തപുരം: ബിഎഡ് സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ അയോഗ്യത ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് അറസ്റ്റിലായി ബഹ്റൈന്‍ ജയിലില്‍ കഴിഞ്ഞ മലയാളികള്‍ അടക്കമുള്ള മുപ്പതോളം ഇന്ത്യക്കാര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത് ബുധനാഴ്ചയാണ്. അവരെ സ്വീകരിച്ച ഇന്ത്യന്‍ അംബാസഡര്‍ ഒരേ ഒരു കാര്യമാണ് ചൂണ്ടിക്കാട്ടിയത്. നിങ്ങളുടെ മോചനത്തിനായി ബന്ധപ്പെട്ടത് പത്തനംതിട്ട എംപിയായ ആന്റോ ആന്റണിയാണ്. നന്ദി പറയേണ്ടത് ആ എംപിയോടാണ്. സന്തോഷാശ്രുക്കള്‍ നിറഞ്ഞ കണ്ണുകളോടെ അവര്‍ ആദ്യം വിളിച്ച് നന്ദി പറഞ്ഞത് ആന്റോ ആന്റണിയേയും.
തങ്ങളുടെതല്ലാത്ത കുറ്റത്തിന് ബലിയാടായ അധ്യാപകരാണ് കഴിഞ്ഞ ദിവസം ജയില്‍ മോചിതരായത്. ഇവരുടെ ബിഎഡ് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച സ്വകാര്യ ഏജന്‍സി ബഹ്റൈന്‍ അധികൃതര്‍ക്ക് നല്‍കിയ വിവരമാണ് തിരിച്ചടിയായത്. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരമില്ലെന്ന വിവരമാണ് അവര്‍ ബഹ്റൈന്‍ അധികൃതര്‍ക്ക് നല്‍കിയത്. ഇതോടെ വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എന്ന കുറ്റം വന്നു. അധ്യാപകര്‍ ജയിലിലാവുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠിച്ചിറങ്ങിയതാണ് ഇവരില്‍ പലരും. പഠിച്ച ചില സര്‍വ്വകലാശാലകള്‍ക്ക് പിന്നീട് അംഗീകാരം നഷ്ടമായി. ചിലത് പേര് മാറ്റി. ഈ സാങ്കേതികത്വം സര്‍ട്ടിഫിക്കറ്റുകളെ ബാധിച്ചു. അപ്പോഴാണ് ആന്റോ ആന്റണിയുടെ ഇടപെടല്‍ വന്നത്. വിവരം അറിഞ്ഞത് മുതല്‍ അധ്യാപകര്‍ ജയില്‍ മോചിതരാകുന്നത് വരെ എംപി ഒപ്പം നിന്നു.
‘യാദൃശ്ചികമായാണ് ഞാന്‍ ഈ വിവരം അറിഞ്ഞത്. പത്തനംതിട്ട സ്വദേശിയാണ് എനിക്ക് വിവരം കൈമാറിയത്. ഇവരുടെതല്ലാത്ത കുറ്റത്തിനാണ് ജയില്‍വാസമെന്ന് മനസിലായപ്പോള്‍ മോചനം സാധ്യമാക്കണമെന്ന് തോന്നി’-ആന്റോ ആന്റണി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ബഹ്റൈന്‍ എംബസിയെ വിദേശകാര്യമന്ത്രാലയം വഴി നിരന്തരം ബന്ധപ്പെട്ടു. പ്രശ്നം വിദേശകാര്യമന്ത്രാലയത്തിനും ഇന്ത്യന്‍ എംബസിയ്ക്കും ബോധ്യമായി. അതോടെയാണ് മോചനം സാധ്യമായത്. എന്റെയും മനം നിറഞ്ഞു-ആന്റോ ആന്റണി പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള റാങ്ക് ഹോള്‍ഡേഴ്സാണ് ഇവരില്‍ പലരും. എംഫിലും പിഎച്ച്ഡിയും എടുത്തവരാണിവര്‍. പത്തും പതിനഞ്ചും വര്‍ഷമായി അവിടെ ജോലി ചെയ്യുന്നവരുമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവരും ഇതില്‍പ്പെട്ടിട്ടുണ്ട്. എല്ലാവരും പുറത്തിറങ്ങി. ചില കോളേജുകള്‍ നിലവിലില്ല, സര്‍വ്വകലാശാലകള്‍ പേര് മാറ്റി, കോളേജുകള്‍ പേര് മാറ്റി. ചില സര്‍വ്വകലാശാലകള്‍ക്ക് അംഗീകാരം നഷ്ടമായി. വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിച്ച കാര്യമാണിത്. അങ്ങനെ പല പ്രശ്നങ്ങളും നിലവിലുണ്ട്.
അവര്‍ പഠിച്ച കാലത്ത് എല്ലാ കോളേജുകളും സര്‍വ്വകലാശാലകളും നിലനിന്നതാണ്. സര്‍വ്വകലാശാല അംഗീകരിച്ച എംബസി അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളാണ് ഇവരുടെ കയ്യിലുള്ളത്. ഇപ്പോള്‍ അന്വേഷിക്കുമ്പോള്‍ അങ്ങനെ ഒരു സര്‍വ്വകലാശാല നിലവിലില്ല. ഇതാണ് പ്രശ്നമായത്. എല്ലാവരും പുറത്തിറങ്ങി-ആന്റോ ആന്റണി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here