മന്ത്രിക്ക് എതിരായ കേസില്‍ സ്വതന്ത്രാന്വേഷണം നടക്കില്ല; സിബിഐ അന്വേഷണമാണ് വേണ്ടതെന്ന് ഹര്‍ജി നല്‍കിയ അഭിഭാഷകന്‍

ഭരണഘടനയെ ബഹുമാനിക്കേണ്ട ഉത്തരവാദിത്തം മന്ത്രി എന്ന നിലയില്‍ സജി ചെറിയാനില്‍ നിക്ഷിപ്തമാണെന്ന് അഡ്വ. ബൈജു നോയല്‍. അദ്ദേഹം ഭരണഘടനയെ അപമാനിച്ചിട്ടുണ്ടെങ്കില്‍ നിയമനടപടിയെ നേരിടേണ്ടതുണ്ട്. സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ ഹൈക്കോടതിയെ സമീപിച്ച ബൈജു നോയല്‍ പറഞ്ഞു.
Also Read: രാജി ഇല്ലെന്ന് സജി ചെറിയാന്‍; ഹൈക്കോടതി വിധിക്ക് എതിരെ നിയമപരമായി മുന്നോട്ട് പോകും
“മന്ത്രിയുടെ പേരിലുള്ള അന്വേഷണമായതിനാല്‍ പോലീസിന് സമ്മര്‍ദം വരും. അത് കേസ് അന്വേഷണത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. മന്ത്രിയുടെ പ്രസംഗം കേട്ട ആളുകളുടെ മൊഴി കോടതിയില്‍ എത്തിയിട്ടില്ല. ഒരു കാരണവശാലും മന്ത്രിയുടെ പ്രസംഗം കേട്ട പാര്‍ട്ടിക്കാര്‍ മന്ത്രിക്ക് എതിരെ മൊഴി നല്‍കില്ല. മന്ത്രിക്ക് എതിരായ കേസ് പോലീസ് അന്വേഷിച്ചാല്‍ ഫലം കാണില്ല എന്നുള്ളതിനാലാണ് സിബിഐ അന്വേഷണത്തിന് ആവശ്യപ്പെട്ടത്. സ്വതന്ത്ര അന്വേഷണമാണ് ഈ കേസില്‍ ആവശ്യം. സജി ചെറിയാന്‍ പ്രസംഗിച്ച സ്റ്റേജില്‍ എംഎല്‍എമാരുമുണ്ടായിരുന്നു. ഇവരാരും പ്രസംഗം തെറ്റ് എന്ന് പറഞ്ഞിട്ടില്ല.” – ബിജു നോയല്‍ പറഞ്ഞു.
ഭരണഘടനക്ക് എതിരെയുള്ള പരാമര്‍ശങ്ങളിലൂടെ വിവാദമായ മന്ത്രി സജി ചെറിയാന്‍റെ മല്ലപ്പളളി പ്രസംഗത്തിൽ തുടര്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. പ്രസംഗത്തില്‍ മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പോലീസ് റിപ്പോര്‍ട്ട് തള്ളിയാണ് കോടതി ഉത്തരവ്.
ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന ആരോപണം നിൽനിൽക്കുന്നില്ല എന്നായിരുന്നു പൊലീസിന്‍റെ നേരത്തെയുളള കണ്ടെത്തൽ. പ്രസംഗം വിവാദമായതോടെ മന്ത്രി രാജിവച്ചിരുന്നു. പോലീസ് റിപ്പോര്‍ട്ട് അനുകൂലമായതോടെയാണ് വീണ്ടും മന്ത്രിയായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here